Image

റുസൈലില്‍ വന്‍ അഗ്നിബാധ; ഒപ്ടിക് ഫൈബര്‍ ഫാക്ടറി ചാമ്പലായി

Published on 22 October, 2012
 റുസൈലില്‍ വന്‍ അഗ്നിബാധ; ഒപ്ടിക് ഫൈബര്‍ ഫാക്ടറി ചാമ്പലായി
മസ്കത്ത്: റുസൈല്‍ വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ വന്‍ അഗ്നിബാധയില്‍ ഒമാന്‍ ഫൈബര്‍ ഒപ്ടിക് ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചു. ദശലക്ഷ കണക്കിന് റിയാലിന്‍െറ നഷ്ടം കണക്കാക്കുന്നു. രാവിലെ 8.45 ഓടെയാണ് സ്ഥാപനത്തിന്‍െറ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഒമാന്‍ ടെല്‍, നവ്റാസ് തുടങ്ങിയ ടെലികോം കമ്പനികള്‍ക്ക് ഒപ്ടിക് ഫൈബര്‍ നിര്‍മിച്ച് നല്‍കുന്ന സ്ഥാപനമാണ് കത്തിനശിച്ചത്. വാരാന്ത്യ അവധി ദിവസമായതിനാല്‍ അപകട സമയത്ത് കമ്പനിയില്‍ ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല. ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും ജീവക്കാര്‍ക്ക് പരിക്കില്ലെന്നും സി.ഇ.ഒ. എഞ്ചിനീയര്‍ മുഹമ്മദ് ഹാരിത് ആല്‍ ബ്രഷ്ദി പറഞ്ഞു. മസ്കത്ത് ഗവര്‍ണറ്റേറ്റിലെ മുഴുവന്‍ അഗ്നിശമന സേനാ യൂനിറ്റുകളും രംഗത്തിറങ്ങിയാണ് അഗ്നിബാധ നിയന്ത്രവിധേയമാക്കിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അഗ്നിശമന സേനയുടെ 15 വാഹനങ്ങള്‍ പലപ്പോഴായി വെള്ളംചീറ്റിയതിന് പുറമെ തീ നിയന്ത്രിക്കാന്‍ പൊലീസിന്‍െറയും വ്യോമസേനയുടെ ഹെലികോപ്ടറുകളും രംഗത്തിറങ്ങി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇതുസംബന്ധിച്ച് പൊലീസിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കുകയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സിവില്‍ഡിഫന്‍സിന്‍െറ മണിക്കൂറുകള്‍ നീണ്ട പരിശ്രമമാണ് ഫാക്ടറിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടാരാതിരിക്കാന്‍ കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക