Image

കുവൈറ്റ്‌ അമീറിനെതിരായ പ്രസംഗം: മുന്‍ എം.പി അറസ്റ്റില്‍

Published on 31 October, 2012
കുവൈറ്റ്‌ അമീറിനെതിരായ പ്രസംഗം: മുന്‍ എം.പി അറസ്റ്റില്‍
കുവൈറ്റ്‌ സിറ്റി: അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹിനെതിരെ പ്രസംഗിച്ചു എന്ന കുറ്റത്തിന്‌ മുന്‍ എം.പിയും പ്രതിപക്ഷ നിരയിലെ പ്രമുഖനുമായ മുസല്ലം അല്‍ ബര്‍റാകിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ ചെയ്‌തു.

തിങ്കളാഴ്‌ച വൈകീട്ട്‌ തന്‍െറ ദീവാനിയയില്‍ ബര്‍റാക്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിന്‌ പിന്നാലെ സ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരാണ്‌ പബ്‌ളിക്‌ പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച അറസ്റ്റ്‌ വാറന്‍റ്‌ പ്രകാരം അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തത്‌. ഇന്നലെ പബ്‌ളിക്‌ പ്രേസിക്യൂഷന്‌ മുന്നില്‍ ഹാജരാക്കിയ ബര്‍റാകിനെതാരായ തെളിവെടുപ്പ്‌ നടപടികള്‍ ആരംഭിച്ചു. അമീറിനെതിരെ പ്രസംഗിച്ചതിന്‍െറ പേരില്‍ രണ്ടാഴ്‌ചക്കിടെ അറസ്റ്റിലാവുന്ന അഞ്ചാമത്തെ മുന്‍ എം.പിയാണ്‌ ബര്‍റാക്‌. ഫലഹ്‌ അല്‍ സവ്വാഹ്‌, ഖാലിദ്‌ അല്‍ താഹൂസ്‌, ബദര്‍ അല്‍ ദാഹൂം, ഉസാമ അല്‍ മുനവ്വര്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ദിവസങ്ങള്‍ കസ്റ്റഡിയില്‍വെച്ചതിനുശേഷം വന്‍തുക ജാമ്യത്തിലാണ്‌ ഇവരെ വിട്ടയച്ചത്‌.

തെരഞ്ഞെടുപ്പ്‌ നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളില്‍ അമീറിനെതിരെ പ്രസംഗിച്ചതായാണ്‌ ബര്‍റാക്‌ അടക്കം എല്ലാവര്‍ക്കുമെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. ഈമാസം 15ന്‌ ഡിറ്റര്‍മിനഷേന്‍ സ്‌ക്വയറില്‍ നടന്ന റാലിയില്‍ പ്രകോപനപരമായ രീതിയില്‍ ബര്‍റാക്‌ അമീറിനെതിരെ സംസാരിച്ചു എന്നാണ്‌ കേസ്‌. ഫലഹ്‌ അല്‍ സവ്വാഹ്‌, ഖാലിദ്‌ അല്‍ താഹൂസ്‌, ബദര്‍ അല്‍ ദാഹൂം എന്നിവര്‍ ജാബിര്‍ അലിയിലെ ദീവാനിയയിലും ഉസാമ അല്‍ മുനവ്വര്‍ ജഹ്‌റയിലെ ദീവാനിയയിലും നടന്ന യോഗങ്ങളില്‍ അമീറിനെതിരെ പ്രസംഗിച്ചു എന്നാണ്‌ ആരോപിക്കപ്പെട്ടിരുന്നത്‌.

നാലു പേരെയും അറസ്റ്റ്‌ ചെയ്‌ത ഘട്ടത്തില്‍തന്നെ ബര്‍റാകിനെതിരെ അറസ്റ്റ്‌ വാറന്‍റുള്ളതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും അറസ്റ്റ്‌ ചെയ്യാനായിരുന്നില്ല. അറസ്റ്റ്‌ ഒഴിവാക്കാന്‍വേണ്ടി ബര്‍റാക്‌ മുങ്ങിയിരിക്കുകയാണെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യം ബര്‍റാക്‌ അറസ്റ്റിന്‌ തൊട്ടുമുമ്പ്‌ തന്‍െറ ദീവാനിയയില്‍വെച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിഷേധിച്ചു. താന്‍ എല്ലാ ദിവസവും തന്‍െറ ദീവാനിയയില്‍ ഉണ്ടാവാറുണ്ടെന്നും അറസ്റ്റ്‌ ചെയ്യണമെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ അവിടെയെത്തി ഏത്‌ സമയവും അത്‌ നടപ്പാക്കാമായിരന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിറ്റര്‍മിനേഷന്‍ സ്‌ക്വയറിലെ റാലിയില്‍ പ്രസംഗിച്ച കാര്യങ്ങള്‍ നിഷേധിക്കുന്നില്ലെന്ന്‌ വ്യക്തമാക്കിയ അദ്ദേഹം രാജ്യത്തിന്‍െറ ജനാധിപത്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക