Image

മലയാളികളുടെ ശ്രേഷ്‌ഠ ഭാഷ മലയാളം? (മൊയ്‌തീന്‍ പുത്തന്‍ചിറ)

Published on 03 November, 2012
മലയാളികളുടെ ശ്രേഷ്‌ഠ ഭാഷ മലയാളം?  (മൊയ്‌തീന്‍ പുത്തന്‍ചിറ)
അങ്ങനെ ആരവങ്ങളൊന്നുമില്ലാതെ നവംബര്‍ ഒന്ന്‌ ഭാഷാദിനമായി കടന്നുപോയി. അതോടൊപ്പം കേരളത്തിന്‌ 56 വയസ്സും തികഞ്ഞു ! 1956 നവംബര്‍ 1-ന്‌ ഐക്യകേരളം നിലവില്‍ വന്നതിനുശേഷം മലയാളഭാഷയ്‌ക്ക്‌ പല രൂപങ്ങളും ഭാവങ്ങളും നല്‍കി വിവിധ ദേശങ്ങളില്‍ കൈകാര്യം ചെയ്യുന്നു.

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ തിരുവനന്തപുരത്തു നടന്ന രണ്ടാം ലോകമലയാള സമ്മേളനത്തിന്‌ ഇത്തരുണത്തില്‍ ഏറെ പ്രസക്തിയുണ്ട്‌. മലയാളഭാഷയെ ലോകോത്തര ഭാഷയാക്കാന്‍ ഈ സമ്മേളനം ഉപകരിക്കുമെന്ന്‌ പ്രത്യാശിക്കാം. ഒരു ജനതയെ ചരിത്രത്തിലും സംസ്‌ക്കാരത്തിലും രേഖപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കാണ്‌ ഭാഷ നിര്‍വ്വഹിക്കുന്നത്‌.

നൂറു കൊല്ലം കഴിഞ്ഞാല്‍ മലയാളഭാഷ എങ്ങനെയിരിക്കുമെന്ന്‌ ആര്‍ക്കും പ്രവചിക്കാനാവില്ല. കാലം അതിനെ മറ്റൊരു ഭാഷയാക്കി മാറ്റാം. കാരണം, ഇപ്പോള്‍ തന്നെ എത്ര വ്യത്യസ്ഥമായിട്ടാണ്‌ കേരളത്തിലെ ഓരോ പ്രദേശത്തും നാം ഈ ഭാഷ ഉപയോഗിച്ചു വരുന്നത്‌. കാണക്കാണെ എന്തൊക്കെ മാറ്റങ്ങള്‍ വരുന്നു ! ഇനി എന്തൊക്കെ മാറ്റങ്ങള്‍ തലമുറകള്‍ മറിവരുമ്പോള്‍ ഉണ്ടായിക്കൂടാ? മൂല്യവിചാരങ്ങളിലൂടെയും കാലാനുസൃതമായ നവീകരണത്തിലൂടെയുമാണ്‌ ഭാഷയുടെ ജീവനും തനിമയും നിലനില്‍ക്കുന്നത്‌.

1977-ല്‍ ആദ്യത്തെ ലോകമലയാള സമ്മേളനം നടന്നതിനുശേഷം രണ്ടാമത്തെ സമ്മേളനം നടക്കാന്‍ 35 വര്‍ഷങ്ങള്‍ വേണ്ടിവന്നു. നമ്മുടെ എഴുത്തുകാര്‍ക്കും പണ്ഡിതര്‍ക്കും സാംസ്‌ക്കാരിക രംഗത്തും കലാരംഗത്തും വൈജ്ഞാനിക രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒത്തുചേരാനും ആശയവിനിമയം നടത്താനും അവസരം സൃഷ്ടിക്കുക എന്നതിലൂടെ നമ്മുടെ ഭാഷയേയും സംസ്‌ക്കാരത്തേയും കാലാനുസൃതമായി നവീകരിക്കാനുള്ള ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം.

മലയാളത്തിന്റെ നന്മകള്‍ എണ്ണിയാല്‍ തീരില്ല. മഹാശയന്മാരും ഗുരുക്കന്മാരും ഈ ഭാഷയുപയോഗിച്ച്‌ നമ്മെ വഴി നടത്തിയിട്ടുണ്ട്‌. കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങിയും കാഞ്ചനകാഞ്ചി കുലുക്കിയും പ്രതിഭാധനന്മാര്‍ നല്‍കിയ നൂറുനൂറു ചന്തങ്ങള്‍ ചാര്‍ത്തിയും അഴക്‌ ഒരുടലാര്‍ന്നതുപോലെയെന്ന്‌ ചങ്ങമ്പുഴ വിശേഷിപ്പിച്ച മലയാള കവിത നമ്മുടെ നെഞ്ചകങ്ങളിലും പൊന്‍ചിലങ്ക കിലുക്കി ചുവടുകള്‍ വെക്കുന്നു.

കേരളപ്പിറവി ദിവസം തന്നെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെ തിരിതെളിഞ്ഞത്‌ തുല്യ പ്രാധാന്യമര്‍ഹിക്കുന്നു. മലയാളത്തിന്‌ ശ്രേഷ്‌ഠഭാഷാ പദവി എത്രയും വേഗം നേടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവനയും ഏറെ പ്രതീക്ഷയ്‌ക്കു വക നല്‍കുന്നു.

ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ മാന്യമായ പദവി മലയാള ഭാഷക്ക്‌ കൈമോശം വരാതിരിക്കാന്‍ ബാല്യ, കൗമാര ദശകളില്‍ത്തന്നെ മാതൃഭാഷ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടികയെടുക്കുമെന്ന്‌ മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ മുന്നറിയിപ്പാണ്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നത്‌. കേരളത്തിലെ ഒട്ടേറെ വിദ്യാലയങ്ങള്‍ മലയാളം പഠിപ്പിക്കാന്‍ വിമുഖത കാട്ടുന്നത്‌ ശ്രദ്ധയില്‍ പെട്ടപ്പോഴാണ്‌ അന്ന്‌ അദ്ദേഹം അങ്ങനെ പ്രതികരിച്ചത്‌. സര്‍ക്കാര്‍, എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ ഒരു ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളുടെ കുറവും അണ്‍എയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മീഡിയത്തില്‍ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവും കണ്ടതില്‍ സര്‍ക്കാരിലും ഭാഷാസ്‌നേഹികളിലും ആശങ്കയുണര്‍ത്തിയിരുന്നു.

എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസമെന്നത്‌ ഭരണഘടന കല്‌പിച്ചു നല്‍കിയിട്ടുള്ള അവകാശമാണ്‌. ഇതേ ഭരണഘടന തന്നെ ഈ മേഖലയില്‍ സാമൂഹിക നീതിയും സ്ഥിതി സമത്വവും ഉറപ്പു നല്‍കുന്നുമുണ്ട്‌. അപ്പോള്‍, പന്തിയിലെ പക്ഷഭേദം പോലെ, സൗജന്യമല്ലാത്ത മറ്റൊന്ന്‌ വിളമ്പുന്നത്‌ വിദ്യാഭ്യാസ മുതലാളിമാരുടെ കൊള്ളക്ക്‌ കളമൊരുക്കാന്‍ വേണ്ടി മാത്രമല്ലേ എന്ന സംശയം മാത്രം ഇവിടെ ബാക്കി നില്‍കുന്നു. ഭാഷയെ വിസ്‌മരിച്ചുകൊണ്ടുള്ള, രണ്ടുതരം പൗരന്മാരെ വാര്‍ത്തെടുക്കുന്ന, വിദ്യാഭ്യാസ കച്ചവടത്തിന്റെ ദുരന്തപരിണാമമാണ്‌ മേല്‌പറഞ്ഞ കണക്കുകളില്‍ എത്തിനില്‍ക്കുന്നത്‌.

മലയാള ഭാഷയും അതിലൂടെയുള്ള അധ്യയനവും മൂന്നാം തരമെന്ന അപകര്‍ഷതാബോധം അപകടകമാംവിധം ശക്തി പ്രാപിക്കുന്നതോടൊപ്പം, തെറ്റായ അനുകരണഭ്രമം പഠിക്കേണ്ടതു പഠിപ്പിക്കാനുള്ള ധാര്‍മ്മികബോധം ഇല്ലാതാക്കുന്നു. ഇംഗ്ലീഷ്‌ ഭാഷ പഠിക്കേണ്ടതു തന്നെയാണ്‌. അതിന്‌ ഇംഗ്ലീഷ്‌ മീഡിയം കൂടിയേ തീരൂ എന്ന അജ്ഞതയാണ്‌ തിരുത്തപ്പെടേണ്ടത്‌.

മാതൃഭാഷാ പഠനത്തോട്‌ പുറംതിരിഞ്ഞു നില്‍ക്കുന്നത്‌ `സ്വന്തം വീട്ടില്‍ പ്രവേശിപ്പിക്കുന്ന അന്യന്‌ അമിത സ്വാതന്ത്ര്യം അനുവദിച്ചാല്‍ നീ അന്യനാകും' എന്ന വേദവാക്യത്തിനു സമമാണ്‌. സ്വദേശവത്‌ക്കരണം സ്വപ്‌നം കണ്ട ഗാന്ധിജിയുടെ നാട്ടില്‍ സായിപ്പിന്റെ ഭാഷയെ അമിതമായി പോഷിപ്പിച്ചതുമൂലമാണ്‌ സ്വന്തം ഭാഷക്ക്‌ ഈ ഗതികേടുണ്ടായതെന്ന സാരം. മുലപ്പാലിനൊപ്പം ആംഗലേയഭാഷയും കുഞ്ഞുങ്ങള്‍ക്ക്‌ പകര്‍ന്നകൊടുക്കുന്ന മലയാളി മാതൃഭാഷ ഉച്ചരിക്കാനുള്ള അവരുടെ അവകാശത്തെ ജന്മനാ കൊല ചെയ്‌തു. ഇതുവഴി സ്വതന്ത്രമായി ചിന്തിക്കാനുള്ള അവന്റെ സര്‍ഗവാസനകളെ ശൈശവ വേളയില്‍ത്തന്നെ ചങ്ങലക്കിടുന്നു. കുഞ്ഞുങ്ങളെ പാരതന്ത്ര്യത്തിന്റെ തടവറയിലാകുന്ന ചൂഷകരുടെ താളത്തിനൊത്തു തുള്ളുന്ന പാവകളായിത്തീരുന്നു നാം.

മലയാളികള്‍ക്ക്‌ അഭിമാനിക്കാന്‍ കഴിയുന്ന സാംസ്‌ക്കാരിക സ്ഥാപനമായി മലയാളം സര്‍വ്വകലാശാലയെ മാറ്റുമെന്നം മലയാളഭാഷയുമായി ബന്ധപ്പെട്ട സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകള്‍ തുടങ്ങുമെന്ന വൈസ്‌ ചാന്‍സലറുടെ പ്രഖ്യാപനവും മലയാളഭാഷ ആഗോള പ്രശസ്‌തി നേടുമെന്നു പ്രതീക്ഷിക്കാം. ഭാഷാപരിചയത്തിനുള്ള ഒരു ഗേറ്റ്‌വേ ആകട്ടേ ഈ സര്‍വ്വകലാശാല എന്ന്‌ ആശംസിക്കാം. ലോകത്തിന്റെ സമസ്‌ത സൗന്ദര്യങ്ങളും ഉള്‍ക്കൊണ്ട്‌ പ്രശോഭിക്കുന്ന കേരളീയ സംസ്‌ക്കാരത്തിന്റെ പ്രോജ്ജ്വല പാരമ്പര്യം സംരക്ഷിക്കാന്‍ ഭാഷയുടെ നിലനില്‌പും വളര്‍ച്ചയും അനിവാര്യമാണ്‌.

തലമുറകളെ പ്രകാശത്തിലേക്ക്‌ നയിക്കാന്‍ വിധിക്കപ്പെട്ട ഭാഷയും സംസ്‌ക്കാരവും കൈവിട്ടുപോകുന്നത്‌ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ നമുക്കാവില്ല. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അസ്‌തമിക്കമെന്ന്‌ കണക്കുകൂട്ടുന്ന ഭാഷകളില്‍ പെട്ടുപോകാതെ നമ്മുടെ പ്രിയ മലയാളത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ മലയാളിയുടേതുമാണ്‌.
മലയാളികളുടെ ശ്രേഷ്‌ഠ ഭാഷ മലയാളം?  (മൊയ്‌തീന്‍ പുത്തന്‍ചിറ)മലയാളികളുടെ ശ്രേഷ്‌ഠ ഭാഷ മലയാളം?  (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
JOMY JOSE 2013-06-17 21:55:27
നല്ല ലേഖനം .മനോഹരമായ എഴുത്ത് .മലയാളത്തിനു വേണ്ടി സംസാരിക്കാൻ ചിലരെങ്കിലും ഉള്ളത് കൊണ്ടാണ് ഇപ്പോഴും ഇ ഭാഷ നിലനിൽക്കുന്നത് . ഒരു നിർദേശം മാത്രം... പരമാവധി മലയാളം വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക

ഉയർന്ന സവിശേഷ പാഠ്യക്രമങ്ങൾ ( സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകൾ) 
പ്രവേശന കവാടം  (ഗേറ്റ്‌വേ )
സര്‍വ്വകലാശാലാധിപതി (വൈസ്‌ ചാന്‍സലർ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക