Image

നോവല്‍: ചില ചിന്തകള്‍ (ഡി. ബാബുപോള്‍)

ഡി. ബാബുപോള്‍ Published on 24 October, 2012
നോവല്‍: ചില ചിന്തകള്‍ (ഡി. ബാബുപോള്‍)
എന്താണ് നോവല്‍ എന്ന ചോദ്യത്തിന് ഓരോ ദേശത്തും ഓരോ കാലത്തും ഓരോരോ ഉത്തരമാവും കിട്ടുക. അവ പലപ്പോഴും പരസ്പരവിരുദ്ധമായെന്നും വരാം. എങ്കിലും ഒരു സാഹിത്യരൂപം എന്ന നിലയില്‍ നോവല്‍ സഹൃദയരുടെ ആകര്‍ഷണകേന്ദ്രമാണ്, വായന മരിക്കുന്നുവോ എന്ന ചോദ്യം കൂടക്കൂടെ ഉയരാറുള്ള ഇക്കാലത്തും.
കഥ പറയാന്‍ പദ്യവും മതി. എങ്കിലും നോവല്‍ എന്ന രൂപം ഉണ്ടാകുവാന്‍ ഗദ്യം വേണ്ടിയിരുന്നു. പദ്യത്തിന്‍െറ പരിമിതികളില്‍നിന്ന് ഗദ്യത്തിന്‍െറ സാധ്യതകളിലേക്ക് ഭാഷ വളര്‍ന്നതാണ് നോവലിന്‍െറ ഉല്‍പത്തിയിലേക്ക് വഴിതെളിച്ച പ്രധാന ഘടകം. അത് ഒരു പരിമിതിയും സൃഷ്ടിച്ചു എന്ന് വേണമെങ്കില്‍ പറയാം. പദ്യം വാമൊഴിയായി പ്രചരിക്കാം. നോവലിന് വരമൊഴി തന്നെ വേണം. ഇക്ഷ്വാകുവംശത്തിലെ സ്തുതിപാഠകര്‍ എത്രയോ കാലം പാടിപ്പതിപ്പിച്ചതിനുശേഷമാണ് രാമകഥ രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍, രാമായണത്തിലെ ഇതിവൃത്തം ആസ്പദമാക്കി ഒരു നോവല്‍ എഴുതപ്പെടാന്‍ ഗദ്യം രൂപപ്പെടുകയും വികസിതമാവുകയും വേണമല്ലോ.
വേറെയും രണ്ട് ഘടകങ്ങള്‍ കൂടാതെ നോവലിന് സ്വീകാര്യതയോ പുരോഗതിയോ ഉണ്ടാകുമായിരുന്നില്ല. വിശ്രമവേളയും സാക്ഷരതയുമാണ് സൂചിപ്പിക്കുന്നത്. കൃഷ്ണഗാഥയും കുചേലവൃത്തവും പാടാനും കേള്‍ക്കാനും വിശ്രമവേള അനുപേക്ഷണീയമല്ല. അവ ഹൃദിസ്ഥമാക്കാന്‍ സാക്ഷരതയും അനിവാര്യമല്ല. ‘രണ്ടാമൂഴം’ അങ്ങനെയല്ല. വിശ്രമവേളയും സാക്ഷരതയും അന്യമായ ഒരു സമൂഹത്തില്‍ ‘രണ്ടാമൂഴം’ ഉണ്ടാകുമായിരുന്നില്ല; ഉണ്ടായിരുന്നെങ്കില്‍തന്നെ അന്ത$പുരങ്ങളിലെ തമ്പുരാട്ടിമാരുടെ വിനോദോപാധിയായി ചുരുങ്ങുമായിരുന്നു.
ഈ ഘടകങ്ങള്‍ എല്ലാം ഒത്തുവന്നപ്പോഴാണ് പതിനെട്ടാം നൂറ്റാണ്ടിന്‍െറ അവസാനപാദത്തോടെ നോവലിന് പിറക്കാനും പിച്ചവെച്ച് വളരാനുമുള്ള സാഹചര്യം ഇംഗ്ളണ്ടില്‍ ഉണ്ടായത്. ടിന്‍ഡലിന്‍െറയും വൈക്ളിഫിന്‍െറയും ബൈബ്ള്‍ പരിഭാഷകള്‍ ഗദ്യസാഹിത്യത്തിന് ഉറപ്പുള്ള വഴി ഒരുക്കി. വ്യവസായവിപ്ളവം മനുഷ്യന്‍െറ ജോലിഭാരം കുറച്ചു. വിശ്രമവേളകള്‍ നവസാക്ഷരരെ സൃഷ്ടിച്ചു. നോവല്‍ എന്ന സാഹിത്യശാഖ ഉരുവായ സാഹചര്യങ്ങളെ ലളിതമായി ഇങ്ങനെ വിവരിക്കാമെന്ന് തോന്നുന്നു.
മനുഷ്യനും അവന്‍െറ ചുറ്റുവട്ടവും തമ്മിലുള്ള ബന്ധം അപഗ്രഥനവിധേയമാക്കുകയാണല്ലോ നോവല്‍ ചെയ്യുന്നത്. രണ്ടിടങ്ങഴി, ചെമ്മീന്‍, ഏണിപ്പടികള്‍, കയര്‍ എന്നീ കൃതികള്‍ പരിശോധിക്കുക. അത്യന്തം വിഭിന്നമായ കഥകള്‍. എന്നാല്‍, വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധങ്ങളാണ് എല്ലാ കൃതികളിലും വിവരണം കൊണ്ടായാലും അപനിര്‍മാണം കൊണ്ടായാലും, കഥയുടെ ഗരിമയും കഥാഗതിയുടെ പ്രയാണവും നിര്‍വഹിക്കുന്നത്. ഒരാളുടെ വിവിധ കൃതികള്‍ തമ്മില്‍ മാത്രമല്ല ഇങ്ങനെ ഒരു സമാനധര്‍മം കാണുന്നത്. ഡിക്കന്‍സ് തൊട്ട് ഗാല്‍സ്വര്‍ത്തി വരെ ഒരേ കളരിയിലെ ആശാന്മാര്‍ മുതല്‍ ഡി.എച്ച്. ലോറന്‍സ് മുതല്‍ ജയിംസ് ജോയ്സ് വരെയുള്ള വ്യക്ത്യധിഷ്ഠിത വിശകലനപ്രധാനമായ കൃതികള്‍ ചമച്ചിട്ടുള്ളവര്‍ വരെ ഈ നിയമത്തെ ബലപ്പെടുത്തുകയാണ്. ഒരു കൂട്ടര്‍ സംഭവങ്ങളുടെ വിവരണത്തിലൂടെയാണ് പാരസ്പര്യത്തിന്‍െറ വിശകലനം നിര്‍വഹിക്കുന്നതെങ്കില്‍ ജയിംസ് ജോയ്സിനെ പോലെയുള്ളവര്‍ മനസ്സിന് പുറത്ത് അരങ്ങേറുന്ന സംഭവങ്ങളെ മനസ്സിനകത്ത് അനുഭവപ്പെടുന്ന അനുരണനങ്ങളിലൂടെ അപഗ്രഥിച്ചുകൊണ്ടാണ് അത് സാധിച്ചത് എന്നുമാത്രം.
നോവല്‍ അങ്ങനെ ഒരൊറ്റ മേശവലിപ്പില്‍ ഒതുക്കാവുന്നതല്ല എന്ന് നമുക്കറിയാം. എച്ച്.ജി. വെല്‍സ്, വാള്‍ട്ടര്‍ സ്കോട്ട്, ടോള്‍സ്റ്റോയി, ദസ്തയേവ്സ്കി എന്നിവരൊക്കെ നേരത്തേ പറഞ്ഞ നിര്‍വചനത്തെ ഉല്ലംഘിച്ച് അവിസ്മരണീയരായവരാണ്.
മലയാളത്തിലെ നോവലുകളിലേക്ക് വരാം. ‘കുന്ദലത’യില്‍നിന്ന് അതിവേഗം ബഹുദൂരം ‘ഇന്ദുലേഖ’യില്‍ എത്തി എന്നത് ചരിത്രം. കേവലം രണ്ട് സംവത്സരങ്ങളാണ് കാലഗണനയിലുള്ള ഭേദം എന്നിരിക്കിലും മലയാളത്തനിമയുള്ള ആദ്യത്തെ നോവല്‍ എന്ന നിലയിലും പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ ഉത്തരാര്‍ധത്തില്‍ കേരളത്തില്‍, വിശേഷിച്ചും തെക്കേ മലബാറില്‍, ശക്തിപ്രാപിച്ച പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചന എന്ന നിലയിലും ‘കുന്ദലത’യും ‘ഇന്ദുലേഖ’യും വളരെ വ്യത്യസ്തമാണല്ലോ. സി.വി. രാമന്‍പിള്ള, അപ്പന്‍തമ്പുരാന്‍, കാരാട്ട് അച്യുതമേനോന്‍ എന്നിവര്‍ ഓരോ ശാഖകളുടെ തുടക്കക്കാരായി. എന്നാല്‍, സാമൂഹ്യനോവല്‍ എന്ന നിലയില്‍ ‘ആപ്ഫന്‍െറ മകള്‍’ വരുവോളം- പത്തുനാല്‍പത് കൊല്ലം പിടിച്ചു അതിന് -‘ഇന്ദുലേഖ’ക്ക് ഒരു പിന്‍ഗാമി ഉണ്ടായില്ലെന്ന് തോന്നുന്നു.
ദേവും ബഷീറും (ഓടയില്‍നിന്ന്, ബാല്യകാലസഖി) രംഗത്തെത്തിയതോടെയാണ് നമ്മുടെ നോവലില്‍ പുതിയ നിയമകാലം പിറന്നത്. രണ്ടാം ലോകയുദ്ധം തീര്‍ന്നിട്ടില്ല. പിറകെയാണ് തകഴിയും പൊറ്റെക്കാട്ടും രണ്ട് വിഭിന്നമാതൃകകളുമായി എത്തിയത്. ‘തോട്ടിയുടെ മകന്‍’ 1947ലും ‘വിഷകന്യക’ 1948ലും പുറത്തുവന്നു. ദേവ് പിന്നെ എഴുതിയതില്‍ ‘അയല്‍ക്കാര്‍’ മാത്രമാണ് ശ്രദ്ധേയമായതെങ്കിലും ബഷീറും തകഴിയും പൊറ്റെക്കാട്ടും മലയാള നോവല്‍രംഗത്തെ ശക്തിസ്തംഭങ്ങളായി മാറി. ഓരോ പുതിയ കൃതിയിലൂടെയും.
പോയ നൂറ്റാണ്ടിന്‍െറ ഉത്തരാര്‍ധത്തില്‍ ഉറൂബ്, രാജലക്ഷ്മി, മുട്ടത്തുവര്‍ക്കി, കെ. സുരേന്ദ്രന്‍, വിലാസിനി, പാറപ്പുറത്ത്, റാഫി, മലയാറ്റൂര്‍, പെരുമ്പടവം എന്ന് തുടങ്ങി ഓരോ തരത്തില്‍ കാലാതീതപ്രതിഭ തെളിയിച്ചവരുടെ കൃതികളും നമുക്ക് കിട്ടിയതോടെ മലയാളം എം.ടി. വാസുദേവന്‍നായറെ ഏറ്റുവാങ്ങാന്‍ തക്കവണ്ണം വളര്‍ന്നു.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ സീനിയറായിരുന്ന ആനന്ദും ആലുവായില്‍ സതീര്‍ഥ്യനായിരുന്ന സേതുവും തൊട്ടുള്ളവരെ പരാമര്‍ശിക്കാത്തത് വിസ്താരഭയത്താലാണ്. ഇത് ഒരു സാഹിത്യചിത്രപ്രബന്ധം അല്ലതാനും. ‘ഖസാക്കിന്‍െറ ഇതിഹാസം’ മുതല്‍ ‘ആറുവിരലുള്ള കുട്ടി’ ഉള്‍പ്പെടെ സര്‍ഗസിദ്ധിയുടെ തെളിഞ്ഞ ചിത്രങ്ങള്‍ എത്രയോ ഉണ്ട് ഇപ്പോള്‍ മനസ്സില്‍. ‘ആടുജീവിതം’ എം.ടിയുടെ പിന്മുറക്കാരനാവാന്‍ പോന്നയാളുടെ രചനാസൗഭഗം ഓര്‍മിപ്പിക്കാതിരിക്കുന്നുമില്ല. മലയാളനോവല്‍ ഒരു വസന്തകാല ചാരുത എടുത്തണിഞ്ഞിരിക്കുന്നു എന്ന് ഒറ്റവാക്യത്തില്‍ പറഞ്ഞുനിര്‍ത്താം.
(നമ്പൂതിരിയുടെ പീഡനത്തില്‍ നിന്ന് വിധവയെ രക്ഷിക്കുന്ന മുസല്‍മാന്‍ തന്‍െറ ഭാര്യ എന്ന് വിശേഷിപ്പിച്ച് സംരക്ഷണകവചം തീര്‍ക്കുന്നതും അതേസമയം മകളെപ്പോലെ കരുതി അവളെ വാത്സല്യത്തോടെ പരിരക്ഷിക്കുന്നതും ബുര്‍ഖയുടെ കവചത്തില്‍ സുരക്ഷിതത്വം കണ്ടെത്തുന്ന അന്തര്‍ജനം പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ കൂട്ടാക്കാത്തതും ഒക്കെ അയത്നലളിതമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു നോവലിന് എഴുതിയ അവതാരികയില്‍നിന്ന്.)
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക