Image

ജീവിതം തുരുമ്പെടുക്കുന്നു; ന്യൂയോര്‍ക്ക്‌- ന്യൂജേഴ്‌സി കത്ത്‌

Published on 02 November, 2012
ജീവിതം തുരുമ്പെടുക്കുന്നു; ന്യൂയോര്‍ക്ക്‌- ന്യൂജേഴ്‌സി കത്ത്‌
ന്യൂയോര്‍ക്ക്‌: ജീവിതം തുരുമ്പെടുക്കുന്ന അവസ്ഥ. ഇതിപ്പോള്‍ ഞങ്ങള്‍ ന്യൂയോര്‍ക്ക്‌-ന്യൂജേഴ്‌സി നിവാസികള്‍ക്കേ പൂര്‍ണ്ണമായി മനസിലാകൂ. (Rest-നു പകരം Rust ആകുന്നു). ശിലായുഗത്തിലേക്കുള്ള മടക്കമെന്നുവരെ ചിലര്‍.

മന്‍ഹാട്ടനില്‍ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ മുന്നിലുള്ള ഓഫീസില്‍ പോയിട്ട്‌ ഒരാഴ്‌ചയായി. അവിടെ കെട്ടിടങ്ങളില്‍ വൈദ്യുതിയില്ല. വാള്‍സ്‌ട്രീറ്റിനോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ്‌ ഓഫീസ്‌. പിന്നില്‍ ന്യൂയോര്‍ക്ക്‌ സ്റ്റോക്‌ എക്‌സ്‌ചേഞ്ച്‌. രണ്ട്‌ ദിവസം അടച്ചിട്ടശേഷം സ്റ്റോക്‌എക്‌സ്‌ചേഞ്ച്‌ ജനറേറ്റര്‍ വെളിച്ചത്തില്‍ തുറന്നു.

വൈദ്യുതി
ഉണ്ടായാലും  എത്തിപ്പെടാന്‍ വിഷമം. മിഡ്‌ ടൗണില്‍ മുപ്പത്തിനാലാം സ്‌ട്രീറ്റ്‌ വരെ (പെന്‍ സ്റ്റേഷന്‍) വരെയാണ്‌ സബ്‌വേ ട്രെയിന്‍.

അപ്പോള്‍ വീട്ടില്‍ സുഖവാസമെന്നു കരുതിയില്‍ തെറ്റി. വൈദ്യുതിയാണ്‌ വില്ലന്‍. വൈദ്യുതി നിലച്ചതോടെ ജീവിതം വഴിമുട്ടി. ടിവിയില്ല. ഇന്റര്‍നെറ്റില്ല. ഫോണും (ഇന്റര്‍നെറ്റ്‌ വഴി) നിശ്ചലം. വീട്ടില്‍ ആണെങ്കില്‍ തണുപ്പ്‌. ഹീറ്റ്‌ ഇല്ല. ചൂടുവെള്ളം ഇല്ല. അടുക്കടുക്കായി വസ്‌ത്രങ്ങള്‍ ഇട്ട്‌ ബെഡ്ഡില്‍ ചുരുണ്ടു കൂടേണ്ട അവസ്ഥ.

ഈ അവസ്ഥയിലാണ്‌ ഇപ്പോഴും ജനലക്ഷങ്ങള്‍. ധാരാളം മലയാളികള്‍. വാര്‍ത്താ വിനിമയ ബന്ധം സുഗമമല്ലാത്തതിനാല്‍ വിവരങ്ങള്‍ കേട്ടറിഞ്ഞു വരുന്നതേയുള്ളൂ.

കാറില്‍ പെട്രോള്‍ തീരാറായിരിക്കുന്നു. മിക്ക ഗ്യാസ്‌ സ്റ്റേഷനിലും ഗ്യാസ്‌ ഇല്ല. ചുരുക്കമായി ഉള്ളയിടത്ത്‌ മൈലുകള്‍ നീണ്ട ക്യൂ. മണിക്കൂറുകള്‍ ക്യൂ നിന്ന്‌ ചെന്നാല്‍തന്നെ ഗ്യാസിനും റേഷന്‍. ന്യൂജേഴ്‌സിയിലാണ്‌ ഇത്‌ ഏറെ ബാധിച്ചിരിക്കുന്നത്‌.

ഓയില്‍ ടാങ്കറുകള്‍ തുറമുഖങ്ങളില്‍ എത്താത്തതാണ്‌ ക്ഷാമത്തിനു കാരണമെന്നും ഇന്നലെ കപ്പലുകള്‍ എത്തിയെന്നും ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ. അപ്പോള്‍ രണ്ടു നാള്‍ക്കകം സ്ഥിതി മാറിയേക്കും.

ന്യു ജേഴ്‌സിയിലെ 12 കൗണ്ടികളില്‍ ഇന്നു ഉച്ച മുതല്‍ ഗ്യാസിനു റേഷനിംഗ് ഏര്‍പ്പെടുത്തി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ഉത്തരവിട്ടു.
നംബര്‍ പ്ലേറ്റ് അനുസരിച്ചാണു ഗ്യാസ് കിട്ടുക. ഓഡ് നംബറില്‍ അവസാനിക്കുന്ന നംബര്‍ പ്ലേറ്റ് ആണെങ്കില്‍ (1, 3, 5, 7)ഓഡ് നംബറില്‍ വരുന്ന ദിവസങ്ങളില്‍ ഗ്യാസ് അടിക്കാം.
ഈവന്‍ നംബറില്‍ അവസാനിക്കുന്ന നംബര്‍ ഉള്ളവര്‍ക്ക് (2,4,6,8) ഈവന്‍ നംബര്‍ വരുന്ന ദിനങ്ങളില്‍ ഗ്യാസ് അടിക്കാം.
ബെര്‍ഗെന്‍, എസ്സെക്‌സ്, ഹഡ്‌സന്‍, ഹണ്ടര്‍ഡന്‍,മിഡില്‍സെക്‌സ്, മോറിസ്, മന്മത്, പസ്സയിക്, സോമര്‍സെറ്റ്, സസ്സെക്‌സ്, യൂണിയന്‍, വാറന്‍ കൗണ്ടികളിലാണു റേഷനിംഗ്.
ഇതേ സമയം അറ്റ്‌ലാന്റിക് സിറ്റിയില്‍ കസിനോകള്‍ വീണ്ടും തുറന്നു. 34 വര്‍ഷത്തിനിടയില്‍ ആദ്യമായാണു കസിനോകള്‍ അടച്ചിടുന്നത്.

തിങ്കളാഴ്‌ചത്തേക്ക്‌ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ മിക്കയിടത്തും വൈദ്യുതി പുനസ്ഥാപിക്കുകയും സബ്‌വേ ട്രെയിന്‍ മിക്കവാറുമെല്ലാം ഓടിത്തുടങ്ങുകയും ചെയ്യുമെന്ന്‌ കരുതുന്നു. ഓഫീസുകളും സ്‌കൂളുകളും തിങ്കളാഴ്‌ച പ്രവര്‍ത്തന നിരതമാകുമെന്നും പ്രതീക്ഷിക്കുന്നു.

നാളെ (ഞായര്‍) നടത്താനിരുന്ന ന്യൂയോര്‍ക്ക്‌ മാരത്തണ്‍ അവസാന നിമിഷം മാറ്റിവെച്ചു. ഈ ദുരിതകാലത്ത്‌ മാരത്തണ്‍ എന്ന മാമാങ്കം പൊടിപൊടിക്കാനുള്ള മേയര്‍ മൈക്ക്‌ ബ്ലൂം ബര്‍ഗിന്റെ തീരുമാനത്തില്‍ പരക്കെ അമര്‍ഷമുണ്ട്‌. ലോകമെങ്ങുനിന്നും വരുന്ന 40,000-ല്‍പ്പരം ആളുകളാണ്‌ ഓട്ടക്കാര്‍. സെന്‍ട്രല്‍ പാര്‍ക്കില്‍ അവസാനിക്കുന്ന ഓട്ടത്തിന്‌ വന്‍ സന്നാഹങ്ങളാണ്‌ ഒരുക്കിയിരുന്നത്‌.

ജനം വലയുമ്പോള്‍ അവരെ സഹായിക്കുന്നതിനു പകരം ശ്രദ്ധ കായിക മാമാങ്കത്തിലേക്ക്‌ മാറ്റാമോ എന്നതാണ്‌ ചോദ്യം. എന്നാല്‍ ന്യൂയോര്‍ക്കിന്റെ ആത്മവീര്യം ഉയര്‍ത്താനും സാധാരണനില കൈവരിക്കാനും മാരത്തണ്‍ സഹായിക്കുമെന്ന്‌ മേയര്‍. മുന്‍ മേയറായ ജൂഡി ജൂലിയാനും ഇതിനെ ശരിവെയ്‌ക്കുന്നു. പലകാര്യങ്ങള്‍ ഒരേ സമയം വെയ്‌ക്കാന്‍ കഴിവുള്ള നഗരമാണ്‌ ന്യൂയോര്‍ക്ക്‌ എന്ന്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണ കാലത്ത്‌ മേയറായിരുന്ന ജൂലിയാനി പറയുന്നു.

ചൊവ്വാഴ്‌ചയാണ്‌ ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌. വൈദ്യുതി ഇല്ലാത്തതിനാല്‍ ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ പറ്റില്ലെന്ന തിരിച്ചറിവ്‌. ഈ പ്രതിസന്ധിയില്‍ പേപ്പര്‍ ബാലറ്റ്‌ ഉപയോഗിക്കാനും അധികൃതര്‍ ആലോചിക്കുന്നു. ദുരിതത്തിലും വിഷമത്തിലും കഴിയുന്നവരില്‍ എത്രപേര്‍ വോട്ട്‌ ചെയ്യുമെന്നാണ്‌ കണ്ടറിയേണ്ടത്‌. എന്തായാലും ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും 'ബ്ലൂ സ്റ്റേറ്റു'കളാണ്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചുവപ്പ്‌ ആകാന്‍ ഒരു സാധ്യതയുമില്ല. ഈ സ്റ്റേറ്റുകള്‍ ഡമോക്രാറ്റുകള്‍ക്ക്‌ എഴുതിത്തള്ളിയതിനാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ്‌ റോംനി കാര്യമായ പ്രചാരണത്തിനു തന്നെ എത്തിയിരുന്നില്ല. സാന്‍ഡി ചുഴലിക്കാറ്റിനെ നേരിടാന്‍ പ്രസിഡന്റ്‌ ഒബാമ സ്വീകരിച്ച നടപടികള്‍ എന്തായാലും ഒബാമയ്‌ക്ക്‌ ജനപ്രീതി നല്‍കിയിട്ടുണ്ട്‌. ബാറ്റില്‍ ഗ്രൗണ്ട്‌ സ്റ്റേറ്റുകളായ ഒഹായോ, ഫ്‌ളോറിഡ, വിസ്‌കോണ്‍സി
ന്‍, നോര്‍ത്ത്‌ കരോളിന എന്നിവിടങ്ങളില്‍ അതു ഗുണപ്പെടുമോ എന്നാണ്‌ അറിയേണ്ടത്‌.

ന്യൂയോര്‍ക്ക്‌ ടൈംസിനു പുറമെ മേയര്‍ ബ്ലൂം ബര്‍ഗും ഒബാമയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്‌. റോംനിയുടെ നിലപാടുകള്‍ അപകടകരമെന്നാണ്‌ ടൈംസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. കാലാവസ്ഥാ മാറ്റമാണ്‌ സാന്‍ഡി ചുഴലിക്കാറ്റിന്‌ ഒരു കാരണമെന്നും ഇക്കാര്യത്തില്‍ ഒബാമയുടെ നയമാണ്‌ നല്ലതെന്നും പറഞ്ഞാണ്‌ ബ്ലൂം ബര്‍ഗ്‌, ഒബമയെ എന്‍ഡോഴ്‌സ്‌ ചെയ്‌തത്‌.

കാമ്പയിന്‍
ഓഫീസില്‍  വൈദ്യുതി നിലച്ചതിനാല്‍ ന്യൂജേഴ്‌സിയിലെ ഏഴാം ഡിസ്‌ട്രിക്‌ടില്‍ നിന്നും കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കുന്ന അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള പ്രവര്‍ത്തനം ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പിലെ വീട്ടിലേക്ക്‌ മാറ്റി. സാന്‍ഡി പ്രചാരണത്തെ ബാധിച്ചിട്ടുണ്ടെന്ന്‌ ചിവുക്കള പറഞ്ഞു. വീടു തോറുമുള്ള പ്രചാരണം നടക്കുന്നില്ല. അതിനുപുറമെ വോളണ്ടിയര്‍മാരെ കിട്ടാനും വിഷമമായി. ബര്‍ഗന്‍ കൗണ്ടിയില്‍ നിന്നുള്ള ഒരു സ്റ്റാഫ്‌ അംഗത്തിന്റെ കാറില്‍ മരം വീണ്‌ കാര്‍ തകര്‍ന്നു.

റിപ്പബ്ലിക്കന്‍മാര്‍ക്ക്‌ ആധിപത്യമുള്ള ഏഴാം ഡിസ്‌ട്രിക്‌ടില്‍ മൂന്നാം തവണയും മത്സരിക്കുന്ന ലിയനാര്‍ഡ്‌ ലാന്‍സാണ്‌ എതിരാളി. സാന്‍ഡി, വോട്ടിംഗിനെ എങ്ങനെ ബാധിക്കുമെന്ന്‌ ചോദിച്ചപ്പോള്‍ ഇലക്ഷന്‍ ദിനമാകുമ്പോള്‍ സ്ഥിതി മാറുമെന്നും തികഞ്ഞ ശുഭാപ്‌തി വിശ്വാസമുണ്ടെന്നും ചിവുക്കുള പറഞ്ഞു. വോട്ട്‌ ചെയ്യാന്‍ ആളുകള്‍ കുറയുമോ എന്ന സന്ദേഹമുണ്ട്‌. എങ്കിലും ഡെമോക്രാറ്റിക്‌ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നവര്‍ കൂട്ടമായി വോട്ട്‌ ചെയ്യാനെത്തുമെന്നദ്ദേഹം പ്രതീക്ഷിക്കുന്നു.

നാലു ദിവസത്തോളം വൈദ്യുതിയില്ലാതെ വിഷമത്തിലായെന്ന്‌ ന്യൂജേഴ്‌സിയില്‍ നിന്നുള്ള അലക്‌സ്‌ കോശി വിളനിലം.  വീട്ടില്‍ ചൂടില്ല. പകരം വൈദ്യുതിയുള്ള മാളുകളില്‍ ചുറ്റി നടന്നു. റെഡ്‌ക്രോസിന്റെ റേഡിയോ ആയിരുന്നു വിവരങ്ങള്‍ കിട്ടാനുള്ള ഏക മാര്‍ഗ്ഗം. ഇങ്ങനെയൊക്കെ ദുരിതത്തിലായിട്ടും ജനങ്ങള്‍ പൊതുവെ അച്ചടക്കം പാലിക്കുന്നു. കൊള്ളയെപ്പറ്റിയൊന്നും റിപ്പോര്‍ട്ട്‌ ഇല്ല. നേതാക്കളാണെങ്കില്‍ സാന്‍ഡി എത്തും മുമ്പെ പ്രവര്‍ത്തനം തുടങ്ങി. പ്രസിഡന്റ്‌ ഒബാമ തന്നെ സമാശ്വാസവുമായി എത്തി. ഗവര്‍ണര്‍ ക്രിസ്‌ ക്രിസ്റ്റി, ഒബാമയുടെ വിമര്‍ശകനായിട്ടും പ്രസിഡന്റിനെപ്പറ്റി പുകഴ്‌ത്തി പറഞ്ഞു. എന്തായാലും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്ന്‌ അമേരിക്കയില്‍ നിന്ന്‌ മറ്റ്‌ രാജ്യങ്ങള്‍ പഠിക്കണം.

സാന്‍ഡി വീശിയടിക്കുമ്പോള്‍ ശശാങ്ക്‌ ത്രിപാഠി എന്ന 29-കാരന്‍ ഒരു വിക്രിയ കാട്ടി. ട്വിറ്ററിലെ അക്കൗണ്ടില്‍, ന്യൂയോര്‍ക്കിലെ സ്റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ മൂന്നടി വെള്ളം കയറി എന്ന്‌ എഴുതി വിട്ടു. കംഫര്‍ട്ടബിളി സ്‌മഗ്‌ എന്ന കള്ള പേരിലാണ്‌ ട്വീറ്റ്‌ ചെയ്‌തത്‌. എന്തിനു പറയുന്നു. സി.എന്‍.എന്‍, വെതര്‍ ചാനല്‍, നാഷണല്‍ വെതര്‍ സര്‍വീസ്‌ എന്നിവയൊക്കെ അത്‌ സത്യമാണെന്ന രീതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കള്ള പേരിലെ ട്വീറ്റ്‌ സത്യമോ എന്നു പോലും അന്വേഷിച്ചില്ല. അഥവാ അത്തരമൊരു അവസ്ഥ ആയിരുന്നില്ല അപ്പോള്‍ (ഒക്‌ടോബര്‍ 29). എന്തായാലും സ്റ്റോക്‌ എക്‌സ്‌ചേഞ്ച്‌ അധികൃതരും മറ്റും ഇത്‌ നിഷേധിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ത്രിപാഠി വെള്ളം കയറിയില്ലെന്ന്‌ വീണ്ടും ട്വീറ്റ്‌ ചെയ്‌തു.

താമസിയാതെ കംഫര്‍ട്ടബിലിറ്റി സ്‌മഗ്‌ ത്രിപാഠിയാണെന്ന്‌ മാധ്യമങ്ങള്‍ കണ്ടുപിടിച്ചു. ന്യൂയോര്‍ക്കിലെ പന്ത്രണ്ടാം ഡിസ്‌ട്രിക്‌ടില്‍ നിന്ന്‌ കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്രിസ്റ്റഫര്‍ വൈറ്റിന്റെ കാമ്പയിന്‍ മാനേജരാണ്‌ ത്രിപാഠി. വിവാദം അറിഞ്ഞപാടെ വൈറ്റ്‌, ത്രിപാഠിയെ നീക്കം ചെയ്യുകയും, ത്രിപാഠിയുടെ നടപടിയെ അപലപിക്കുകയും ചെയ്‌തു.

ഒടുവില്‍ ത്രിപാഠി ഖേദം പ്രകടിപ്പിച്ച്‌ വീണ്ടും ട്വീറ്റ്‌ ചെയ്‌തു. വൈറ്റ്‌ നല്ല നേതാവാണെന്നും അദ്ദേഹത്തിന്‌ വോട്ട്‌ ചെയ്യണമെന്നും കൂടി അഭ്യര്‍ത്ഥിച്ചു.

ത്രിപാഠിയുടെ നടപടി കുറ്റകരമാണെന്നും കേസ്‌ എടുക്കണമെന്നും ന്യൂയോര്‍ക്ക്‌ സിറ്റി കൗണ്‍സിലര്‍ പീറ്റര്‍
വാലോന്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്‌ `തീ, തീ' എന്ന്‌ അട്ടഹസിക്കുന്നതിന്‌ തുല്യമാണിത്‌.

എന്നാല്‍ ത്രിപാഠിയുടെ അക്കൗണ്ട്‌ റദ്ദാക്കില്ലെന്ന്‌ ട്വിറ്റര്‍ പറഞ്ഞു.
ഏതാണ്  ഫ്രീ സ്‌പീച്ച്‌ എന്നൊന്നും തീരുമാനിക്കാന്‍ തങ്ങള്‍ പ്രാപ്‌തരല്ലെന്നാണ്‌ അവരുടെ വാദം.

ജനകീയ കോണ്‍ഗ്രസ്‌വുമണ്‍ കരളിന്‍ മലോനിക്കെതിരെയാണ്‌ വൈറ്റ്‌ മത്സരിക്കുന്നത്‌. രണ്ടു വര്‍ഷം മുമ്പ്‌ ഇന്ത്യക്കാരിയായ രേഷ്‌മ സൗജനി, മലോനിക്കെതിരേ മത്സരിച്ച്‌ പച്ച തപ്പാതെ പുറത്തായിരുന്നു.
ജീവിതം തുരുമ്പെടുക്കുന്നു; ന്യൂയോര്‍ക്ക്‌- ന്യൂജേഴ്‌സി കത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക