Image

എമര്‍ജിംഗ്‌ കേരളത്തിന്റെ ബാക്കിപത്രം (ജോസ്‌ കാടാപുറം)

Published on 29 October, 2012
എമര്‍ജിംഗ്‌ കേരളത്തിന്റെ ബാക്കിപത്രം (ജോസ്‌ കാടാപുറം)
വിദേശികള്‍ ഉള്‍പ്പടെയുള്ള വ്യവസായ സംരംഭകരെ വിളിച്ചുവരുത്തി എമര്‍ജിംഗ്‌ കേരള പരിപാടി നടത്തിയവര്‍ നാട്ടിലെ പ്രശസ്‌തിയാര്‍ജ്ജിച്ച വ്യവസായങ്ങളെ നാടുകടത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്റെ കഥയാണ്‌ ഒക്‌ടോബറിലെ കേരളം നമ്മോട്‌ പറയുന്നത്‌. പതിനയ്യായിരം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന വ്യവസായ ശാല. മൂന്നു കമ്പനികള്‍ അടങ്ങുന്ന വ്യവസായ ശൃംഖല. ഇതില്‍ ഒന്നില്‍ മാത്രം 8000 തൊഴിലാളികള്‍. അതില്‍ അയ്യായിരം പേര്‍ക്ക്‌ ഭക്ഷണവും താമസവും സൗജന്യം. ഇങ്ങനെയുള്ള കേരളത്തിലെ കിറ്റെക്‌സ്‌ വസ്‌ത്ര നിര്‍മ്മാണ ഗ്രൂപ്പ്‌ പെരുമയുള്ളതാണ്‌. ഈ ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ്‌ 1100 കോടി. സര്‍ക്കാരിന്‌ നല്‍കുന്ന നികുതി 21 കോടി. തൊഴിലാളികള്‍ക്ക്‌ വിതരണം ചെയ്യുന്ന മൊത്ത ശമ്പളം 68 കോടി.

ഇപ്പറഞ്ഞ കാര്യങ്ങള്‍ ഉള്ള ഒരു കമ്പനി എമര്‍ജിംഗ്‌ കേരളയിലൂടെ നൂലില്‍ കെട്ടിയിറക്കപ്പെടുമെന്ന്‌ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞ സായിപ്പിന്റെ കമ്പനിയെ കുറിച്ചല്ല, മറിച്ച്‌ കൃഷിക്കാരനായിരുന്ന മെയ്‌ക്കാംകുന്നില്‍ ചാക്കോ മകന്‍ ജേക്കബിന്റെ അന്ന അലീമിനിയം-കിറ്റെക്‌സ്‌ കമ്പനിയെക്കുറിച്ചാണ്‌.

ഇപ്പോള്‍ ഈ സ്ഥാപനം നേരിടുന്ന പ്രതിസന്ധി തൊഴിലാളി സമരമോ, മാനേജ്‌മെന്റ്‌ കെടുകാര്യസ്ഥതയോ അല്ല. മറിച്ച്‌ കേരളത്തിന്റെ ഭരണകക്ഷി നേതൃത്വമാണ്‌. വികസനം, വികസനം എന്ന്‌ ജപിച്ച്‌ നടക്കുന്ന നമ്മുടെ കോണ്‍ഗ്രസ്‌ ഭരണകക്ഷി. അവര്‍ക്ക്‌ താളംതുള്ളുന്ന ഉദ്യോഗസ്ഥന്മാര്‍.എറണാകുളം ജില്ലയിലെ ഒരു കോണ്‍ഗ്രസ്‌ എം.എല്‍.എ, അയാള്‍ക്ക്‌ താളംതുള്ളുന്ന സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കള്‍, കിഴക്കമ്പലത്തെ പഞ്ചായത്ത്‌ അധികൃതരുംകൂടി നാടു കടത്താന്‍ ഒരുങ്ങിയപ്പോള്‍ 262 കോടി രൂപ മുടക്കി വ്യവസായം വിപുലീകരിക്കാന്‍ തീരുമാനിച്ച കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ യന്ത്രസാമിഗ്രികള്‍ക്ക്‌ ഓര്‍ഡര്‍ കൊടുത്ത്‌, 4000 പേര്‍ക്ക്‌ പുതുതായി തൊഴില്‍ കൊടുക്കാന്‍ കഴിയുന്ന പുതിയ സംരംഭം കിഴക്കമ്പലത്തെ കോണ്‍ഗ്രസ്‌ നേതാക്കളും ഉദ്യോഗസ്ഥ പ്രമാണിമാരും അവരുടെ പകപോക്കലുകള്‍ കാരണം ശ്രീലങ്കയില്‍ പുതിയ പ്രോജക്‌ട്‌ തുടങ്ങിയാലോ എന്ന്‌ ആലോചിക്കുന്നു. ഖേദകരമാണെന്നല്ലാതെ എന്തു പറയാന്‍. വ്യവസായ നിക്ഷേപവുമായി വരുന്ന ആര്‍ക്കും 24 മണിക്കൂറിനുള്ളില്‍ എല്ലാ അനുമതിയും ലഭ്യമാക്കുമെന്ന്‌ വീമ്പിളക്കി കഴിയുന്ന ഉമ്മന്‍ചാണ്ടിയും ബെന്നി ബഹനാനും നേതൃത്വം കൊടുക്കുന്ന കേരള സര്‍ക്കാരിന്റെ മൂക്കിന്‌ താഴെ ഒരു ഗേറ്റ്‌ വെയ്‌ക്കാന്‍ ഒരു കൊല്ലമായി അപേക്ഷ കൊടുത്ത്‌ കാത്തിരിക്കുന്ന ഒരു വ്യവസായിയുടെ ഗതിയാണ്‌ എമര്‍ജിംഗ്‌ കേരളയുടെ ബാക്കിപത്രം. കിറ്റെക്‌സ്‌ എം.ഡി സാബു ജേക്കബിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വ്യവസായ ലൈസന്‍സ്‌ പുതുക്കി നല്‍കാതെ, കാലാകാലങ്ങളായുള്ള അനുമതികള്‍ നല്‍കാതിരിക്കുക, ഓരോ വര്‍ഷവും ഫാക്‌ടറി നടത്താന്‍ വേണ്ട ലൈസന്‍സ്‌ പുതുക്കി നല്‍കാതെ കഷ്‌ടപ്പെടുത്തുന്നുവെന്നാണ്‌.

കിഴക്കമ്പലത്തെ ചില ഗുണ്ടാ സംഘങ്ങളും, കോണ്‍ഗ്രസ്‌ നേതാക്കളും കിറ്റെക്‌സ്‌ പൂട്ടിക്കാന്‍ ശ്രമിക്കുന്നത്‌ ഖേദകരമാണ്‌.

നാട്ടിലെ വ്യവസായങ്ങളെ നാടു കടത്തിയിട്ട്‌ വിദേശ വ്യവസായങ്ങള്‍ കൊണ്ടുവരുമെന്ന്‌ പറയുന്നതിന്റെ ആത്മാര്‍ത്ഥത മനസിലാകുന്നില്ല. കിറ്റെക്‌സ്‌ എം.ഡി സാബു ജേക്കബ്‌ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പറഞ്ഞത്‌ ഫാക്‌ടറി നടത്തിക്കൊണ്ടു പോകണമെങ്കില്‍ ലോക്കല്‍ കോണ്‍ഗ്രസ്‌ നേതാക്കളോട്‌ രമ്യതപ്പെടാനാണ്‌. അതിവേഗം ബഹുദൂരം ആവര്‍ത്തിച്ച്‌ ഉരുവിടുന്ന ഉമ്മന്‍ചാണ്ടിക്ക്‌ വര്‍ഷങ്ങളുടെ പഴക്കമുള്ള, ധാരാളം പേര്‍ക്ക്‌ ജോലി നല്‍കുന്ന കിറ്റെക്‌സ്‌ കമ്പനിയോട്‌ യാതൊരു കനിവുമില്ല. ആയിരങ്ങളെ ക്ഷണിച്ചുവരുത്തി നഗരങ്ങളും ഗ്രാമങ്ങളിലും പോയി അപേക്ഷ നേരിട്ടുവാങ്ങി അവിടെ വെച്ചു തന്നെ ഒപ്പിട്ടു തീര്‍പ്പു കല്‍പിക്കുന്ന മുഖ്യമന്ത്രി 21 കോടി രൂപയുടെ നികുതി കേരള ഗവണ്‍മെന്റിന്‌ അടയ്‌ക്കുന്ന 15000 മലയാളികള്‍ക്ക്‌ ജോലി നല്‍കുന്ന ഒരു സ്ഥാപനത്തിന്റെ ചുമതലക്കാര്‍ക്ക്‌ ഒരു മതിലു വെയ്‌ക്കാനോ, ഫാക്‌ടറിയുടെ വാര്‍ഷിക ലൈസന്‍സ്‌ പുതുക്കാനുള്ള അപേക്ഷയില്‍ തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ കഴിയാത്തത്‌ എന്ത്‌ മര്യാദകേടിന്റെ പേരിലായാലും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്‌. ഈ രീതിയാണ്‌ എമര്‍ജിംഗ്‌ കേരളയെങ്കില്‍ അതിന്റെ ഗതി ചിന്താക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

കയറ്റുമതിയില്‍ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായ കിറ്റെക്‌സ്‌ ഗാര്‍മെന്റ്‌സ്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ എല്ലാ ഗുണനിലവാരങ്ങളും പാലിച്ചാണ്‌ അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും 1000 കോടി രൂപയുടെ ഓര്‍ഡര്‍ കഴിഞ്ഞ ജനുവരിയില്‍ കിറ്റെക്‌സിന്‌ ലഭിച്ചത്‌. വാള്‍മാര്‍ട്ട്‌, റ്റോയ്‌സ്‌റെസ്‌, കിഡ്‌സ്‌ സിറ്റി ഇവയുടെ ഓര്‍ഡറുകള്‍ക്കു പുറമെ ഗുണനിലവാരമുള്ള പ്രത്യേക അവാര്‍ഡ്‌ കിറ്റെക്‌സ്‌ എം.ഡിക്ക്‌ അമേരിക്കയില്‍ നിന്ന്‌ നല്‍കുകയുണ്ടായി.

ചുരുക്കത്തില്‍ കേരളവും കിഴക്കമ്പലം പഞ്ചായത്തും കോണ്‍ഗ്രസ്‌ ഭരിക്കുമ്പോള്‍ മാത്രം കിറ്റെക്‌സ്‌ പോലുള്ള പ്രശസ്‌തമായ കമ്പനികള്‍ പൂട്ടിക്കാന്‍ നോക്കുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഭരണകക്ഷി നേതാക്കള്‍ തന്നെയാണെന്ന്‌ അറിയുമ്പോള്‍ ഇനിയും എമര്‍ജ്‌ ചെയ്യപ്പെടാത്ത കേരളത്തിന്റെ പുരോഗതിക്ക്‌ , വികസനത്തിന്‌ തടസ്സം നില്‍ക്കുന്ന ശക്തികളെ തിരിച്ചറിയിടേണ്ടതുണ്ട്‌.
എമര്‍ജിംഗ്‌ കേരളത്തിന്റെ ബാക്കിപത്രം (ജോസ്‌ കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക