Image

സഹജീവിതം

ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ Published on 21 October, 2012
സഹജീവിതം
ഞാന്‍ നാട്ടിലുള്ള എന്റെ കൂട്ടുകാരിയുമായി സംസാരിക്കുകയായിരുന്നു. നാടിന്റെ ഇന്നത്തെ അവസ്ഥ, വിവിധതരം രോഗങ്ങള്‍ , വിവാഹങ്ങള്‍ തുടങ്ങി പലതിനെക്കുറിച്ചും സംസാരിച്ചു. കൂട്ടത്തില്‍ സഹജീവതത്തെക്കുറിച്ചും.

വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്നതാണ് കോഹാബിറ്റേഷന്‍ അല്ലെങ്കില്‍ സഹജീവിതം. ഇണയില്‍ ഒരാള്‍ മറ്റൊരാളെ നിയന്ത്രിക്കാനൊ അവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനൊ ശ്രമിക്കുകയില്ല. യോജിച്ചുപോകാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ പിരിയുകയും ചെയ്യും. ഫ്രാന്‍സിലും റഷ്യയിലും ജപ്പാനിലുമെല്ലാം സഹജീവിതം പ്രചാരത്തിലുണ്ട്. ഇന്‍ഡ്യയില്‍ ഇതൊരു പരിവര്‍ത്തനത്തിന്റെ ഘട്ടത്തെയാണ് കുറിക്കുന്നത്. കേരളത്തില്‍ സഹജീവിതം ഉണ്ടെങ്കിലും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിത്തന്നെയാണ് അറിയപ്പെടുന്നത്.

പുരുഷാധിപത്യത്തില്‍ നിന്നും മോചനം ആഗ്രഹിക്കുന്ന സ്ത്രീകളാണ് സഹജീവിതം നയിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും. മാമൂലുകളും പാരമ്പര്യങ്ങളും മൂലം എന്നും സ്ത്രീയെ കീഴടക്കിവച്ചിരുന്ന കേരളത്തില്‍ വിവാഹം പുരുഷാധിപത്യം സ്ഥാപിക്കാനുള്ള ഒരു മേഖലയാണെന്നതാണ് വാസ്തവം. അതിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസവും സ്വന്തമായി തൊഴിലും സ്വയം തീരുമാനമെടുക്കാനും അതു പ്രാവര്‍ത്തികമാക്കാനും കഴിവുള്ള സ്ത്രീകള്‍ക്ക് പുരുഷന്റെ ആവശ്യമില്ലാത്ത ആധിപത്യം അംഗീകരിക്കാന്‍ വയ്യാത്ത അവസ്ഥ വന്നപ്പോള്‍ സഹജീവിതത്തെക്കുറിച്ചു ചിന്തിച്ചിരിക്കും. എന്നും വഴക്കും വക്കാണവുമായി കഴിയുന്ന; വിവാഹത്തില്‍ നിന്നും മോചനം ലഭിക്കാതെ സഹിച്ചും ക്ഷമിച്ചും വെറുത്തും ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികളും സഹജീവിതത്തെക്കുറിച്ചു ചിന്തിക്കും. സ്ത്രീയും പുരുഷനും സ്വതന്ത്ര വ്യക്തികളായതിനാല്‍ അവര്‍ക്കനുവദനീയമായ
സ്വാതന്ത്ര്യം ലഭിക്കുന്നില്ലെങ്കില്‍ നിരാശയും വെറുപ്പുമായിരിക്കും ഫലം. സ്വതന്ത്രമായ ചിന്തയില്‍ നിന്നേ ക്രിയാത്മകതയും സര്‍ഗ്ഗാത്മകതയും ഉണ്ടാവുകയുള്ളൂ. പുരുഷന്‍ പറയുന്നതുമാത്രം കേട്ട് ജീവിക്കുന്ന സ്ത്രീയ്ക്ക് അവളുടെതായ വ്യക്തിത്വം രൂപപ്പെടുത്താന്‍ സാധിക്കുകയില്ല.

സഹജീവിതം കൂടുതലായുള്ള രാജ്യങ്ങളില്‍ ജനസംഖ്യ കുറയുന്നതായാണ് കണക്കുകള്‍. ഒരു രാജ്യത്തിന്റെ ശക്തിയാണ് ചോര്‍ന്നുപോകുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ സ്ത്രീയുടെ സ്വാതന്ത്ര്യവും സമയവും കുറയുന്നു; ചുമതലയേറുന്നു. അതുകൊണ്ട് സ്ത്രീകള്‍ അത് ഒഴിവാക്കുന്നു. സ്തീയ്ക്കു മാത്രമായി; കുഞ്ഞുങ്ങളുടെ പരിപാലനം മാറ്റിനിര്‍ത്താതിരിക്കുന്നതിനുവേണ്ടിയാണ് പലരാജ്യങ്ങളിലും രണ്ടുപേര്‍ക്കും പ്രസവാവധി നല്‍കിയിരിക്കുന്നത്.

കുടുംബം എന്ന വ്യവസ്ഥ താറുമാറാകാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യം എല്ലാ ലോകരാഷ്ട്രങ്ങളും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് എല്ലാവരും വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നത്. മനുഷ്യന്‍ സമൂഹത്തിലെ അംഗമാണ്. സമൂഹത്തിന്റെ നിലനില്പിന് കുടുംബം അത്യാവശ്യഘടകമാണ്. അമ്മയും അച്ഛനും കൂട്ടിവളര്‍ത്തുന്ന കുട്ടിക്കേ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നു വരാനാവൂ.

വിവാഹത്തോടെ പ്രണയം മരിക്കുന്നുവെന്നു പറയാറുണ്ട്. പ്രണയത്തിന്റെ പ്രസാദവും ഊഷ്മളതയും, രസികഭാവവും കാത്തുസൂക്ഷിക്കുവാന്‍ രണ്ടുപേരും ശ്രമിച്ചാല്‍ അത് മരണപ്പെട്ടുപോകുകയില്ല. രണ്ടുപേരും സ്വതന്ത്രവ്യക്തികളാണെന്നും മനസ്സിലാക്കി ആധിപത്യസ്വഭാവം പാടെ ഉപേക്ഷിച്ച് പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും അംഗീകരിച്ചും ജീവിക്കുമ്പോള്‍ പുതിയ തലമുറ സഹജീവിതത്തെക്കുറിച്ച് വളരെ ഗാഢമായി ചിന്തിച്ചിട്ടേ തീരുമാനങ്ങളിലേക്കു കടക്കൂ. തല്‍ക്കാല സുഖത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും
ചെയ്യൂ .
സഹജീവിതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക