Image

ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദി നെജാദ്‌ പ്രഥമ ഏഷ്യന്‍ സഹകരണ സംവാദ ഉച്ചകോടിയെ അഭിസംബോധന ചെയ്‌തു

സലിം കോട്ടയില്‍ Published on 18 October, 2012
ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദി നെജാദ്‌ പ്രഥമ ഏഷ്യന്‍ സഹകരണ സംവാദ ഉച്ചകോടിയെ അഭിസംബോധന ചെയ്‌തു
കുവൈറ്റ്‌ : ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദി നിജാദ്‌ പ്രഥമ ഏഷ്യന്‍ സഹകരണ സംവാദ ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത്‌ പ്രസംഗിച്ചു. ലോകത്തെ തന്നെ നിയന്ത്രിക്കുവാനുള്ള ശക്തിയും പ്രാപ്‌തിയുള്ള നേതൃത്വവുമാണ്‌ ഏഷ്യന്‍ മേഖലയിലുള്ളതന്ന്‌ അഭിപ്രായപ്പെട്ട അദ്ദേഹം അതിന്‌ മേഖലയെ പ്രാപ്‌തമാക്കിയത്‌ കഴിഞ്ഞ രണ്‌ട്‌ ലോക മഹായുദ്ധങ്ങളിലൂടെയും ആര്‍ജിച്ചെടുത്ത രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വകതിരിവാണെന്ന്‌ ചൂണ്‌ടിക്കാണിച്ചു.

പാലസ്‌തീനിലും ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും നടന്ന അധിനിവേശത്തിന്റെ ക്ലേശങ്ങള്‍ മേഖലയെ ആപല്‍സന്ധിയിലേക്ക്‌ തള്ളിവിടുന്നതിനോടപ്പം തന്നെ ഭീകരതയും മയക്കുമരുന്ന്‌ മാഫിയയും ഏഷ്യന്‍ മേഖലയില്‍ വലിയൊരു ഭീഷണിയായി മാറിക്കൊണ്‌ടിരിക്കുകയാണ്‌.

ലോകത്തെ തന്നെ ഏറ്റവും വലിയ ഊര്‍ജ ശേഖരവും ഗതാഗത സംവിധാനവും കാര്‍ഷികമേഖലയും ഏഷ്യന്‍ മേഖലക്ക്‌ സ്വന്തമാണ്‌. ശരിയായ രീതിയിലുള്ള മാനവവിഭവശേഷിയുടെ ഉപയോഗത്തിലൂടെ മേഖലയിലെ മിക്ക പ്രശങ്ങള്‍ക്കും പരിഹാരം കാണുവാന്‍ സാധിക്കുമെന്നുതന്നെയാണ്‌ വിശ്വസിക്കുന്നതെന്ന്‌ അഹമ്മദി നെജാദ്‌ പറഞ്ഞു.

അംഗ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ പ്രതിബന്ധമായി നില്‍ക്കുന്ന കസ്റ്റംസ്‌ തീരുവയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യുവാന്‍ അംഗ രാഷ്ട്രങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്‌തു.

തുടര്‍ന്നു പ്രസംഗിച്ച ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌, കഴിഞ്ഞ ഒരു പതിറ്റാണ്‌ടായി ഏഷ്യന്‍ മേഖലയില്‍ ഐക്യം സ്ഥാപിക്കുവാന്‍ കുവൈറ്റ്‌ കൈക്കൊണ്‌ട ആത്മാര്‍ത്ഥ ശ്രമങ്ങളെ അഭിനന്ദിച്ചു. ഈ നൂറ്റാണ്‌ട്‌ ഏഷ്യയുടെ നൂറ്റാണ്‌ടാണ്‌, പുതിയ സാമ്പത്തിക ലോകക്രമത്തിലെ സുപ്രധാനമായ വേഷമാണ്‌ ഏഷ്യന്‍ മേഖലയ്‌ക്കുള്ളത്‌ , അതുകൊണ്‌ടുതന്നെ ഫലപ്രദമായ പദ്ധതികള്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ നടപ്പിലാക്കേണ്‌ട സമയം അതിക്രമിച്ചിരിക്കുകയാണ്‌ ഇ. അഹമ്മദ്‌ ചൂണ്‌ടിക്കാട്ടി.

ലോകത്ത്‌ നിലവിലുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള വ്യവസായ പുരോഗതിക്കേ രാജ്യത്തെ അഭിവൃദ്ധിയിലേക്ക്‌ നയിക്കുവാന്‍ സാധിക്കുകയുള്ളൂ. ഗതാഗത ബന്ധം മേഖലയില്‍ സുപ്രധാന വിഷയമായി മാറിയിരിക്കുകയാണ്‌. അംഗ രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ്‌, റയില്‍, കപ്പല്‍ ഗതാഗത സംവിധാനങ്ങളുമായി സഹകരിക്കുവാന്‍ ഇന്ത്യ തയാറാണെന്ന്‌ ഇ. അഹമ്മദ്‌ പറഞ്ഞു. മാത്രവുമല്ല ഉര്‍ജം, കൃഷി, വിദ്യാഭ്യാസം, സാമ്പത്തികം , ആരോഗ്യം തുടങ്ങിയ മേഖലയിലും അംഗ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്‌പര സഹകരണം ആവശ്യമാണെന്ന്‌ ഇ. അഹമ്മദ്‌ ചൂണ്‌ടിക്കാട്ടി.
ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദി നെജാദ്‌ പ്രഥമ ഏഷ്യന്‍ സഹകരണ സംവാദ ഉച്ചകോടിയെ അഭിസംബോധന ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക