Image

ഗര്‍ഷോം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Published on 30 October, 2012
ഗര്‍ഷോം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ക്വാലാലംപൂര്‍ : ഒന്‍പതാമത് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ ക്വാലാലംപൂരിലെ ബാധുകേവ്‌സ് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌കാര്യ മന്ത്രി ഡെതുക് സെരി ജി. പളനിവേലു സമ്മാനിച്ചു. മലേഷ്യന്‍ സാംസ്‌കാരിക സഹമന്ത്രി ഡെതുക് സെരി മഗ്‌ളിന്‍ ഡെന്നീസ് ഡിക്രൂസ് മുഖ്യാതിഥിയായിരുന്നു. ഡോ. ജോര്‍ജ് എം. കാക്കനാട്ട്, വല്‍സല രാജാറാം, ആന്റോച്ചന്‍ തോമസ്, ഡോ. ജോണ്‍സണ്‍ സി. ലൂക്കോസ്, സതീശന്‍ ഗോപാലന്‍ എന്നിവര്‍ യഥാക്രമം പ്രവാസി രത്‌ന, പ്രവാസി വനിത, യുവ പ്രവാസി, പ്രവാസി റിട്ടേണി, പ്രത്യേക പുരസ്‌കാരം എന്നിവ ഏറ്റുവാങ്ങിയത്.

മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള 2011 ലെ ഗര്‍ഷോം പുരസ്‌കാരം ചെന്നൈയിലെ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് പ്രസിഡന്റ് നന്ദുഗോവിന്ദ് ഏറ്റുവാങ്ങി. ഓള്‍ മലേഷ്യ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ധന്‍ശ്രീ രവീന്ദ്രന്‍ മേനോന്‍, കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയില്‍, എന്‍.ആര്‍ നമ്പ്യാര്‍, സരസ് നായര്‍, ഗര്‍ഷോം ഇന്‍ഫോ മീഡിയ ലിമിറ്റഡ് ഡയറക്ടര്‍മാരായ ജിന്‍സ് പോള്‍, ജെയ്‌ജോ ജോസഫ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഒന്‍പതാമത് ഗര്‍ഷോം അവാര്‍ഡ്ദാന ചടങ്ങിനോടനുബന്ധിച്ച് മലേഷ്യന്‍ മലയാളികളുടെ വിവിധകലാപരിപാടികളും അരങ്ങേറി. മലേഷ്യ ഹിന്ദു മലയാളി പരിഷത്ത്, പുത്രജയ മലയാളി സമാജം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഓള്‍ മലേഷ്യ മലയാളി അസോസിയേഷന്‍ (അമ്മ) ആണ് ഒന്‍പതാമത് ഗര്‍ഷോം പുരസ്‌കാര ദാന ചടങ്ങ് സംഘടിപ്പിച്ചത്. മലയാളികളുടെ യശസ് ഉയര്‍ത്തിയ പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബാംഗളൂര്‍ ആസ്ഥാനമായ ഗര്‍ഷോം ഇന്‍ഫോ മീഡിയ ലിമിറ്റഡ് 2003 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

അമേരിക്കയിലെ ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ജോര്‍ജ് കാക്കനാട്ട് കേരളത്തിലെ നിരവധി സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഡോ. ജോര്‍ജ് ടെക്‌സാസില്‍ നിന്നും പുറത്തിറങ്ങുന്ന മലയാള പ്രസിദ്ധീകരണമായ ആഴ്ചവട്ടത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയാണ്. വിവിധ രാജ്യങ്ങളില്‍ നടത്തിവരുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂടെ മലേഷ്യയില്‍ വസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനമായ വ്യക്തിത്വമാണ് വല്‍സല രാജാറാമിന്റേത്. മലേഷ്യയുടെ മലയാളി അംബാസിഡറായിരുന്ന രാജാറാമിന്റെ ഭാര്യയാണ് വല്‍സല. 

സാമൂഹ്യസേവനരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച മുപ്പതുകാരനായ ആന്റോച്ചന്‍ തോമസ് സിങ്കപ്പൂര്‍ ആസ്ഥാനമായ ഓര്‍ലെ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ കമ്പനിയായ ചെന്നൈയിലെ പ്രോഎക്‌സ്എസ് ഇഫോകോമിന്റെ ഡയറക്ടര്‍ കൂടിയാണ്. 11 വര്‍ഷത്തെ അമേരിക്കന്‍ ജീവിതാനുഭവങ്ങളുമായി കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം ഡോ. ജോണ്‍സണ്‍ ഡോണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആരംഭിക്കുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് ഡോണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠനം നടത്തിവരുന്നത്. മലേഷ്യയിലെ മലയാളികളുടെ കൂട്ടായ്മ വളര്‍ത്തുന്നതിനും സംഘടനപ്രവര്‍ത്തനങ്ങള്‍ക്കും നല്കിയ സംഭാവനകാളാണ് സതീശന്‍ ഗോപാലനെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തമിഴ്‌നാട്ടിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മയാണ് മികച്ച പ്രവാസി മലയാളി സംഘടന പുരസ്‌കാരം നേടിയ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍ (സിടിഎംഎ).

ഗര്‍ഷോം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക