Image

പ്രഥമ ഏഷ്യന്‍ സഹകരണ ഉച്ചകോടി സമാപിച്ചു

Published on 19 October, 2012
പ്രഥമ ഏഷ്യന്‍ സഹകരണ ഉച്ചകോടി സമാപിച്ചു
കുവൈറ്റ്‌ : കഴിഞ്ഞ മൂന്നു ദിവസമായി കുവൈറ്റില്‍ നടന്നുവരുന്ന പ്രഥമ ഏഷ്യന്‍ സഹകരണ ഉച്ചകോടി സമാപിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നായി രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പടെ പങ്കെടുത്ത ഉച്ചകോടി ഏഷ്യന്‍ മേഖലയിടെ ശക്തിയും, ഓജസ്സും വിളിച്ചറിയിക്കുന്നതായിരുന്നു. പ്രഥമ ഏഷ്യന്‍ സഹകരണ ഉച്ചകോടി വിജയകരമാക്കി തന്ന എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തിയ ബഹുമാന്യ അമീര്‍ മേഖലയിലെ അതിമാത്രമായ ഉത്തരവാദിത്വത്തെ കുറിച്ചും വിവധങ്ങളായ പ്രശ്‌നങ്ങളെ കുറിച്ചുള്ള കൃത്യമായ പരിഹാരമാര്‍ഗങ്ങള്‍ കാണേണ്ടുതെന്ന കാര്യം അംഗരാഷ്ട്രങ്ങളെ ഓര്‍മിപ്പിച്ചു. മാത്രവുമല്ല മേഖലയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ക്കാന്‍ ആഹ്വാനംചെയ്‌തു. ഉച്ചകോടിയുടെ വിജയത്തിനായി പ്രയത്‌നിച്ച തായ്‌ലന്റിനോടുള്ള പ്രത്യേക നന്ദി പ്രകാശിപ്പിച്ച അമീര്‍, അടുത്ത തവണ തായ്‌ലന്റില്‍ നടക്കുന്ന ഉച്ചകോടിക്ക്‌ സര്‍വ്വ വിജയാശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന്‌ കുവൈറ്റ്‌ വിദേശകാര്യ മന്ത്രി ഷെയ്‌ഖ്‌ സബാഹ്‌ അല്‍ ഖാലിദ്‌ അല്‍ സബാഹ്‌ , തായ്‌ വിദേശകാര്യ മന്ത്രി സുരപോംഗ്‌ ടോവിച്ചകച്ചകുലും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഉച്ചകോടിയുടെ തീരുമാനങ്ങളും, നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു. അംഗ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്‌പര നിക്ഷേപ സംവിധാനം വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. മേഖലയിലെ മുഖ്യ സാമ്പത്തിക കേന്ദ്രങ്ങളുമായി പ്രുമുഖ ധന സഹായ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും. മേഖലയില്‍ സാമ്പത്തിക സഹകരണം ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി സാമ്പത്തിക മാനേജ്‌മന്റ്‌ വിദഗ്‌ദ്ധന്മാരുടെ സേവനങ്ങള്‍ അംഗ രാജ്യങ്ങള്‍ തമ്മില്‍ കൈമാറും. വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ അംഗ രാഷ്ട്രങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.

ഉര്‍ജമേഖലയില്‍ നിക്ഷേപ സാധ്യതക്കായി പ്രത്യക സംവിധാനമുണ്ടാക്കും. ഗതാഗത രംഗത്തും, വാര്‍ത്താവിനിമയ രംഗത്തും മാറ്റങ്ങള്‍ക്ക്‌ കാതോര്‍ക്കണം . കാര്‍ഷികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച്‌ ഉത്‌പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള പദ്ധതികള്‍ നടപ്പിലാക്കും. ആരോഗ്യരംഗം , മരുന്ന്‌ വ്യവസായം , സാങ്കേതിക വിദ്യ തുടങ്ങിയ രംഗങ്ങളില്‍ അംഗ രാജ്യങ്ങള്‍ തമ്മില്‍ സഹകരണാടിസ്ഥാനത്തില്‍ പദ്ധതികള്‍ക്ക്‌ രൂപം നല്‍കണമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു, പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി കാണുവാനുള്ള മുന്നറിയിപ്പ്‌ കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനും , ദുരന്തം സംഭവിക്കുന്ന മേഖലകളില്‍ അടിയന്തിര സഹായങ്ങള്‍ അംഗ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ലഭ്യമാക്കണമെന്ന്‌ നിര്‍ദേശിച്ചു . ലോകത്ത്‌ ഇന്ന്‌ ഏറ്റവും കൂടുതല്‍ ഭീതി പടര്‍ത്തുന്ന ഭീകരതക്കെതിരെ ഒന്നിച്ചു നിന്ന്‌ പോരാടും , മാത്രവുമല്ല മനുഷ്യാവകാശങ്ങള്‍ക്കും, ജീവനും അര്‍ഹമായ പ്രാധാന്യം നല്‍കുവാനും ഉച്ചക്കോടി നിര്‍ദ്ദേശിച്ചു. വിവിധ മതങ്ങളും, സംസ്‌ക്കാരങ്ങളാലും സമ്പുഷ്ടമാണ്‌ നമ്മുടെ മേഖല, ആരോഗ്യപരമായ സംവാദങ്ങള്‍ ഇത്തരം മേഖലയില്‍ പ്രോത്സാഹിപ്പിക്കുന്നത്‌ മൂലം ജനങ്ങള്‍ക്കിടയില്‍ പരസ്‌പര സഹകരണത്തിന്‌ നാന്ദികുറിക്കാമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു. ഏഷ്യന്‍ സഹകരണ ഉച്ചക്കോടിയുടെ യോഗങ്ങള്‍ മേഖലയിലെ വിവിധ രാഷ്ട്രങ്ങളില്‍ നടത്തുന്നതിന്‌ ഉച്ചകോടി തത്വത്തില്‍ അംഗീകാരം നല്‍കി. ഏഷ്യന്‍ സഹകരണ ഉച്ചകോടിയുടെ ആസ്ഥാനം കുവൈറ്റിലായിരിക്കണമെന്ന തായ്‌ലന്‍ഡിന്റെ നിര്‍ദേശം സമ്മേളനം അംഗീകരിച്ചു.
പ്രഥമ ഏഷ്യന്‍ സഹകരണ ഉച്ചകോടി സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക