Image

ഓക്‌ലാന്‍ഡില്‍ നിത്യസഹായമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

റെജി ചാക്കോ ആനിത്തോട്ടത്തില്‍ Published on 27 October, 2012
ഓക്‌ലാന്‍ഡില്‍ നിത്യസഹായമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ കൊന്തനമസ്‌കാരവും നിത്യസഹായ മാതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ഒക്‌ടോബര്‍ 11 മുതല്‍ 20 വരെ എപ്‌സം കാത്തലിക് പള്ളിയിലാണ് കൊന്തനമസ്‌കാരം നടത്തിയത്. ദിവസേന വൈകിട്ട് ഏഴിന് ദിവ്യബലിയും തുടര്‍ന്ന് ജപമാലയും നൊവേനയും ലദീഞ്ഞും നടത്തി. ഓരോ ദിവസത്തേയും ആഘോഷങ്ങള്‍ക്ക് വിവിധ കുടുംബ യൂണിറ്റുകള്‍, സണ്‍ഡേസ്‌കൂള്‍, യൂത്ത് ഗ്രൂപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

21ന് (ഞായര്‍) ഉച്ചയ്ക്കുശേഷം എപ്‌സം സെന്റ് കത്ത് ബര്‍ട്ട് കോളജ് ഓഡിറ്റോറിയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ നടന്നു. ഓക്‌ലാന്‍ഡ് രൂപത മെത്രാന്‍ റെറ്റ് റവ. ഡോ. പാട്രിക്ഡണ്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ബിഷപ്പിനേയും മറ്റു വിശിഷ്ടാതിഥികളേയും കേരളീയ രീതിയില്‍ സ്വീകരിച്ചാനയിച്ചു. സീറോ മലബാര്‍ റീത്തിലുള്ള മലയാളം കുര്‍ബാനയില്‍ ബിഷപ്പിനോടൊപ്പം മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര വെല്ലിംഗ്ടണ്‍ രൂപതയിലെ ഫാ. വര്‍ഗീസ് തുരുത്തിച്ചിറ, ഹാമില്‍ട്ടണ്‍ രൂപതയിലെ ഫാ. സിജോ, എപ്‌സം കാത്തലിക് പള്ളി വികാരി മോണ്‍. പാറ്റ് വാര്‍ഡ്, സിഎസ്എസ്ആര്‍ സന്യാസസഭയുടെ ന്യൂസിലാന്‍ഡ് സൂപ്പീരിയര്‍ ഫാ. പീറ്റര്‍ ബ്രൗണ്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. 

കുര്‍ബാനയ്ക്കുശേഷം സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, ക്വയര്‍, ടാബ്ലോ എന്നിവയും മുതിര്‍ന്നവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റും കാണികളെ പുളകം കൊള്ളിച്ചു. ചടങ്ങില്‍ മുഴുവന്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരേയും ഉപഹാരം നല്‍കി ആദരിച്ചു. ബിഷപ്പിനൊപ്പം ഫാ. പീറ്റര്‍ ബ്രൗണിനേയും ഫാ. ജോയി പൊന്നാട അണിയിച്ചു. സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഉപഹാരം ട്രസ്റ്റിമാര്‍ സമ്മാനിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

ജനറള്‍ കണ്‍വീനര്‍ ടോമി ജോസഫ്, ട്രസ്റ്റി പോള്‍ ജോസഫ്, ഫ്രാന്‍സിസ് വടശേരി പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുടുംബ യൂണിറ്റ് ഭാരവാഹികള്‍ എന്നിവരടങ്ങിയ തിരുനാള്‍ കമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.




ഓക്‌ലാന്‍ഡില്‍ നിത്യസഹായമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക