Image

വേള്‍ഡ്‌ എനര്‍ജി ഫോറം ദുബായില്‍ സമാപിച്ചു

Published on 26 October, 2012
വേള്‍ഡ്‌ എനര്‍ജി ഫോറം ദുബായില്‍ സമാപിച്ചു
ദുബായ്‌: ഊര്‍ജോല്‍പാദന രംഗത്തെ വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്യുന്ന വേള്‍ഡ്‌ എനര്‍ജി ഫോറം ദുബായില്‍ സമാപിച്ചു. വേള്‍ഡ്‌ ട്രേഡ്‌ സെന്‍ററില്‍ നടക്കുന്ന ത്രിദിന സമ്മേളനം യു.എ.ഇ വൈസ്‌ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദ്‌ ആല്‍ മക്തൂം ഔചാരികമായി ഉദ്‌ഘാടനം ചെയ്‌തു. എല്ലാവര്‍ഷവും ഒക്ടോബര്‍ 22 അന്താരാഷ്ട്ര ഊര്‍ജദിനമായി പ്രഖ്യാപിക്കുന്ന കരാറില്‍ അദ്ദേഹം ഒപ്പുവെച്ചു.

ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന്‌ പുറത്തുവെച്ച്‌ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രതലവന്മാരെയും പ്രതിനിധികളെയും ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദും ദുബൈ ഉപഭരണാധികാരി ശൈഖ്‌ മക്തൂം ബിന്‍ മുഹമ്മദ്‌ ബിന്‍ റാശിദ്‌ ആല്‍ മക്തൂം സ്വാഗതം ചെയ്‌തു. ഊര്‍ജോല്‍പാദന രംഗത്ത്‌ ലോകം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന്‌ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ ശൈഖ്‌ മക്തൂം ബിന്‍ മുഹമ്മദ്‌ പറഞ്ഞു. സുസ്ഥിര ഊര്‍ജോല്‍പാദനത്തിലൂടെ മാത്രമേ രാഷ്ട്രങ്ങള്‍ക്ക്‌ സാമ്പത്തിക പുരോഗതി കൈവരിക്കാനാവൂ. 1.5 ബില്യണ്‍ ആളുകള്‍ വൈദ്യുതി അപര്യാപ്‌തത മൂലം വിഷമതകള്‍ അനുഭവിക്കുന്നുണ്ട്‌. വികസിത രാജ്യങ്ങള്‍ തമ്മിലെ പരസ്‌പര സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും ഈ പ്രതിസന്ധി പരിഹരിക്കാനാകും. എണ്ണയുല്‍പാദന രാജ്യമാണെങ്കിലും പരിസ്ഥിതി മലിനീകരണമുണ്ടാക്കാത്ത വിധം ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നതില്‍ യു.എ.ഇ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്‌. കൂടുതല്‍ സൗരോര്‍ജ പദ്ധതികളും മറ്റും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന്‍െറ ഭാഗമാണ്‌. വരും തലമുറക്ക്‌ വേണ്ടി പരിസ്ഥിതിയെ സംരക്ഷിച്ചു നിര്‍ത്തിയുള്ള വികസനവും വളര്‍ച്ചയുമാണ്‌ നമുക്കാവശ്യം. ഇക്കാര്യത്തില്‍ മറ്റുരാജ്യങ്ങള്‍ക്ക്‌ യു.എ.ഇ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക