Image

ഫോമയില്‍ നാലു സംഘടനകള്‍ കൂടി; കണ്‍വന്‍ഷന്‍ വര്‍ഷം മാറ്റില്ല

Published on 27 October, 2012
ഫോമയില്‍ നാലു സംഘടനകള്‍ കൂടി; കണ്‍വന്‍ഷന്‍ വര്‍ഷം മാറ്റില്ല
ഫിലഡല്‍ഫിയ: നാലു സംഘടനകള്‍ക്കു കൂടി അംഗത്വം നല്‍കാന്‍ ജനറല്‍ബോഡി തീരുമാനിച്ചതോടെ ഫോമയില്‍ 52 അംഗസംഘടനകളായി.

നിലവിലുള്ള ഭരണസമിതിക്ക്‌ മൂന്നുവര്‍ഷം കാലാവധി നല്‍കി, കണ്‍വന്‍ഷന്‍ വര്‍ഷം മാറ്റുകയെന്ന നിര്‍ദേശം ജനറല്‍ബോഡി മുമ്പാകെ വരുകയുണ്ടായില്ല. അതിനാല്‍ കണ്‍വന്‍ഷന്‍ തീയതികള്‍ നിലവിലുള്ളതുപോലെ തുടരും.

പുതുതായി അംഗത്വം ലഭിച്ച സംഘടനകള്‍ ഇവയാണ്‌: റോക്ക്‌ലാന്റ്‌ മലയാളി അസോസിയേഷന്‍ (റോമ- ന്യൂയോര്‍ക്ക്‌),
മിഷിഗണ്‍ മലയാളി അസോസിയേഷന്‍, ഓറഞ്ച്‌ കൗണ്ടി യുണൈറ്റഡ്‌ മലയാളി അസോസിയേഷന്‍ (ഒരുമ- കാലിഫോര്‍ണിയ), മലയാളി സമാജം ഓഫ്‌ ന്യൂജേഴ്‌സി.

മറ്റു ചില സംഘടനകള്‍കൂടി അംഗത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതാത്‌ പ്രദേശത്തെ സംഘടനകളുടെ എതിര്‍പ്പു മൂലം പ്രസ്‌തുത അപേക്ഷകള്‍ പരിഗണിച്ചില്ലെന്ന്‌ സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ പറഞ്ഞു.

ഫിലഡല്‍ഫിയയ്‌ക്കടുത്ത്‌ ബെന്‍സലേം മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഹാളില്‍ നടന്ന ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ തോമസ്‌ ജോസ്‌ (ജോസുകുട്ടി) മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടും വരവ്‌ ചെലവ്‌ കണക്കുകളും ജനറല്‍ബോഡി പാസാക്കി. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഏബ്രഹാം ഫിലിപ്പ്‌ സി.പി.എ ഓഡിറ്റ്‌ ചെയ്‌ത കണക്ക്‌ പ്രകാരം രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം 26,997 ഡോളര്‍ നഷ്‌ടത്തിലാണ്‌ കലാശിച്ചത്‌. എന്നാല്‍ കപ്പലിലെ കണ്‍വന്‍ഷന്‍ ലാഭകരമായിരുന്നു. നേരത്തെ നടന്ന കേരളാ കണ്‍വന്‍ഷന്‍, ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌ സമ്മിറ്റ്‌ എന്നിവയ്‌ക്കുവന്ന ചെലവുകളാണ്‌ കൂടുതലും നഷ്‌ടംവരുത്തിയത്‌.

നഷ്‌ടം വന്ന തുക പ്രസിഡന്റ്‌ ബേബി ഊരാളില്‍ നികത്തുന്നതാണെന്ന്‌ അറിയിച്ചു. മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്‌ എന്നിവര്‍ വഹിച്ച നഷ്‌ടവുമായി നോക്കുമ്പോള്‍ ഇത്തവണ അത്‌ കുറയ്‌ക്കാനായി എന്നതില്‍ സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍ സന്തുഷ്‌ടി പ്രകടിപ്പിച്ചു. ഭാവിയില്‍ നഷ്‌ടമില്ലാതെ തന്നെ കണ്‍വന്‍ഷന്‍ നടത്താനാകും എന്നവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്‌തു.

അംഗങ്ങള്‍ നല്‍കിയ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ ബേബി ഊരാളില്‍ നന്ദി പറഞ്ഞു. സ്ഥാനമോഹങ്ങളില്ലെന്നും സംഘടനയുടെ ഉറച്ച പ്രവര്‍ത്തകനായി ഏതു സഹായത്തിനും തയാറായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണക്ക്‌ പ്രകാരം 161,138 ഡോളര്‍ ചെലവുള്ളപ്പോള്‍ വരവ്‌ 134,140 ഡോളറാണ്‌. സ്‌പോണ്‍സര്‍ഷിപ്പാണ്‌ കൂടുതല്‍ വരുമാനം നല്‍കിയത്‌. 63,744 ഡോളര്‍. കപ്പല്‍ കമ്പനിയില്‍ നിന്ന്‌ 18,209 ഡോളര്‍ കിട്ടി. സുവനീറില്‍ നിന്നും 5960 ഡോളര്‍. നോമിനേഷനുകള്‍ക്കും, അപേക്ഷകള്‍ക്കും 8200 ഡോളര്‍. ഒരുപിടി ഡോളര്‍ പദ്ധതിക്ക്‌ 4022 ഡോളര്‍. ഫോമ ഹെല്‍പ്‌ ലൈന്‌ ലഭിച്ചത്‌ 4676 ഡോളര്‍.

ചെലവുകളില്‍ കണ്‍വന്‍ഷനുള്ള ചെലവുകള്‍ 71000 ഡോളറാണ്‌. ഹെല്‍പ്‌ ലൈന്‍ വഴി 4699 ഡോളര്‍ നല്‍കി. കേരളത്തിലെ പരസ്യ ഏജന്റ്‌ ജറോമിന്‌ തര്‍ക്കത്തിലായിരുന്ന 3200 ഡോളര്‍ നല്‍കി.

കണ്‍വന്‍ഷന്‌ നാട്ടില്‍ നിന്ന്‌ വിശിഷ്‌ടാതിഥികളെ കൊണ്ടുവരാന്‍ വിമാന ടിക്കറ്റ്‌ തന്നെ 10,071 ഡോളറായി.

ഇവയെല്ലാം കണക്കുള്ള ചെലവുകള്‍. യാത്രയ്‌ക്കും മറ്റും ഭാരവാഹികള്‍ സ്വന്തം കൈയ്യില്‍ നിന്നാണ്‌ ചെലവിട്ടത്‌.

സംഘടനയെ പുതിയ തലങ്ങളിലേക്കുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെയ്‌ക്കുമെന്ന്‌ പുതിയ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ പറഞ്ഞു.
ഫോമയില്‍ നാലു സംഘടനകള്‍ കൂടി; കണ്‍വന്‍ഷന്‍ വര്‍ഷം മാറ്റില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക