Image

വിശ്വവ്യാപകമായ അപൂര്‍വ്വാനുഭവങ്ങളുടെ ഇതിഹാസം (പുസ്തക പരിചയം )

സുധീര്‍ പണിക്കവീട്ടില്‍ Published on 20 October, 2012
വിശ്വവ്യാപകമായ അപൂര്‍വ്വാനുഭവങ്ങളുടെ ഇതിഹാസം (പുസ്തക പരിചയം )
കേരളത്തിലെ ആലുവായില്‍ ഒരു സാമ്പത്തിക കാത്തലിക്ക്‌ കുടുബത്തില്‍ ജനിച്ച ശ്രീ സ്‌റ്റീഫന്‍ നടുക്കുടിയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏടുകള്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ ഇംഗ്ലീഷില്‍ രചിച്ച പുസ്‌തകമാണ്‌- The Anatomy of Survival ( An Odyssey of Global Adventures). അഞ്ഞൂറ്റി അറുപത്തിമൂന്നു പുറങ്ങളുള്ള ഈ പുസ്‌തകം പേര്‌ സൂചിപ്പിക്കുന്ന പോലെ അതിജീവനത്തിന്റെ രഹസ്യം തേടിയുള്ള ഒരു അന്വേഷണമാണ്‌. അപഗ്രഥനമാണ്‌. രാജ്യാന്തരങ്ങളിലൂടെ നടത്തിയ സാഹസികമായ സുദീര്‍ഘ യാത്രയുടെ വിപുലമായ വിവരണമാണ്‌.

ജീവചരിത്രങ്ങളുടെ പ്രസക്‌തി അതെഴുതിയവരെപ്പറ്റി ചിന്തിക്കാന്‍ വായനക്കാര്‍ക്ക്‌ ഒരവസരം നല്‍കുന്നു എന്നതാണ്‌. ഇതൊരു കല്‍പ്പിത കഥയല്ലാത്തതിനാല്‍ ഇത്തരം പുസ്‌തകങ്ങള്‍ക്ക്‌ വായനക്കാരനില്‍ വളരെയധികം സ്വാധീനമുണ്ട്‌. സ്വന്തം ജീവിതത്തെ കലാപരമായ ഒരു കാഴ്‌ച്ചപ്പാടിലൂടെ ശ്രീ സ്‌റ്റീഫന്‍ നോക്കി കണ്ടിരുന്നു എന്ന്‌ പുസ്‌തകത്തിലെ ഓരോ വിവരണങ്ങളില്‍ നിന്നും മനസ്സിലാക്കാം. അദ്ദേഹത്തിന്റെ ജനനസമയത്ത്‌ വീടിന്റെ പുറകിലെ പുഴയില്‍ കെട്ടുവള്ളങ്ങളില്‍ നിന്നും സാധനങ്ങള്‍ ഇറക്കുന്നവര്‍ ആയാസം കുറയ്‌ക്കാനായി പാടുന്ന പാട്ട്‌ പ്രസവവേദനയനുഭവിക്കുന്ന അമ്മക്കുവേണ്ടി വയറ്റാട്ടിയും മറ്റുള്ളവരും അനുകരിക്കുന്നതായി വിവരിക്കുന്നുണ്ട്‌. അതെപോലെ കുടുംബ പുരാണങ്ങള്‍ പറയുമ്പോള്‍ ഒരു ചരിത്രകാരന്റെ പാടവവും കൗശലവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്‌. പുസ്‌തകത്തിലെ ആദ്യഭാഗത്ത്‌ കൊടുത്തിരിക്കുന്ന ചില വിവരങ്ങള്‍ വായിക്കുമ്പോള്‍ ശ്രീ സ്‌റ്റീഫന്‍ എന്നയാളുടെ ജീവചരിത്രമെന്നതിനേക്കാള്‍ നടുക്കുടിയില്‍ കുടുംബത്തിന്റെ ഒരു പുരാണം പോലെ അനുഭവപ്പെടാം. വളരെ സൂക്ഷമതയോടെ ശ്രീ സ്‌റ്റീഫന്‍ ദര്‍ശിക്കുകയും മനസ്സിലാക്കുകയും ചെയ്‌ത സംഭവങ്ങള്‍ പുസ്‌തകത്തില്‍ വളരെ ദീര്‍ഘമായി വിവരിക്കുന്നുണ്ട്‌. എന്നാല്‍ വിവരണങ്ങളുടെ ഭംഗി മൂലം വായന വിരസമാകുന്നില്ല. മലയാളികള്‍ അല്ലാത്ത വായനക്കാര്‍ക്ക്‌ ഗ്രന്ഥകാരന്റെ സ്വദേശം വിടുന്നതിനു മുമ്പുള്ള ഓര്‍മ്മകളുടെ വാചാലമായ വിവരണങ്ങള്‍ ഒരു പക്ഷെ മുഷിപ്പുണ്ടാക്കിയേക്കാം. പ്രത്യേകിച്ച്‌ അതില്‍ ധാരാളം നാടന്‍ പദങ്ങളും, ശൈലികളും ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌, പരിഭാഷ കൊടുത്തിട്ടുണ്ടെങ്കിലും. തീര്‍ച്ചയായും വായനക്കാരുടെ അഭിരുചിയനുസരിച്ച്‌ ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

വിശദമായ വിവരണം ഒരു പക്ഷെ ദീര്‍ഘകാല അദ്ധ്യാപനത്തിന്റെ സ്വാധീനമാകാം. വിദ്യാര്‍ഥികളുടെ മനസ്സിലേക്ക്‌ വിദ്യ പകരുന്ന രീതി. അദ്ധ്യാപന സേവനം അദ്ദേഹത്തിനു വളരെ ബഹുമതികള്‍ നേടി കൊടുത്തു എന്നത്‌ ആ അപൂര്‍വ്വസിദ്ധിക്കുള്ള അംഗീകരമാണ്‌. പറയുന്നത്‌ വ്യക്‌തമായും സുതാര്യമായും പറയുക, പറയുന്ന വിവരങ്ങള്‍ അല്‍പം നാടകീയത കലര്‍ത്തി പറയുക, ഫലിതത്തോടെ പറയുക ഇതൊക്കെ ഗ്രന്ഥകാരന്റെ സവിശേഷതയായി കണക്കാക്കാം. സന്ദര്‍ശിച്ച രാജ്യങ്ങളുടെ ചരിത്രം, സംസ്‌കാരം, ആളുകള്‍, ഭൂപ്രക്രുതി ഇവയെല്ലാം വളരെ ഹൃദ്യമായി വര്‍ണ്ണിച്ചിരിക്കുന്നത്‌ ആ ദൃശ്യങ്ങള്‍ വായനക്കാരന്റെ മനോമുകുരത്തില്‍ പ്രതിഫലിക്കും വിധമാണ്‌.

ജീവചരിത്രകാരന്മാര്‍ അവരുടെ ഓര്‍മ്മകളിലൂടെ കഴിഞ്ഞുപോയ ഒരു കാലം വീണ്ടെടുക്കുകയാണ്‌. അതത്ര എളുപ്പമല്ല കാരണം ഭൂതകാലത്തിന്റെ ഏടുകളില്‍ പൊടിപിടിച്ച്‌ കിടക്കുന്ന ഒരു കാലഘട്ടം അതിന്റെ തനിമ നഷ്‌ടപെടാതെ അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ്‌ എഴുത്തുകാരനെ അഭിമുഖീകരിക്കുന്നത്‌. പലരും പൊടിപ്പും തൊങ്ങലും വച്ച്‌ അവരുടെ എഴുത്തിനു മേന്മ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ ശ്രീ സ്‌റ്റീഫന്‍ സംഭവ ബഹുലമായ ഒരു നീണ്ട കാലയളവിലെ വിവരങ്ങള്‍ എത്ര അയത്‌നലളിതമായി ആവിഷ്‌കരിച്ചിരിക്കുന്നു. ഒരു പക്ഷെ ആ കാലഘട്ടം പരിചയമുണ്ടായിരുന്ന വായനക്കരനുപോലും അത്ഭുതമുളവാക്കും വിധം. അത്‌ എഴുത്തിന്റെ ശക്‌തി. എഴുത്തുകാരനിലുള്ള സര്‍ഗ്ഗ ശക്‌തിയുടെ പ്രസന്നത, പ്രസരിപ്പ്‌. കാലാന്തരത്തില്‍ ഓര്‍മ്മകള്‍ മാറുന്നില്ല. ശ്രീ സ്‌റ്റീഫനു അസാധാരണമായ ഓര്‍മ്മശക്‌തിയുള്ളതായി അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ നിന്നും മനസ്സിലാകും. ഓര്‍മ്മകളെ അനുക്രമമായി അടുക്കി വച്ച്‌ അലങ്കാര ഭംഗി കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്‌ വായനാസുഖം തരുന്നതിനോടൊപ്പം വായനക്കാരന്റെ ഓര്‍മ്മകളേയും ഉണര്‍ത്താന്‍ പര്യാപ്‌തമാണ്‌. അന്നു നിലവിലിരുന്ന നാടോടി പാട്ടുകള്‍, ആചാരങ്ങള്‍, ഭക്ഷണ രീതി, ജാതി സമ്പ്രദായം, പണക്കാരുടേയും, പാവപ്പെട്ടവരുടേയും ജീവിതരീതി അവരുടെ ജീവിത സമീപനം, എല്ലാം അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ നിന്നും വായനക്കാരന്‌ എളുപ്പത്തില്‍ കിട്ടുന്നു.

ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ ചേരുന്ന ആ പ്രദേശത്തെ ഏക വിദ്യാര്‍ത്ഥിയായ സ്‌റ്റീഫന്‍ ഇംഗ്ലീഷ്‌ വാക്കുകള്‍ ഉച്ചത്തില്‍ വായിച്ച്‌ പഠിച്ചിരുന്ന കാര്യം പോലും നര്‍മ്മ രസത്തിലാണു വിവരിക്കുന്നത്‌.പൂച്ചക്കും, നായക്കുമുള്ള ഇംഗ്ലീഷ്‌ പദങ്ങള്‍ ഉറക്കെ വായിക്കുന്നത്‌ കേട്ട്‌ അടക്കിയ ചിരിയുമായ അതു വഴി കടന്നുപോയവരുടെ മനസ്സില്‍ എന്തായിരിക്കുമെന്ന്‌ അദ്ദേഹം ഊഹിക്കുന്നു. `എന്റെ പൂച്ചയുടെ കരച്ചിലും നായയുടെ കുരയും അവരുടെ പൂച്ചയുടേതിനേക്കാള്‍, നായയുടേതിനേക്കാള്‍ ഉച്ചത്തിലാണെന്ന്‌.''

കാര്‍ഷിക പാരമ്പര്യമുള്ള ഒരു കുടുബത്തിലെ കോളേജ്‌ ഡിഗ്രിയുള്ള ഒരു പിതാവിന്റെ മകനായി ജനിച്ചിട്ടും കോളേജില്‍ ചേരാനുള്ള യോഗ്യതയുണ്ടായിട്ടും സാഹചര്യങ്ങള്‍ കര്‍ഷകവൃത്തിയിലേക്ക്‌ ജീവചരിത്രകാരനെ തള്ളിവിടുന്നുണ്ട്‌. എന്നാല്‍ ഏതൊ നിയോഗം പോലെ വീണ്ടും കോളെജില്‍ എത്തി ഡിഗ്രി കരസ്‌ഥമാക്കി. പിന്നീട്‌ വന്‍കരകള്‍ താണ്ടി അദ്ധ്യാപനം എന്ന മഹത്തായ സേവനത്തില്‍ ഏര്‍പ്പെട്ടു. അദ്ധ്യാപകനായിരിക്കെ ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ നേടി. സംഭവബഹുലമായ ഒരു കാലത്തിന്റേയും ഒരുപാട്‌ ഓര്‍മ്മകളുടെയും ആഖ്യാനം പ്രസന്നവും ലളിതവുമായി വായനകാരനനുഭവപ്പെടും. അനുഭവങ്ങളുടെ വന്‍കരകളിലൂടെ സഞ്ചരിക്കുകയും ആ വിശേഷം കലാത്മകമായി ആവിഷ്‌ക്കരിക്കുകയും ചെയ്‌തിരിക്കുന്നത്‌ മൂലം ഒരു ജീവചരിത്ര ഗ്രന്ഥമെന്നതിനേക്കാള്‍ കാല്‍പ്പനികതയുടെ ആസ്വാദ്യത പകരുന്ന ഒരു കലാസൃഷ്‌ടി പോലെ വായനക്കാരന്‍ ഉത്സാഹത്തോടെ ഈ പുസ്‌തകം വായിച്ചു തീര്‍ക്കും. പുസ്‌തകത്തിന്റെ പ്രസക്‌തി സ്വന്തം ജീവിതനുഭവങ്ങളെ അതാത്‌ കാലത്തെ ജീവിത സാഹചര്യങ്ങളും, അന്യനാട്ടിലെ സംസ്‌കാരവുമായി കൂട്ടിയിണക്കുന്നു എന്നതാണ്‌. സത്യസന്ധമായ ജീവിതാനുഭവങ്ങളുടെ ആവിഷ്‌ക്കാര രീതി രസകരവും വായനക്കാരന്റെ കൗതുകവും ആകാംക്ഷയും വളര്‍ത്തുന്ന രീതിയിലുമാണ്‌.

പുസ്‌തകത്തില്‍ വിവരിക്കുന്ന ചില സംഭവങ്ങള്‍ ഏതോ അദൃശ്യ ശക്‌തി ഒരു നിയോഗം പോലെ ഇദ്ദേഹത്തിന്റെ ജീവിതം രൂപപ്പെടുത്തുന്നതില്‍ ഇടപെട്ടതായി വായനക്കാരനു തോന്നുമെങ്കിലും ഗ്രന്ഥ്‌കാരന്‍ അദ്ദേഹത്തിന്റെ ദൈവ വിശ്വസത്തെക്കുറിച്ച്‌ പ്രകടമായി പറയുന്നില്ല. എങ്കിലും തറവാട്ടംഗങ്ങള്‍ തമ്മിലുള്ള മൈത്രി കുറഞ്ഞപ്പോള്‍ അന്നു യവ്വനാരംഭത്തില്‍ എത്തി നിന്ന അദ്ദേഹം ചോദിക്കുന്നുണ്ട്‌. നമ്മളെല്ലാം ഒരു ദൈവത്തോടാണൊ പ്രാര്‍ഥിക്കുന്നത്‌ എന്ന്‌. നിരാലംമ്പനായി മദ്രാസ്സ്‌ (ഇന്നത്തെ ചെന്നൈ) നഗരത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ അവിടെ ഒരു രക്ഷകന്‍ എത്തുന്നുണ്ട്‌. ആഫ്രിക്കയുടെ ഏതൊ കുഗ്രാമത്തില്‍ വച്ച്‌ ഒരു തമിഴ്‌ കുടുബം അദ്ദേഹത്തിനു ഇഷ്‌ടഭക്ഷണം ഒരുക്കുന്നു. ജീവിത സൗകര്യങ്ങള്‍ കൂടുതലുള്ള നാഗരികതയുടെ മോടിയും പകിട്ടുമുള്ള നൈജീരിയിലേക്കും ഒരു നിമിത്തം പോലെ അദ്ദേഹത്തിനെ വിധി എത്തിക്കുന്നു.

ഏത്‌ സാഹചര്യത്തില്‍ അകപ്പെട്ടുപോയാലും പതറുന്ന ഒരു സ്വഭാവമല്ലാതിരുന്നു അദ്ദേഹത്തിന്റേതെന്ന്‌ ഈ പുസ്‌തകത്തിലെ അനേകം വിവരണങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്‌. കാര്‍ യാത്രയില്‍ വഴികൊള്ളക്കാര്‍ ആക്രമിച്ചപ്പോള്‍ സമചിത്തത വിടാതെ ആ സന്ദര്‍ഭം സുധീരം അഭിമുഖീകരിച്ചതിനെപ്പറ്റി പുസ്‌തകത്തില്‍ പറയുന്നുണ്ട്‌. വാഹനങ്ങള്‍ ഒന്നുമില്ലാത്ത, വാഹനങ്ങള്‍ ഒന്നും ഓടാത്ത ഏഡനില്‍ നിന്നും അകലെയുള്ള ഒരു ഓണംകേറാമൂലയില്‍ കഴുതയുടെ പുറത്തിരുന്ന്‌ സവാരി ചെയ്യുമ്പോള്‍ `തനൊരു ലോറെന്‍സ്‌ ഓഫ്‌ അറേബ്യ ആണെന്ന്‌' ഗ്രന്ഥകാരന്‍ ഭാവന ചെയ്യുന്നുണ്ട്‌. ഭാവനാസമ്പന്നതയും ഒപ്പം നര്‍മ്മവും കൂട്ടിചേര്‍ത്ത്‌ ഓരോ സംഭവങ്ങള്‍ വര്‍ണ്ണിക്കാന്‍ ഗ്രന്ഥകാരന്‍ കാണിക്കുന്ന വൈദഗ്‌ദ്ധ്യം പ്രശംസനീയമാണ്‌. എത്യോപ്യയയില്‍ എത്തുമ്പോള്‍ അവിടം ഭരിക്കുന്ന രാജാവ്‌ ഷേബാ രാജ്‌ഞിയുടെ പിന്‍ തലമുറക്കാരന്‍ എന്നറിയുന്നു. ആ രാജ്‌ഞിയെക്കുറിച്ചും ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്‌. `സത്യവും, ജ്‌ഞാനവും ആര്‍ജ്‌ജിക്കാനുള്ള അദമ്യമായ ആഗ്രഹത്തോടെ ഷേബാ രാജ്‌ഞി ബുദ്ധിമാനായ സോളമന്റെ കൊട്ടാരത്തില്‍ ചെല്ലുന്നു അവിടെ നിന്നും അദ്ദേഹത്തിന്റെ കുഞ്ഞിന്റെ ഭാരം വയറ്റില്‍ പേറി മടങ്ങുന്നു.' ഇതേപോലെ വായനകാരനു ആഹ്ലാദഭരിതമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന അനവധി വിവരണങ്ങള്‍ പുസ്‌തകത്തിലുടനീളം കാണാവുന്നതാണ്‌.

സ്വതന്ത്രഭാരതത്തിലെ കേരളവും അതിനു മുമ്പുള്ള കേരളത്തിലെ സമൂഹ്യ, സാംസ്‌കാരിക ചിത്രങ്ങളും അത്‌ നേരിട്ട്‌ കണ്ട ആളില്‍ നിന്നും ഈ പുസ്‌തകത്തിലൂടെ നമുക്ക്‌ അറിയാന്‍ കഴിയുന്നു. ലോക മഹായുദ്ധങ്ങള്‍ മൂലം മറ്റു രാജ്യക്കാരെപോലെ നമ്മുടെ കേരളവും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്‌. തന്റെ ജീവിത കഥയിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം മനോഹരമായി ഇദ്ദേഹം ആവരണം ചെയ്യുന്നു. ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളും, കലര്‍പ്പുകളുമില്ലാതെ വായനക്കാര്‍ക്ക്‌ ഒരു യഥാര്‍ത്ഥ ചിത്രം തന്മൂലം ലഭ്യമാകുന്നു. പുസ്‌തകം ഇംഗ്ലീഷില്‍ എഴുതിയത്‌ കൊണ്ടുള്ള പ്രയോജനം സ്വദേശത്തുള്ളവര്‍ക്കും വിദേശികള്‍ക്കും കേരളത്തേയും, പ്രത്യേകിച്ച്‌ ആലുവ എന്ന പ്രദേശത്തേയും, അവിടെ സ്വാതന്ത്രലബ്‌ദിക്ക്‌ മുമ്പുണ്ടായിരുന്ന അവസ്‌ഥയേയും അറിയാന്‍ കഴിയുന്നതിനോടൊപ്പം ഏദന്‍, എത്യോപ്യ, നൈജീരിയ തുടങ്ങിയ ആഫ്രിക്കയിലെ രാജ്യങ്ങളേയും കുറിച്ച്‌ വളരെ സൂക്ഷ്‌മമായി അറിയാന്‍ അവസരം നല്‍കുന്നു എന്നാണു. ശ്രീ സ്‌റ്റീഫന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ പ്രസ്‌തുത രാജ്യങ്ങളുടെ ചരിത്രം വായനക്കാര്‍ക്ക്‌ മുന്നില്‍ വളരെ സ്വഭാവികതയോടെ നിവരുന്നു.

ആലുവ പുഴ എത്രയോ തവണ ഒഴുകി, വഴി മാറി ഒഴുകി. എന്നിട്ടും അതിന്റെ തീര പ്രദേശത്തില്‍ നിന്ന്‌ ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്ക്‌ ഭാവിയും തേടി പ്രയാണം ചെയ്‌ത ശ്രീ സ്‌റ്റീഫന്‍ മലയാളത്തിന്റെ മധുരം എന്നും കൂടെ കൊണ്ടു നടന്നു. ആ പുഴയും, ഓളങ്ങളും, അതിനു സാക്ഷ്യം വഹിക്കുന്ന തീരവും ഒപ്പം നടന്നു. കിളിമുട്ട പോലെയുള്ള വെള്ളാരങ്കല്ലുകള്‍ക്ക്‌ മീതെ ഇരമ്പി പായുന്ന പുഴയുടെ സംഗീതം കേട്ട്‌ നില്‍ക്കാന്‍ കൊതിക്കുന്ന മനസ്സുമായിട്ടാണ്‌ അനേക വര്‍ഷങ്ങള്‍ വിദേശത്ത്‌ ചിലവഴിച്ചിട്ടും അദ്ദേഹം വന്നത്‌.പുഴയുടെ തീരത്ത്‌ മനസ്സിലെ മോഹം പോലെ ഒരു വീടു പണിതെങ്കിലും അവിടെ മതിയാവോളം താമസിക്കാന്‍ സാധിച്ചില്ലെന്ന വിഷമം പ്രകടിപ്പിക്കുന്നുണ്ട്‌. അതെ സമയം മക്കളോടും, കൊച്ചുമക്കളോടു കൂടി വിദേശത്താണെങ്കിലും താമസിക്കുന്നത്‌ സുഖകരമെന്നും സമാധാനിക്കുന്നു. പുസ്‌തകം അവസാനിപ്പിച്ചിരിക്കുന്നത്‌ മലയാളത്തിന്റെ എക്കാലത്തേയും പ്രിയ കവി വള്ളത്തോളിനെ ഉദ്ധരിച്ചകൊണ്ടാണ്‌. എവിടെ താമസിച്ചാലും മലയാളം കൈവിടരുതെന്ന ഒരു നിഗൂഡ സന്ദേശവും കൂടിയല്ലേ അതെന്നു്‌ ചിന്തിക്കാവുന്നതാണ്‌. ജീവിതത്തെ പ്രസന്നതയോടെ എന്നും നോക്കി കാണുന്ന സഹൃദയനായ ഗ്രന്ഥകാരന്‌ ആയുരാരോഗ്യങ്ങള്‍ നേരുന്നു.

ഈ പുസ്‌തക പ്രകാശനത്തിലൂടെ സുഹ്രുത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സ്‌നേഹ-സൗഹൃദ ബന്ധങ്ങള്‍ പുതുക്കാന്‍ ഒരവസരം കൂടി ലഭിക്കുന്നു. പുസ്‌തകത്തിന്റെ കോപ്പി ആവശ്യമുള്ളവരും, പുസ്‌തകത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവരും ശ്രീ സ്‌റ്റീഫന്‍ നടുക്കുടിയിലുമായി്‌ ഫോണ്‍/ഇമെയില്‍ മുഖേന ബന്ധപ്പെടാവുന്നതാണ്‌ nmstephen@hotmail.com, 407-830-6717


ശുഭം


ശ്രീ സ്‌റ്റീഫന്‍ എം. നടുക്കുടിയില്‍ ഫെബ്രുവരി 27, 1931 ല്‍ ആലുവായിലെ ഒരു പുരാതന കാത്തലിക്ക്‌ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസം: .St.Mary?s High School, Aluva,Union Christian College,(B.A. Economics) Aluva, Thribhuvan University, Kathmandu, Nepal (M.A. Economics); Teaching career: St.Mary?s High School, Aluva, St. Antony?s Boy?s School, Aden- Vice Principal, Haile Selassie I School, Emdeber, Ethiopia- Director, Prince Makonnen Seconday School, Asmara, Eritrea, African Church Grammar School, Abeokuta, Western Nigeria, Zik?s Academy, Commerical Seconday School, Sapele, Nigeria, Principal, Kaduna State of Nigeria- Education Officer, College of Arts and Science, Zaria, Nigeria, Head of the Department of Economics, Rajagiri College of Social Sciences, Kalamassery, Guest Lecturer, University of Central Florida, Orlando, Florida, - Adjunct Lecturer.


പ്രസിദ്ധീകരിച്ച പുസ്‌തകങ്ങള്‍: Agricultural and Industral Economics published by Northern Nigeria Publishing Company, subsidiary of Macmillan, A Textbook of Economics for West African Students published by University Press, Ibadan, Subsidiary of Oxford University Press, On the Wings of a Dove, Grandmother Tales, Children?s Book, Create Space, The Anatomy of Survival, Memoir, Create Space.


കൂടാതെ ധാരാളം പത്രലേഖനങ്ങളും, കവിതകളും നൈജീരിയയിലെ ദിനപത്രങ്ങള്‍, മാസികകള്‍, സ്‌കൂളിലേയും കോളേജിലേയും മാസികള്‍ എന്നിവയില്‍ എഴുതിയിട്ടുണ്ട്‌. ആലുവ റോട്ടറി ക്ലബ്ബിലെ അംഗവും, പെരിയാര്‍ ക്ലബ്‌ ആലുവായുടെ സ്‌ഥാപക അംഗവുമാണ്‌.

കുടുംബം: ഭാര്യ - ശ്രീമതി മോളി സ്‌റ്റീഫന്‍, മാത്തമാറ്റിക്‌സ്‌ അദ്ധ്യാപികയായി ജോലിയില്‍ നിന്നും വിരമിച്ചു. ചങ്ങനാശ്ശേരിയിലെ തോട്ടാശ്ശേരി കുടുമ്പാംഗമാണ്‌.

മക്കള്‍ഃ Dr. Mathew Stephen, Pediatrician, Fort Lauderdale, Florida, USA,
Joseph Stephen, Owner, Ashburn Kumon, Ashburn, Virginia, USA,
Mary Manipadam, Network Engineer, Fidelity Investments, Orlando, Flordia, USA.

Seven grandchildren  four boys and three girls

Address: Stephen Nadukkudiyil, 486 Harbour Isle Way, Longwood, Florida -32750
Phone: (407) 830-6717 email: nmstephen@hotmail.com
വിശ്വവ്യാപകമായ അപൂര്‍വ്വാനുഭവങ്ങളുടെ ഇതിഹാസം (പുസ്തക പരിചയം )വിശ്വവ്യാപകമായ അപൂര്‍വ്വാനുഭവങ്ങളുടെ ഇതിഹാസം (പുസ്തക പരിചയം )വിശ്വവ്യാപകമായ അപൂര്‍വ്വാനുഭവങ്ങളുടെ ഇതിഹാസം (പുസ്തക പരിചയം )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക