Image

ഹസ്സാരെ സംഘത്തില്‍ ഭിന്നിപ്പ്‌; മധ്യവര്‍ഗ്ഗ പ്രതിനിധിയെന്ന്‌

Published on 23 August, 2011
ഹസ്സാരെ സംഘത്തില്‍ ഭിന്നിപ്പ്‌; മധ്യവര്‍ഗ്ഗ പ്രതിനിധിയെന്ന്‌
ന്യൂഡല്‍ഹി: ജനലോക്‌പാല്‍ ബില്ലിനുവേണ്ടി സമരം നടത്തുന്ന അണ്ണാ ഹസ്സാരെയുടെ സംഘത്തില്‍ ഭിന്നിപ്പ്‌ രൂക്ഷമായി. പൗരസമൂഹ പ്രതിനിധികളും ദേശീയ ഉപദേശക സമിതി അംഗങ്ങളുമായ ഹര്‍ഷ്‌ മന്ദിര്‍, അരുണാ റോയ്‌, മുന്‍ ദല്‍ഹി ഹൈകോടതി ചീഫ്‌ ജസ്റ്റിസ്‌ എ.പി. ഷാ, പ്രമുഖ ആക്ടിവിസ്റ്റ്‌ അരുന്ധതി റോയി, ശേഖര്‍, നിഖില്‍ ഡേ തുടങ്ങിയവര്‍ അണ്ണാ ഹസാരെയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയവരില്‍ ഉള്‍പ്പെടും. ആഗസ്റ്റ്‌ 30നകം ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കണമെന്ന ഹസാരെ സംഘത്തിന്റെ ശാഠ്യം ജനാധിപത്യവിരുദ്ധമാണെന്ന്‌ അരുണാ റോയി കുറ്റപ്പെടുത്തി.

അണ്ണാ ഹസാരെ ഉപവാസത്തിലൂടെ നഗരങ്ങളിലെ മധ്യവര്‍ഗത്തിന്റെ റോള്‍ മോഡലായി മാറിയ അണ്ണാ ഹസാരെക്കെതിരെ വിമര്‍ശവുമായി പൗരസമൂഹ പ്രതിനിധികള്‍ രംഗത്തിറങ്ങി. സര്‍ക്കാറിന്റെ അസഹിഷ്‌ണുതയും ഏകാധിപത്യസ്വഭാവവും വിമര്‍ശിച്ച്‌ രംഗത്തെത്തിയ അണ്ണാ ഹസാരെയും സംഘവും അതേ സ്വഭാവം പുറത്തെടുക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ അവര്‍ പറഞ്ഞു.

സ്വേച്ഛാധിപതിയുടെ നിഷ്‌ഠുരവാഴ്‌ച പോലെത്തന്നെയാണ്‌ നന്മയുടെ നിഷ്‌ഠുര വാഴ്‌ചയെന്ന്‌ ജസ്റ്റിസ്‌ ഷാ പറഞ്ഞു. തങ്ങള്‍ പറയുന്നത്‌ നന്മയായതിനാല്‍ എല്ലാവരും പിന്തുടരണമെന്ന അവകാശവാദം അപകടകരമാണെന്ന്‌ ഷാ ഓര്‍മിപ്പിച്ചു. പാര്‍ലമെന്റിന്‌ മുന്നിലുള്ള ഒരു ബില്‍ പിന്‍വലിച്ച്‌ തങ്ങളുടെ ബില്‍ പകരം വെക്കണമെന്ന്‌ പറയുന്നത്‌ ജനാധിപത്യസംവിധാനത്തില്‍ അസ്വീകാര്യമാണ്‌. പൗരസമൂഹമെന്നാല്‍ ഹസാരെയും അഞ്ചുപേരുമാണെന്ന ധാരണ ശരിയല്ല. വിയോജിപ്പുകള്‍ അറിയിച്ച്‌ സര്‍ക്കാര്‍ ബില്ലിനെ മികച്ച ബില്ലാക്കി മാറ്റുകയാണ്‌ വേണ്ടതെന്ന്‌ ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ പോലൊരു മികച്ച ജനാധിപത്യ സംവിധാനം ലോകത്തൊരിടത്തുമില്ലെന്നും ഇവര്‍ക്ക്‌ പിറകെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക അരുന്ധതി റോയിയും അണ്ണായുടെ സമരത്തിനെതിരെ രംഗത്തെത്തി. അഴിമതി തുടച്ചു നീക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ അണ്ണാ ഹസാരെ സംഘം അഴിമതിയുടെ ഗുണഭോക്താക്കളായ കോര്‍പറേറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തത്‌ എന്തുകൊണ്ടാണെന്ന്‌ അരുന്ധതി റോയി ചോദിച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്മാറി അവ കോര്‍പറേറ്റുകള്‍ക്കും സര്‍ക്കാറേതര സംഘടനകള്‍ക്കും വിട്ടുകൊടുക്കുന്നത്‌ ഹസാരെ അംഗീകരിക്കുന്നുണ്ടെന്നും അരുന്ധതി ചൂണ്ടിക്കാട്ടി.

അണ്ണ എന്നാല്‍ ഇന്ത്യ, ഇന്ത്യയെന്നാല്‍ അണ്ണ എന്ന മുദ്രാവാക്യവുമായി ഹസാരെ സംഘത്തിലെ കിരണ്‍ ബേദി രംഗത്തുവന്നതും സംഘത്തിന്റെ ഏകാധിപത്യപ്രവണതയെക്കുറിച്ചുള്ള വിമര്‍ശം ശക്തിപ്പെടുത്തി.
കിരണ്‍ ബേദിയുടെ പ്രയോഗം വിവാദമായതിനെ തുടര്‍ന്ന്‌ അവരോടൊപ്പമുള്ള അരവിന്ദ്‌ കെജ്‌രിവാളും പ്രശാന്ത്‌ ഭൂഷണും പ്രസ്‌താവന തള്ളിപ്പറഞ്ഞു. ഈ പ്രയോഗം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക