Image

ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങി

Published on 25 October, 2012
ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങി
മസ്‌കറ്റ്‌: ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ പുതുവസ്‌ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും, സദ്യയൊരുക്കാന്‍ വിഭവങ്ങളും തേടി ജനങ്ങള്‍ വിപണിയിലിറങ്ങിയതോടെ നാടും നഗരവും പെരുന്നാള്‍ തിരിക്കിലമരുന്നു. ഹൈപര്‍മാര്‍ക്കറ്റുകളും, വസ്‌ത്രാലയങ്ങളും മാത്രമല്ല, രാജ്യത്തെ പരമ്പരാഗത സൂഖുകളിലും വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. മസ്‌കത്ത്‌ നഗരത്തിലെ മത്ര സൂഖും, സീബ്‌ സൂഖും സാധനങ്ങള്‍ വാങ്ങാനെത്തിയ സ്വദേശികളുടെയും വിദേശികളുടെയും തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്‌.

ഒരാഴ്‌ചയായി പെരുന്നാള്‍ തിരക്കിലാണ്‌ സീബ്‌ സൂഖും പരിസരവമെന്നാണ്‌ ഇവിടുത്തെ കച്ചവടക്കാര്‍ പറയുന്നു. സുല്‍ത്താനേറ്റിന്‍െറ ദൂരെ ദിക്കുകളില്‍ നിന്ന്‌ പോലും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്‌. ഇവിടെയുള്ള മലയാളി സാന്നിധ്യവും ഏറെ ശ്രദ്ധേയമാണ്‌. കച്ചവടസ്ഥാപനങ്ങളില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണ്‌ നടത്തുന്നത്‌. അപൂര്‍വം ചില ഷോപ്പുകള്‍ സ്വദേശികളുടെ ഉടമസ്ഥതയിലാണെങ്കിലും ജോലിക്കാര്‍ മലയാളികള്‍ തന്നെ.

നഗരത്തിലെ ഹൈപാര്‍മാര്‍ക്കറ്റ്‌ ശൃംഖലകള്‍ പെരുന്നാള്‍ കെങ്കേമമാക്കാന്‍ വന്‍ ഓഫറുകളാണ്‌ നിരത്തുന്നത്‌. 50 ശതമാനം വിലക്കിഴിവ്‌ മുതല്‍ 15 റിയാലിന്‍െറ പര്‍ച്ചേസിന്‌ പത്ത്‌ റിയാലിന്‍െറ വിലയുള്ള വൗച്ചര്‍ നല്‍കുന്ന ഓഫറുകളുമുണ്ട്‌.

കന്നു കാലിചന്തകളിലും ഷോപ്പിങ്‌ മാളുകളിലും തിരക്കുതന്നെ. പെരുന്നാളിനാവശ്യമായ ബലി മൃഗങ്ങളെയും മറ്റും നേരത്തെ തന്നെ അധികൃതര്‍ ലഭ്യമാക്കിയിരുന്നു. വാദികബീര്‍ ചന്തയില്‍ ബുധനാഴ്‌ച നല്ല തിരക്കാണ്‌ അനുഭവപ്പെട്ടത്‌. കാലാധി കഴിഞ്ഞതും ഗുണ നിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പന്‌ തടയാന്‍ മുനിസിപ്പാലിറ്റി അധികൃതരും രംഗത്തുണ്ട്‌. ഇതിന്‍െറ ഭാഗമായി ഹോട്ടലുകളിലും കഫ്‌റ്റീരിയകളിലും ഫുഡ്‌സ്റ്റഫ്‌ കടകളിലും ഇറച്ചികടകളിലും പ്രത്യേക ടീം പരിശോധന നടത്തുന്നുണ്ട്‌. ആരോഗ്യ നിയമങ്ങള്‍ പാലിക്കാത്ത മുന്ന്‌ സ്ഥാപനങ്ങള്‍ അടക്കാനും അധികൃതര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ബലി പെരിന്നാളിനോടനുബന്ധിച്ച്‌ മാവേല സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ആവശ്യത്തിലധികം പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്‌തിട്ടുണ്ട്‌. വിവിധ രാജ്യങ്ങളില്‍ നിന്നായി 603 കണ്ടൈനറുകളിലായി 12,060 ടണ്‍ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളുമാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളില്‍ ഇറക്കുമതി ചെയ്‌തത്‌. പച്ചക്കറി മാര്‍ക്കറ്റിലും സ്ഥിരമായി പരിശോധന നടത്തുകയും കേടുവന്ന പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. 42,783 ടണ്‍ പച്ചകറികള്‍ നശിപ്പിച്ചിട്ടുണ്ട്‌.പെരുന്നാളിനെ വരവേല്‍ക്കാന്‍ പാര്‍ക്കുകളിലും മറ്റ്‌ പൊതു സ്ഥലങ്ങളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്‌. റോഡുകളും പൊതു സ്ഥലങ്ങളും പാര്‍ക്കുകളും അലങ്കരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ചുട്‌ കുറഞ്ഞതും അനുകൂലമായ കാലാവസ്ഥ വന്നെത്തിയും നീണ്ട പെരുന്നാള്‍ അവധിയും ചെലവഴിക്കാന്‍ ആളുകള്‍ കൂട്ടമായും കുടുംബമായും പാര്‍ക്കുകളിലേക്ക്‌ ഒഴൂകുന്നത്‌ പരിഗണിച്ചാണ്‌ പാര്‍ക്കുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നത്‌.

പെരുന്നാളിന്‍െറ നീണ്ട അവധി ചെലവഴിക്കാന്‍ സലാലയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ ഒഴുക്കും വര്‍ധിക്കാന്‍ സാധ്യതയുണ്ട്‌്‌. ദീര്‍ഘ യാത്ര നടത്തുമ്പോള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ റോയല്‍ ഒമാന്‍ പൊലിസ്‌ അധികൃതര്‍ മുന്നറിയിപ്പും നടത്തുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക