Image

വിമത സേന ട്രിപ്പൊളി പിടിച്ചു; ഖദ്ദാഫി പുറത്തേക്ക്‌

Published on 23 August, 2011
വിമത സേന ട്രിപ്പൊളി പിടിച്ചു; ഖദ്ദാഫി പുറത്തേക്ക്‌
ടിപ്പൊളി: ലിബിയയില്‍ വിമത സേന തലസ്ഥാനമായി ട്രിപ്പൊളി പിടിച്ചടക്കി. ഇതോടെ പ്രസിഡന്റ്‌ കേണല്‍ ഖദ്ദാഫിയെ പുറത്താക്കാനുള്ള അവസാന പോരാട്ടത്തിലാണ്‌ സേനയെന്ന്‌ വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. തന്ത്രപ്രധാന നഗരങ്ങളൊന്നൊന്നായി അധീനതയിലാക്കി മുന്നേറിയ സേന ട്രിപളിയുടെ പടിഞ്ഞാറെ കവാടത്തിലുള്ള സൈനിക താവളം പിടിച്ചെടുത്തു. ട്രിപളിക്ക്‌ 25 കി.മീറ്റര്‍ പടിഞ്ഞാറുള്ള മായ നഗരത്തില്‍ നിരവധി തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്‌. ട്രിപളിയിലെ ഹരിത ചത്വരം പിടിച്ച വിമതര്‍ അതിന്‌ രക്ത സാക്ഷി ചത്വരം എന്ന്‌ പുനര്‍നാമകരണം ചെയ്‌തു. വിമത സേനക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ ആയിരക്കണക്കിനാളുകള്‍ തലസ്ഥാനത്ത്‌ തെരുവിലിറങ്ങി.

ഖദ്ദാഫിയുടെ വസതി നിലകൊള്ളുന്ന ബാബുല്‍ അസീസയില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. വിമത സേന ഗദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാമിനെ ബന്ദിയാക്കി. സൈഫുല്‍ ഇസ്‌ലാം തടവിലാണെന്നും നീതിന്യായ വ്യവസ്ഥക്ക്‌ കൈമാറുന്നതു വരെ സുരക്ഷിത താവളത്തില്‍ താമസിപ്പിക്കുമെന്നും വിമതനേതാവ്‌ പറഞ്ഞു.

മനുഷ്യാവകാശങ്ങളെ ഹനിച്ചതിന്റെ പേരില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇദ്ദേഹത്തിനും ഖദ്ദാഫിക്കും എതിരെ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഖദ്ദാഫിയുടെ മറ്റൊരു മകനായ മുഹമ്മദ്‌ മുഹമ്മദ്‌ അല്‍ ഖദ്ദാഫി വിമത സേനക്കു മുന്നില്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്‌.

അതിനിടെ ലിബിയയിലെ ഔദ്യോഗിക സേന ഏതുസാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന്‌ സൈനീക കേന്ദ്രങ്ങള്‍ അറിയിച്ചു.
വിമത സേന ട്രിപ്പൊളി പിടിച്ചു; ഖദ്ദാഫി പുറത്തേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക