Image

ചാരക്കേസ്: ഏതന്വേഷണം നടത്തുന്നതിലും വിരോധമില്ലെന്ന് സിബി മാത്യൂസ്

Published on 25 October, 2012
ചാരക്കേസ്: ഏതന്വേഷണം നടത്തുന്നതിലും  വിരോധമില്ലെന്ന് സിബി മാത്യൂസ്
(From the current issue of  Malayalam Pathram)
ന്യൂയോര്‍ക്ക്: ഐ.എസ്.ആര്‍.ഒ ചാരക്കേസ് സംബന്ധിച്ച് ഏതന്വേഷണം നടത്തുന്നതിലും ഒരു വിരോധവുമില്ലെന്ന് വിവരാവകാശ കമ്മിഷണറും മുന്‍ ഡി. ജി.പിയുമായ സിബി മാത്യൂസ്.

കേസന്വേഷണത്തില്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ താന്‍ ശുപാര്‍ശ ചെയ്തു എന്നൊരു തെറ്റേ ചെയ്തിട്ടുള്ളൂ.

അമേരിക്കയില്‍ ഇതാദ്യമായി സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മലയാളംപത്രത്തോട് പറഞ്ഞു.
കേസുണ്ടായിട്ട് 18 വര്‍ഷത്തോളമായി. ഇതുവരെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ പുതുതായി എന്താണ് ഉണ്ടായതെന്ന് അറിയില്ല.

ക്രൈംബ്രാഞ്ച് ഡി.ഐ.ജി എന്ന നിലയില്‍ 17 ദിവസമാണ് താന്‍ കേസ് അ ന്വേഷിച്ചത്. അന്നത്തെ ഡി ജി പി പി വി മധസൂദനന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷിച്ചത്.

അന്വേഷണകാര്യം ഡി ജി പിയും ക്രൈംബ്രാഞ്ച് ഐ ജി രാജഗോപാലന്‍നായരും സ്ഥിരമായി പരിശോധിച്ചിരുന്നു. താന്‍ തെറ്റുകാരനാണെങ്കില്‍ അവരും തെറ്റുകാര്‍ തന്നെ.

അന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സ്മാര്‍ട്ട് വിജയനടക്കം ആരും കേസില്‍ തെറ്റായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കരുതുന്നില്ല. പാക് പൗരന്മാര്‍ കേരളത്തില്‍ തങ്ങുന്നുവെന്ന കേന്ദ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറിയാണ് അക്കാലത്ത് വിദേശികളെപ്പറ്റി അന്വേഷിക്കാന്‍ ഉത്തര വിട്ടത്.

അതനുസരിച്ച് മാലിക്കാര്‍ മാത്രം താമസിക്കുന്ന ലോഡ്ജില്‍ വിജയന്‍ പരിശോധനയ്‌ക്കെത്തി. മറിയം റഷീദ എന്നൊരു സ്ത്രീ കുറെ മാസമായി അവിടെ താമസിക്കുന്നുണ്ടെന്നും അവര്‍ എന്തു ചെയ്യുന്നുവെന്ന് അറിയില്ലെന്നും ലോഡ്ജുകാര്‍ പറഞ്ഞു.

ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ നെടുമങ്ങാട്ടെ നമ്പറുകള്‍ അവിടെ മുമ്പ് എസ്.ഐ ആയിരുന്ന വിജയന്‍ കണ്ടു. ആ നമ്പറുകളില്‍ വിളിച്ചപ്പോള്‍ വലിയമല ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥരായ ശശികുമാര്‍, നമ്പി നാരായണന്‍ എന്നിവരെയാണ് കിട്ടിയത്.

തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോയെ വിവരമറിയിച്ചു. മറിയം റഷീദയുടെ പാസ്‌പോര്‍ട്ടില്‍ കൊളംബോയിലും വിവിധസ്ഥലങ്ങളിലും പോയതിന്റെ വിവരങ്ങളുണ്ടായിരുന്നു. അതിനൊന്നും തൃപ്തികരമായ വിശദീകരണം അവര്‍ക്ക് നല്‍കാനുണ്ടായിരുന്നില്ല.

ഒരു മാസത്തിനുശേഷമാണ് ഡി.ജി.പി തന്നെ കേസ് ഏല്‍പ്പിച്ചത്. 17 ദിവസത്തിനുശേഷം കൂടുതല്‍ അന്വേഷണത്തിന് താന്‍ സി.ബി.ഐക്ക് കേസ് വിടാന്‍ ശുപാര്‍ശ ചെയ്തു.

അതു മൂന്നുദിവസം കൊണ്ട് അംഗീകരിക്കപ്പെട്ടു. അന്നുമുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും സി.ബി.ഐ അന്വേഷണം അംഗീകരിച്ചതാണ്.

പിന്നീട് അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നതിന്റെ കാരണം തനിക്കറിയില്ല. ശുപാര്‍ശ ചെയ്തു മൂന്നു ദിവസം കൊണ്ടുതന്നെ സി.ബി.ഐ കേസ് ഏറ്റെടുത്തുവെന്നത് അതിന്റെ പ്രാധാന്യം കാട്ടുന്നു.

പക്ഷെ പിന്നീട് സി.ബി.ഐ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ കള്ളകേസാണെന്ന് പറഞ്ഞു. കള്ളകേസ് ആയിരുന്നുവെങ്കില്‍ സി.ബി.ഐ അന്വേഷണം തങ്ങള്‍ തന്നെ ആവശ്യപ്പെടുമോ? സി.ബി.ഐ അന്വേഷണം ആവശ്യമുണ്ടെന്നു കണ്ടതുകൊണ്ടു മാത്രമാണ് അതാവശ്യപ്പെട്ടത്. അതിലിപ്പോള്‍ ഖേദമുണ്ട്.
പോലിസ് ഇന്‍സ്‌പെക്ടര്‍ മറിയം റഷീദയുടെ കയ്യില്‍ കയറി പിടിച്ചുവെന്നും മറ്റുമാണ് ഇപ്പോള്‍ പ്രചാരണം. ഇന്‍സ്‌പെക്ടറുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതാണ് കേസിന് കാരണമെന്നും പ്രചരിപ്പിക്കുന്നു.

ഇതൊന്നും സത്യമല്ല. കേസില്‍ മറിയം റഷീദയ്ക്ക് പുറമെ കൂടെ താമസിച്ച ഫൗസിയ, ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥരായ ശശികുമാര്‍, നമ്പിനാരായണന്‍, വ്യാപാരി ചന്ദ്രശേഖരന്‍ എന്നിവരാണ് അറസ്റ്റിലായത്.

പഴയ രേഖകളും മറ്റും പരിശോധിക്കാതെ തനിക്ക് കേസിനെപ്പറ്റി വ്യക്തമായി പറയാനാവില്ല. എന്തായാലും നാട്ടില്‍ മടങ്ങി എത്തിയാലുടന്‍ ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് വിശദീകരിക്കും--ഭാര്യ ഗ്രേസ്, പുത്രന്‍ എഡ്വിന്‍ എന്നിവര്‍ക്കൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം പറഞ്ഞു. അമ്മയുടെ അനിയത്തിയുടെ പുത്രന്‍ റോക്ലാന്‍ഡ് കൗണ്ടിയിലുള്ള ഡൊമിനിക് വയലുങ്കലിന്റെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹം സം സാരിച്ചത്.

മുപ്പത്തിമൂന്ന് വര്‍ഷത്തെ പോലിസ് ജീവിതത്തിനിടയില്‍ കേസന്വേഷണത്തിലൊന്നും രാഷ്ട്രീയക്കാരുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ താന്‍ ശ്രമിച്ചിട്ടില്ല.

അതിനാല്‍ രണ്ടു കൂട്ടരുടെ വിശ്വാസ്യത കൈവരിക്കാന്‍ കഴിഞ്ഞു. അതിനൊരു ദോഷവുമുണ്ട്. നമുക്കൊരു ആവശ്യം വരുമ്പോള്‍ പിന്തുണയ്ക്കാന്‍ ആരും കാണില്ല.

ഡി.ജി.പി റാങ്കിലായിരുന്നിട്ടും പോലിസ് മേധാവി ആകാതിരുന്നതില്‍ വിഷമമില്ല. വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഓഫര്‍ വന്നപ്പോള്‍ അത് സ്വീകരിച്ചു. പോലിസില്‍ നിന്നൊരു മാറ്റം ആവശ്യമുണ്ടെന്നും തോന്നി.

സ്റ്റേറ്റ് ബാങ്കില്‍ ഓഫിസറായിരിക്കെയാണ് ഐ.പി.എസ് ലഭിക്കുന്നത്. 1977ല്‍. ജോലി ശരിക്കു ചെയ്യുക എന്നതല്ലാതെ അതുപയോഗിച്ച് വ്യക്തിപരമായ നേട്ടമുണ്ടാക്കാനൊന്നും ഒരിക്കലും ശ്രമിച്ചില്ല. അതിന് ഖേദവുമില്ല. പോലിസിലും ഉദ്യോഗസ്ഥരിലും അത്തരക്കാരുണ്ട്. പക്ഷെ ബഹുഭൂരിപക്ഷവും അങ്ങനെ യാണെന്ന് പറയുന്നില്ല.

രാഷ്ട്രീയക്കാരില്‍ നിന്ന് തനിക്ക് തിക്താനുഭവമൊന്നും ഉണ്ടായിട്ടില്ല. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി പോവുമ്പോഴാണ് അതൊക്കെ സംഭവിക്കുക. പോലിസ് ജീവിതം കുടുംബജീവിതത്തെ ഏറെ ബാധിക്കും.
കേരളത്തില്‍ ഗുണ്ടായിസവും അക്രമവുമൊക്കെയുണ്ടെങ്കിലും അതൊക്കെ നേരിടാന്‍ പോലിസിനു കെല്‍പ്പുണ്ട്. നല്ല ഓഫിസര്‍മാര്‍ക്ക് അര്‍ഹമായ പിന്തുണ പലപ്പോഴും ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. പോലിസില്‍ നീതിപൂര്‍വം മാത്രം പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിനു ഇപ്പോഴും അവസരമുണ്ട്.

വിഷമം പിടിച്ച കേസുകള്‍ പലപ്പോഴും തന്നെ ഏല്‍പ്പിച്ചിരുന്നു. ഹൈക്കോടതി തന്നെ ചിലപ്പോള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. കല്ലുവാതുക്കള്‍ മദ്യദുരന്തം അതിലൊന്നായിരുന്നു. പോലിസ് ജീവിതത്തിലെ മറക്കാനാവാത്ത കേസുകളിലൊന്നായിരുന്നു അത്. വിഷമകരമായ കേസ് ഏറ്റെടുക്കണമെന്ന് പ്രത്യേകം ആഗ്രഹിച്ചിട്ടില്ല. തലവേദന ഏറ്റെടുക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ?

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഉദ്യോഗസ്ഥ ലോബി ശ്രമിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് അടുത്തയിടയ്ക്ക് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

ഓരോ ഓഫിസിലും വിവരാവകാശ നിയമപ്രകാരം ഒരുദ്യോഗസ്ഥനെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആയി ചുമതലപ്പെടുത്തും. വില്ലേജ് ഓഫിസില്‍ അതു വില്ലേജ് ഓഫിസറും ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററുമാണ്. നിയമപ്രകാരം വിവരം ചോദിക്കുന്നയാള്‍ക്ക് സര്‍ട്ടിഫൈഡ് കോപ്പി നല്‍കണം.

സെക്രട്ടേറിയറ്റിലെ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നു നിശ്ചിത ഓഫിസര്‍. പക്ഷെ ആ ചുമതല ഇപ്പോള്‍ താഴേതട്ടിലുള്ള സെക്ഷന്‍ ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരിലേക്കു പോയി.

താന്‍ നല്‍കിയ പരാതിയുടെ സ്ഥിതി എന്തായി എന്ന് ഒരാള്‍ അന്വേഷിച്ചെന്നിരിക്കട്ടെ. സെക്ഷന്‍ ഓഫിസര്‍ ചോദിച്ചാല്‍ മേലുദ്യോഗസ്ഥന്‍ ഫയലുകള്‍ കൊടുക്കുമോ?

പ്പോള്‍ സെക്ഷന്‍ ഓഫിസര്‍ നിസഹായനാകുന്നു. നേരെ മറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ് ഡസിഗ്നേറ്റഡ് ഓഫിസറെങ്കില്‍ ഫയല്‍ വരുത്തി ഇപ്പോഴത്തെ സ്ഥിതി ആവശ്യപ്പെട്ടയാളെ അറിയിക്കാനാവും.

എന്തായാലും മുഖ്യമന്ത്രി നിയമം ശക്തമായി നടപ്പിലാക്കണമെന്ന പക്ഷക്കാരനാണ്.

ടുജി സ്‌പെക്ട്രം അഴിമതി പുറത്തുവരുന്നത് പയനിയര്‍ പത്രം റിപ്പോര്‍ട്ടറായ ഗോപികൃഷ്ണന്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ വഴിയാണ്.

അതിനാല്‍ ഈ നിയമം സുപ്രധാനമാണ്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസിന്റെ കോപ്പിയോ ലഭിച്ച മാര്‍ക്കോ ഒക്കെ പരിശോധിക്കണമെങ്കില്‍ പോലും പത്തുരൂപ മുടക്കി നിശ്ചിത ഫോറത്തില്‍ അപേക്ഷിച്ചാല്‍ മതി.

പ്രവാസികള്‍ക്ക് കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലുള്ള ഈമെയില്‍ വഴിയും വിവരങ്ങള്‍ ആവശ്യപ്പെടാം. ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ഈ ആനുകൂല്യം.

ഓവര്‍സീസ് സിറ്റിസന്‍ഷിപ്പ് കാര്‍ഡ് ഉള്ളവരും ഇക്കാര്യത്തിലൊക്കെ പൗരന്മാര്‍ക്ക് തുല്യരാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ വിദേശ മലയാളി സംഘടനകള്‍ ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം
ചാരക്കേസ്: ഏതന്വേഷണം നടത്തുന്നതിലും  വിരോധമില്ലെന്ന് സിബി മാത്യൂസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക