Image

കുവൈറ്റില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി

സലിം കോട്ടയില്‍ Published on 25 October, 2012
കുവൈറ്റില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി
കുവൈറ്റ്‌ : ഇരുപതില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച്‌ കൂടുന്നത്‌ കുവൈറ്റില്‍ നിരോധിച്ചുകൊണ്‌ടുള്ള ഉത്തരവ്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

പ്രതിപക്ഷ കക്ഷികളുടെ റാലിക്കിടെ ഉണ്‌ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന്‌ രാജ്യത്തെ സുരക്ഷാസംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്‌. തെരഞ്ഞെടുപ്പ്‌ ഭേദഗതി കൊണ്‌ടുവന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കഴിഞ്ഞ കുറെ ദിവസങ്ങളായി ആയിരക്കണക്കിന്‌ ആളുകള്‍ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങള്‍ കുവൈറ്റ്‌ സിറ്റി കേന്ദ്രീകരിച്ച്‌ നടന്നുവരികയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ഉണ്‌ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ പ്രതിപക്ഷ നിരയിലെ പ്രമുഖനായ വലീദ്‌ തബ്‌തായി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ്‌ അറസ്റ്റ്‌ചെയ്‌തിരുന്നു.

രാജ്യത്തിന്റെ യശസ്‌ താഴ്‌ത്തി കെട്ടുവാനുള്ള കുത്സിതശ്രമത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന്‌ വ്യക്തമാക്കിയ സര്‍ക്കാര്‍ രാജ്യത്തിന്റെ ഒത്തൊരുമ സംരക്ഷിക്കേണ്‌ട ബാധ്യത സര്‍ക്കാരിനുണ്‌ടന്നും പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. അതിനിടെ രാജ്യത്തെ വിവിധ ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികള്‍ അമീറിന്‌ പൂര്‍ണ പിന്തുണയുമായി രംഗത്ത്‌ വന്നത്‌ സര്‍ക്കാരിന്‌ നേരിയ ആശ്വാസമായിട്ടുണ്‌ട്‌.

ഡിസംബര്‍ ഒന്നിന്‌ നടക്കുന്ന വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന പ്രതിപക്ഷ കഷികളുടെ തീരുമാനത്തെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ സൂചിപ്പിച്ചു. ഗോത്രങ്ങളുടെ പിന്തുണ സര്‍ക്കാരിന്‌ ലഭിച്ചതുകൊണ്‌ട്‌ , അവരെ ഉപയോഗിച്ച്‌ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വിള്ളല്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക