Image

കുവൈറ്റ്‌ അമീറിനെതിരെ പ്രസംഗിച്ച മൂന്ന്‌ മുന്‍ എം.പിമാര്‍ക്ക്‌ പത്ത്‌ ദിവസം തടവ്‌

Published on 27 October, 2012
കുവൈറ്റ്‌ അമീറിനെതിരെ പ്രസംഗിച്ച മൂന്ന്‌ മുന്‍ എം.പിമാര്‍ക്ക്‌ പത്ത്‌ ദിവസം തടവ്‌
കുവൈറ്റ്‌ സിറ്റി: അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹിനെതിരെ പ്രസംഗിച്ചു എന്ന കുറ്റത്തിന്‌ അറസ്റ്റിലായ മുന്‍ എം.പിമാരായ ഫലഹ്‌ അല്‍ സവ്വാഹ്‌, ഖാലിദ്‌ അല്‍ താഹൂസ്‌, ബദര്‍ അല്‍ ദാഹൂം എന്നിവരെ പത്ത്‌ ദിവസത്തേക്ക്‌ തടവിലിടാന്‍ ജനറല്‍ പ്രോസിക്യൂഷന്‍ ഉത്തരവായി.
സംഭവവുമായി ബന്ധപ്പെട്ട്‌ സവ്വാഹിനെയും ദാഹൂമിനെയും സുരഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ ചെയ്‌തപ്പോള്‍ താഹൂസ്‌ സ്വയം കീഴടങ്ങുകയായിരുന്നു.

തെരഞ്ഞെടുപ്പ്‌ നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഈമാസം പത്തിന്‌ ജാബിര്‍ അലിയിലെ ദീവാനിയയില്‍ നടന്ന പ്രതിപക്ഷ കൂട്ടായ്‌മയില്‍വെച്ച്‌ അമീറിനെതിരെ പ്രസംഗിച്ചു എന്നതാണ്‌ ഇവരുടെ മേല്‍ ചുമത്തപ്പെട്ടിരുന്നകുറ്റം. ഇതേ കുറ്റത്തിന്‌ പ്രതിപക്ഷ നിരയിലെ മുസല്ലം അല്‍ ബര്‍റാക്‌, ഉസാമ അല്‍ മുനവ്വര്‍ എന്നിവര്‍ക്കെതിരെയും അറസ്റ്റ്‌ വാറന്‍റുണ്ട്‌. മുനവ്വര്‍ കഴിഞ്ഞ ശനിയാഴ്‌ച ജഹ്‌റയിലെ ദീവാനിയയില്‍ നടന്ന കൂട്ടായ്‌മയിലും ബര്‍റാക്‌ തിങ്കളാഴ്‌ച ഡിറ്റര്‍മിനേഷന്‍ സ്‌ക്വയറില്‍ നടന്ന റാലിയിലും അമീറിനെതിരെ പരാമര്‍ശം നടത്തി എന്നതാണ്‌ കുറ്റം. രാജ്യത്തെ ഭരണഘടന അനുസരിച്ച്‌ അമീറിനെ വിമര്‍ശിച്ച്‌ സംസാരിക്കുന്നത്‌ കുറ്റകരമാണ്‌.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ വിമര്‍ശിച്ച വലീദ്‌ അല്‍ തബ്‌തബാഇ ഇവര്‍ക്കെതിരെ മോശം പെരുമാറ്റമുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക