Image

വിമാനക്കമ്പനികളുടെ കൊള്ള എയര്‍ ഇന്ത്യയുടെ പിന്മാറ്റംമൂലം പിണറായി

Published on 07 November, 2012
വിമാനക്കമ്പനികളുടെ കൊള്ള എയര്‍ ഇന്ത്യയുടെ പിന്മാറ്റംമൂലം പിണറായി
തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ പിന്മാറ്റമാണ് ഗള്‍ഫ് റൂട്ടില്‍ മറ്റ് വിമാനക്കമ്പനികളുടെ കൊള്ളക്കിടയാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍വീസ് റദ്ദാക്കാന്‍ ഒരു മനസ്സാക്ഷിക്കുത്തും എയര്‍ ഇന്ത്യക്കില്ല. കേരളത്തില്‍നിന്ന് നിത്യേനയുള്ള 34 സര്‍വീസുകളില്‍ രണ്ട് ജംബോജെറ്റടക്കം 14 എണ്ണമാണ് റദ്ദാക്കിയത്. വന്‍തോതില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കുകയും ചെയ്തു. എത്ര പണം കൊടുത്താലും സഞ്ചരിക്കാന്‍ വിമാനമില്ലാത്ത അവസ്ഥയുണ്ടായതില്‍ പ്രതിഷേധിച്ച യാത്രക്കാരെ വിമാനറാഞ്ചികളായാണ് ചിത്രീകരിച്ചത്. 18 ലക്ഷത്തിലധികം ആളുകള്‍ ജോലിചെയ്യുന്ന ഗള്‍ഫിലേക്ക് 118 സര്‍വീസുകളാണ് ആഴ്ചയിലുള്ളത്.

ന്യൂയോര്‍ക്കിലേക്ക് 35 മണിക്കൂര്‍ യാത്രക്ക് 40,000 രൂപ ഈടാക്കുമ്പോള്‍ നാല് മണിക്കൂര്‍ യാത്രമാത്രമുള്ള ഗള്‍ഫിലേക്ക് ഈടാക്കുന്നത് 60,000 രൂപക്കടുത്താണ്. കേന്ദ്ര സര്‍ക്കാറില്‍ കേരളത്തില്‍ നിന്ന് എട്ട് മന്ത്രിമാരുണ്ടായിട്ടും ഇത്തരം കാര്യങ്ങളില്‍ ഒരു പ്രയോജനവുമുണ്ടാകുന്നില്ല.
കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് പ്രവാസികളാണെന്ന് എമര്‍ജിങ് കേരളയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചിട്ട് അവരെ സംരക്ഷിക്കുന്നത് ഇങ്ങനെയൊക്കെയാണെന്നും പിണറായി പറഞ്ഞു.അമേരിക്കന്‍ പ്രവാസികളുടെ വരുമാനമായി താരതമ്യപ്പെടുത്തിയാല്‍ ഗള്‍ഫ് പ്രവാസികളുടേത് അഞ്ചിലൊന്ന് മാത്രമാണുള്ളത്. എന്നാല്‍ രണ്ടു കൂട്ടരും കേരളത്തിലേക്കയക്കുന്ന പണം ഏകദേശം തുല്യമാണ്.

രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന മുഖ്യസ്രോതസ്സ് ഗള്‍ഫ് പ്രവാസികളാണ്. പ്രവാസികളില്‍നിന്ന് ഉല്‍പാദന മേഖലയില്‍ നിക്ഷേപം നടത്തിക്കാനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്വീകരിച്ച ചില നടപടികള്‍ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.ജി ഹാളില്‍ നടന്ന പരിപാടിയില്‍ കേരള പ്രവാസി സംഘം പ്രസിഡന്റ് പി.ടി. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക