Image

ലോറിയിലിടിച്ച് ടാങ്കറിലെ പെട്രോള്‍ ചോര്‍ന്നു; ദുരന്തമൊഴിഞ്ഞത് തലനാരിഴക്ക്

Published on 07 November, 2012
ലോറിയിലിടിച്ച് ടാങ്കറിലെ പെട്രോള്‍ ചോര്‍ന്നു; ദുരന്തമൊഴിഞ്ഞത് തലനാരിഴക്ക്
ആലപ്പുഴ: ചരക്കുലോറിക്ക് പിന്നില്‍ ഇടിച്ച ടാങ്കര്‍ ലോറിയില്‍നിന്ന് ഒഴുകിപ്പരന്ന പെട്രോള്‍ ഒരു ദേശത്തെയൊട്ടാകെ മണിക്കൂറുകള്‍ മുള്‍മുനയിലാക്കി. തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും.

ദേശീയ പാതയില്‍ കലവൂരിനടുത്ത് ബ്‌ളോക്ക് ജങ്ഷന് 100 മീറ്റര്‍ വടക്കുമാറിയാണ് ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ അപകടമുണ്ടായത്. കൊച്ചിയില്‍നിന്ന് ഓച്ചിറയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍, നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സഡന്‍ ബ്രേക്കിട്ട ചരക്കു ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ പരന്നൊഴുകിയ പെട്രോളിന്റെ രൂക്ഷഗന്ധം പരിസരത്തെങ്ങും നിറഞ്ഞു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഗതാഗതം തടയുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ടാങ്കറിന്റെ രണ്ട് അറകളില്‍ ഡീസലും ഒരു അറയില്‍ പെട്രോളുമാണ് ഉണ്ടായിരുന്നത്.
ചാലയിലെ ടാങ്കര്‍ ദുരന്തത്തിന്റെ ഭീതി മാഞ്ഞിട്ടില്ലാത്തതിനാല്‍ കരുതലോടെയായിരുന്നു നീക്കങ്ങള്‍. വാഹനങ്ങള്‍ ഓടിച്ചുപോകാന്‍ യാത്രക്കാരെ അനുവദിച്ചില്ല. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് വെള്ളവും ഫോമും ചീറ്റിച്ച് റോഡില്‍ ഒഴുകിപ്പരന്ന പെട്രോള്‍ നിര്‍വീര്യമാക്കി. പിന്നീട് ടാങ്കര്‍ ലോറി സ്റ്റാര്‍ട്ടാക്കാതെ തള്ളി കുറച്ചകലെയുള്ള ആളൊഴിഞ്ഞ പട്ടാള മൈതാനിയില്‍ കൊണ്ടിട്ടു. തള്ളിക്കൊണ്ടുപോകുന്ന വഴിയില്‍ റോഡിലുടനീളം പെട്രോള്‍ ഒഴുകിപ്പരന്നു. ഒരു ചെറിയ തീപ്പൊരിയുണ്ടായിരുന്നുവെങ്കില്‍ സംഭവ സ്ഥലത്ത് അഗ്‌നി പ്രളയമുണ്ടാവാന്‍ സാധ്യത കൂടുതലായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് പൊലീസ് അതുവഴി വന്ന വാഹനങ്ങള്‍ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

ചോര്‍ച്ചയുള്ള വാല്‍വ് അടച്ചശേഷം വടംകൊണ്ട് കെട്ടി ആളുകളെ അകറ്റി. വൈകുന്നേരത്തോടെ കൊച്ചിയില്‍നിന്നെത്തിയ മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റി. ഇതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കെ.എല്‍. 02 എസ്. 5542 ടാങ്കര്‍ ലോറിയുടെ െ്രെഡവര്‍ ഓച്ചിറ സ്വദേശി ഗോപാല കൃഷ്ണന് (66) കാലിന് പരിക്കേറ്റു. ഓച്ചിറയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം വ്യാപാരി നസീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ടാങ്കര്‍. തോട്ടിലേക്ക് ചരിഞ്ഞ കെ.എല്‍. 13 എഫ്  2322 രാജധാനി ചരക്കു ലോറിയുടെ െ്രെഡവര്‍ക്കും ക്‌ളീനര്‍ക്കും നിസ്സാര പരിക്കുണ്ട്.

ചേര്‍ത്തലയില്‍നിന്ന് മൂന്നും ആലപ്പുഴയില്‍നിന്ന് ഒന്നും ഫയര്‍ യൂനിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തൊട്ടടുത്ത സ്‌റ്റേഷനുകളില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥരും സംഘവും സ്ഥലത്തുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി. ജെയിംസ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

ലോറിയിലിടിച്ച് ടാങ്കറിലെ പെട്രോള്‍ ചോര്‍ന്നു; ദുരന്തമൊഴിഞ്ഞത് തലനാരിഴക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക