Image

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചത് ആഭ്യന്തര നയങ്ങളെന്ന് വിലയിരുത്തല്‍

Published on 07 November, 2012
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചത് ആഭ്യന്തര നയങ്ങളെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇക്കുറി സ്വാധീനിച്ചത് അമേരിക്കയിലെ ആഭ്യന്തരപ്രശ്‌നങ്ങളെന്ന് വിലയിരുത്തല്‍.ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് തിരുവനന്തപുരത്തെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (എ.എസ്.ബി), കേരള ടുഡേ.കോം എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച തിരഞ്ഞെടുപ്പുചര്‍ച്ചയിലാണ് ഈ വിലയിരുത്തല്‍.

അമേരിക്കന്‍ തിരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനകള്‍ ടെലിവിഷനില്‍ ലഭ്യമാകുന്നതിനൊപ്പം തത്സമയം വിലയിരുത്തുന്നതായിരുന്നു 'ഇലക്ഷന്‍ വാച്ച് പാര്‍ട്ടി' എന്ന തിരഞ്ഞെടുപ്പു വിശകലന പരിപാടി.

മുന്‍കാലങ്ങളില്‍ അമേരിക്കയുടെ വിദേശ നയങ്ങളായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അദ്ധ്യക്ഷനുമായ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.

എന്നാല്‍ ഇക്കുറി ആഭ്യന്തരപ്രശ്‌നങ്ങളാണ് ചര്‍ച്ചാ വിഷയമായത്. ആഭ്യന്തര വിദേശരംഗങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്താണ് ബറാക്ക് ഒബാമ കഴിഞ്ഞ തവണ പ്രസിഡന്റ് പദത്തിലെത്തിയത്. എന്നാല്‍ പല തടസങ്ങള്‍മൂലം അദ്ദേഹത്തിന് വലുതായി ഒന്നും ചെയ്യാനായില്ല. പ്രസിഡന്റ് പദത്തിലെ തന്റെ രണ്ടാം അവസരം അദ്ദേഹം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാനാണ് സാദ്ധ്യതയെന്നും ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.

അമേരിക്കയിലെ ഇപ്പോഴത്തെ തൊഴിലില്ലായ്മ എട്ടു ശതമാനത്തോളമാണ്. തൊഴിലില്ലായ്മ ഏഴു ശതമാനത്തില്‍ കൂടാനിടയായ ഒരു സാഹചര്യത്തിലും ആ ഭരണാധികാരിക്ക് വീണ്ടും ഭരണാധികാരം ലഭിച്ചിട്ടില്ല. എന്നാല്‍ ഒബാമയുടെ വിജയത്തിന് വര്‍ദ്ധിച്ച തൊഴിലില്ലായ്മ നിരക്കും തടസമായില്ല. തൊഴിലില്ലായ്മ കുറയ്ക്കാന്‍ അദ്ദേഹം നടത്തിയ ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് അദ്ദേഹത്തിന് അനുഗ്രഹമായത്.

രാജ്യത്തെ ആഭ്യന്തരമായ പ്രശ്‌നങ്ങളായ നികുതി നിരക്ക്, പാര്‍പ്പിടം, ആരോഗ്യ സുരക്ഷ എന്നിവ സംബന്ധിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക് പാര്‍ട്ടിയുടെയും നയങ്ങള്‍ തിരഞ്ഞെടുപ്പു വിഷയമായപ്പോള്‍ പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളും വിദേശനയം സംബന്ധിച്ച മറ്റു പ്രശ്‌നങ്ങളും കുറച്ചുമാത്രമേ ചര്‍ച്ച ചെയ്യപ്പെട്ടുള്ളൂ. അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സിറിയയില്‍ കൊല്ലപ്പെട്ടതും വലിയ ചര്‍ച്ചയ്ക്ക് വിഷയീഭവിച്ചില്ലെന്നും ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും ഫെഡറല്‍ സംവിധാനത്തിലുള്ള രാജ്യങ്ങളാണെങ്കിലും തമ്മില്‍ ഒട്ടേറെ വൈജാത്യങ്ങളുണ്ടെന്ന് കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍മേധാവി ഡോ. ഗോപകുമാര്‍ പറഞ്ഞു.

ഇന്ത്യ പാര്‍ലമെന്ററി സംവിധാനത്തിലുള്ള ഫെഡറല്‍ രാജ്യവും അമേരിക്ക പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനമുള്ള ഫെഡറല്‍ രാജ്യവുമാണ്. പ്രസിഡന്‍ഷ്യല്‍ സംവിധാനം അമേരിക്കയില്‍ നിലവില്‍ വരാനുള്ള പ്രധാനകാരണം ബ്രിട്ടീഷ് പാര്‍ലമെന്ററി സംവിധാനത്തോടുള്ള അമേരിക്കയുടെ ശക്തമായ വിയോജിപ്പാണ്. പാര്‍ലമെന്ററി സംവിധാനത്തെ അപേക്ഷിച്ച് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിന് കൂടുതല്‍ രാഷ്ട്രീയ സ്ഥിരത നല്‍കാനാവും. ഒരു വോട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തുപോകുന്ന സ്ഥിതി പാര്‍ലമെന്ററി സംവിധാനത്തിലുണ്ടാകാം. എന്നാല്‍ നിയമ നിര്‍മ്മാണസഭ, പ്രസിഡന്റ്, ജുഡീഷ്യറി എന്നിവ തമ്മില്‍ പരസ്പരം ശക്തമായ നിരീക്ഷണ സംവിധാനം നിലനില്‍ക്കുന്നതിനാല്‍ അപാരമായ അധികാരം കൈയാളുന്നുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് സ്വേച്ഛാധിപതിയാകാന്‍ ഒരിക്കലും കഴിയില്ലെന്നും ഡോ. ഗോപകുമാര്‍ പറഞ്ഞു.

ഒബാമയെ അപേക്ഷിച്ച് വലിയ ധനാഢ്യനായ മിറ്റ് റോംനി തിരഞ്ഞെടുപ്പു പര്യടനത്തിനിടയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ തിരിച്ചടിയായതായി ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ഡയറക്ടര്‍ ഡോ. എസ്. രാജീവ് പറഞ്ഞു.

ഫുള്‍ െ്രെബറ്റ് സ്‌കോളര്‍ എറിക് ജെസ്പിന്‍, അമേരിക്കല്‍ കോണ്‍സുലേറ്ററിലെ മാത്യുബെന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹീരകംബോജ് എന്നിവരും സംസാരിച്ചു.

ടി.പി.ശ്രീനിവാസന്റെ മകനും കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറുമായ ശ്രീശ്രീനിവാസന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക