Image

ഭാര്യയുടെ മുന്നിലിട്ട് കോണ്‍ഗ്രസ് നേതാവിന്റെ കൈകള്‍ വെട്ടി;കാലുകള്‍ അടിച്ചൊടിച്ചു

Published on 07 November, 2012
ഭാര്യയുടെ മുന്നിലിട്ട് കോണ്‍ഗ്രസ് നേതാവിന്റെ കൈകള്‍ വെട്ടി;കാലുകള്‍ അടിച്ചൊടിച്ചു
കായംകുളം: യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ നാലംഗസംഘം വീട്ടില്‍ കയറി ഭാര്യയുടെ മുന്നിലിട്ട് വെട്ടി. വെട്ടേറ്റ് ഇരുകൈകള്‍ക്കും മാരകമായ പരിക്കുണ്ട്. ഇരുമ്പുവടികൊണ്ട് കാലുകള്‍ അടിച്ചൊടിച്ചു. ഭരണിക്കാവ് തെക്കേമങ്കുഴി കൈതവന കിഴക്കതില്‍ ലക്ഷ്മീനിവാസില്‍ രഘുചന്ദ്ര(35)നാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. 

കോണ്‍ഗ്രസ് ഭരണിക്കാവ് മുന്‍ മണ്ഡലം പ്രസിഡന്റ് പരേതനായ ഡോ.രാമചന്ദ്രന്‍ പിള്ളയുടെ മകനായ രഘുചന്ദ്രന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണിക്കാവ് പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 
ബുധനാഴ്ച രാത്രി ഒരുമണിയോടെ രഘുചന്ദ്രന്‍ വീടിനുള്ളില്‍ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. കൂട്ടിലിട്ടിരുന്ന പട്ടിയെ ഇറച്ചിയില്‍ മരുന്ന് നല്കി മയക്കിയശേഷം അക്രമിസംഘം വീടിന് പിന്നിലെത്തി കതകിന് തീകത്തിച്ചു. 

കതകിന്റെ അടിഭാഗം ഭാഗീകമായി കത്തിയിട്ടുണ്ട്. പിന്നീട് മുന്‍വശത്തെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറി വാതിലിനുമുന്നിലും മുറിക്കുള്ളിലും മുളകുപൊടി വിതറിയശേഷം രഘുചന്ദ്രനെ ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷയ്ക്കായി മുറിക്കുള്ളില്‍ കയറിയപ്പോള്‍ കിടപ്പുമുറിയിലിട്ട് വടിവാളുകൊണ്ട് മാരകമായി വെട്ടി. ഇരുമ്പുവടികൊണ്ട് കാലുകള്‍ അടിച്ചൊടിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ സൗമ്യ ആക്രമണത്തിനിടെ ഉണര്‍ന്ന് തടയാന്‍ ശ്രമിച്ചു. 

ഇവരെ അക്രമിസംഘം കഴുത്തില്‍പിടിച്ച് തള്ളി. രഘുവിന്റെ മൂന്നരവയസ്സുകാരിയായ മകള്‍ മീനാക്ഷി ഉണര്‍ന്ന് നിലവിളിച്ച് ബഹളമുണ്ടാക്കി. ബഹളംകേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന രഘുവിന്റെ അമ്മ രമണിയമ്മ ഇറങ്ങിവന്നപ്പോള്‍ ഗുണ്ടാസംഘം മകനെ വെട്ടിയശേഷം മാരകായുധങ്ങളുമായി പുറത്തേക്ക് പോവുന്നതാണ് കണ്ടത്. കൈകാലുകള്‍ക്ക് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകനെ കണ്ട് അമ്മ അലറിവിളിച്ചു. തുടര്‍ന്ന് തലകറങ്ങിവീണു. 

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. ആംബുലന്‍സിലാണ് രഘുചന്ദ്രനെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രഘുചന്ദ്രന്റെ മൊഴി എടുത്തശേഷമേ അക്രമിസംഘത്തെ സംബന്ധിച്ച് വിവരം ലഭിക്കുകയുള്ളൂവെന്ന് വള്ളികുന്നം എസ്.ഐ. എച്ച്.അനില്‍കുമാര്‍ പറഞ്ഞു. 


  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക