Image

സമീരായിലെ അസ്ഥികള്‍ (കഥ)-2-പി.റ്റി.പൗലോസ്

പി.റ്റി.പൗലോസ് Published on 18 October, 2012
സമീരായിലെ അസ്ഥികള്‍ (കഥ)-2-പി.റ്റി.പൗലോസ്
സന്ധ്യ മയങ്ങിയതോടെ ഞങ്ങള്‍ എന്റെ ഭവനത്തിലെത്തി. എന്റെ കുടുംബാംഗങ്ങള്‍ അതിഥികളെ സ്വീകരിച്ചു. കൈകാലുകള്‍ കഴുകി അവര്‍ അകത്ത് പ്രവേശിച്ചു. അവര്‍ക്ക് പ്രത്യേക വിരുന്നൊരുക്കി. മുട്ടനാടിനെ അറുത്തു. പിന്നെ പുളിയില്ലാത്ത അപ്പവും ഈജിപ്ഷ്യന്‍ വീഞ്ഞും മുന്തിരിപ്പഴങ്ങളും. അതിഥികള്‍ക്ക് ഉറങ്ങുവാന്‍ പുല്‍മെത്ത വിരിച്ചു.

രാത്രിയുടെ ഏഴാംയാമത്തില്‍ കാമവെറി പൂണ്ട യുവാക്കളും വൃദ്ധരും പരദേശികളെ ഭോഗിക്കുവാന്‍ എന്റെ വീട്ടുമുറ്റത്ത് തടിച്ചുകൂടി. പെട്ടെന്ന് വീട്ടുമുറ്റത്ത് മിന്നിമറഞ്ഞ ദിവ്യപ്രഭയില്‍ കാമവെറി പൂണ്ട ജനങ്ങള്‍ അന്ധരായി. അതിഥികള്‍ ആ രഹസ്യം എന്നോട് പറഞ്ഞു. “നീചരില്‍ നീചരായ ഇവിടുത്തെ ജനങ്ങളെയും അവര്‍ക്ക് ജന്മം നല്‍കിയ നാടിനെയും നശിപ്പിക്കുവാന്‍ യഹോവ അയച്ച ദൂതന്മാരാണ് ഞങ്ങള്‍”

"നാളെ കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഉയരും മുമ്പെ ഈ നാടും നഗരവും ഇവിടുത്തെ ജനങ്ങളും ഇല്ലാതാകും. താവൂസിന്റെ നന്മയെ യഹോവ കണ്ടറിഞ്ഞിരിക്കുന്നു. താങ്കളെയും താങ്കളുടെ കുടുംബത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്താം ഈ രാത്രിയില്‍ തന്നെ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു കൊള്ളൂ. നാടും നഗരവും വിട്ട്, നദികളും താഴ് വാരങ്ങളും പട്ടണങ്ങളും കടന്ന് അഹല്യപര്‍വ്വതനിരകളിലേക്ക്, പിന്നോട്ട് തിരിഞ്ഞ് നോക്കാതെ”

പക്ഷേ, പുലര്‍ച്ചക്ക് മുന്‍പ് ഈ വൃദ്ധനായ ഞാനും എന്റെ ഭാര്യയും രണ്ടു പെണ്‍മക്കളും പര്‍വ്വതനിരകളില്‍ എത്തുന്നതെങ്ങനെ? താഴ് വരയ്ക്ക് അപ്പുറത്തുള്ള സോവാര്‍ പട്ടണത്തില്‍ ഞങ്ങളെ യാത്രയില്‍ വിശ്രമിക്കുവാന്‍ അനുവദിക്കുമൊ?

“ശരി, തല്‍ക്കാലം ആ പട്ടണം ഞങ്ങള്‍ നശിപ്പിക്കാതിരിക്കാം.”

അന്നു രാത്രി ഞാനും ഭാര്യയും മക്കളും നാടും വീടും സമ്പത്തും വിട്ട് പലായനം ആരംഭിച്ചു. എന്നും എന്റെ സ്വപ്നമായിരുന്ന ജോര്‍ദ്ദാന്‍ താഴ് വരയോട് കണ്ണുനീരോടെ വിട ചൊല്ലി. നടക്കുകയല്ല ഓടുകയായിരുന്നു, പിന്നോട്ട് നോക്കാതെ. ആത്മനിയന്ത്രണം വിട്ട എന്റെ ഭാര്യ തിരിഞ്ഞു നോക്കി. ദുഃഖങ്ങളിലും സന്തോഷങ്ങളിലും എന്നോടൊപ്പം നിന്ന എന്റെ ജീവന്റെ ഭാഗമായിരുന്ന അവള്‍ക്ക് യഹോവ മരണം ശിക്ഷയായി നല്‍കി. പ്രഭാതത്തില്‍ ഞാനും എന്റെ മക്കളും സോവാര്‍ പട്ടണത്തില്‍ പ്രവേശിച്ചതോടെ, ആകാശം ഇരുണ്ടു. ഭൂമി വിറച്ചു. യഹോവ ഭൂമിയിലേക്ക് ഗന്ധകവും തീയും വര്‍ഷിച്ചു. തീമഴയില്‍ നാടും നഗരവും ജനങ്ങളും മൃഗങ്ങളും വൃക്ഷലതാദികളും കരിഞ്ഞുപോയി. ചാവുകടലിന്റെ ഇരമ്പലില്‍ ജോര്‍ദ്ദാന്റെ തേങ്ങല്‍ ഞാന്‍ കേട്ടില്ല. സായാഹ്നത്തോടെ ഞാനും എന്റെ മക്കളും സോവാറില്‍ നിന്നും അഹല്യപര്‍വ്വതനിരകളിലെ ഒരുകരിങ്കല്‍ ഗുഹയില്‍ അഭയം തേടി. ഞാന്‍ വളരെ ക്ഷീണിതനായിരുന്നു. ഗുഹയിലെ കല്‍മെത്തയില്‍ കിടന്നപാടെ ഉറങ്ങിപോയി.

ഗുഹാമുഖത്തുനിന്നും താവൂസിന്റെ കന്യകളായ രണ്ടു മക്കള്‍ ജോര്‍ദ്ദാന്‍ താഴ് വരയെ നോക്കി തേങ്ങിക്കരഞ്ഞു. നെടുവീര്‍പ്പും കണ്ണുനീരും മാത്രം എല്ലാം നിശ്ചലം. വളര്‍ത്തുമൃഗങ്ങളും വിളവുകളും മയിലുകളും കുയിലുകളും മഹാഗണികളും ദേവാദാരുക്കളും എല്ലാം കരിഞ്ഞു ചാമ്പലായി. എങ്ങും ജീവന്റെ തുടിപ്പുപോലുമില്ല. ആകാശത്ത് പറക്കുവാന്‍ ശ്രമിച്ച പറവകള്‍ വിഷധൂമികയില്‍ ഭൂമിയിലേക്ക് ചിറകറ്റ് വീഴുന്നു. അഹല്യ പര്‍വ്വതനിരകളില്‍ ആഞ്ഞുവീശിയ ഉഷ്ണക്കാറ്റിന് ഗന്ധകത്തിന്റെ മണമായിരുന്നു. ഗുഹാമുഖത്തെ ചക്കുവാളാ മരത്തിന്റെ ഉണങ്ങിയ ചില്ലുകളില്‍ ഉടക്കികിടന്ന കരിഞ്ഞ കഴുകന്റെ കണ്ണുകള്‍ പ്രകാശിക്കുന്നുവോ? പെണ്‍മക്കള്‍ പരസ്പരം നോക്കി തേങ്ങലോടെ. ഒരു പുത്തന്‍ തലമുറയുടെ അടയാളമായി ഒരു പുരുഷനെപോലും യഹോവ ബാക്കി വച്ചില്ല. പര്‍വ്വതനിരകളില്‍ നിന്നും ഉഷ്ണക്കാറ്റ് ആഞ്ഞു വീശി. ചക്കുവാളാ മരത്തില്‍ ഉടക്കിയ കഴുകന്റെ കണ്ണുകള്‍ ഗുഹാമുഖത്തേക്ക് അടര്‍ന്നുവീണു. ഗുഹയില്‍ കല്‍മെത്തയില്‍ മയങ്ങുന്ന സ്വന്തം പിതാവും അദ്ദേഹത്തിന്റെ തോള്‍ സഞ്ചിയിലെ ഈജിപ്ഷ്യന്‍ വീഞ്ഞും….

സൂര്യന്‍ പതിവുപോലെ അന്നും പടിഞ്ഞാറന്‍ ചക്രവാളങ്ങളില്‍ എരിഞ്ഞമര്‍ന്നു. രണ്ടു ദിനരാത്രങ്ങള്‍ നിശബ്ദമായി കടന്നുപോയി. നക്ഷത്രങ്ങളില്ലാത്ത ആ രണ്ടുരാവുകളുടെ ഏതോ യാമങ്ങളില്‍ ഇരുവര്‍ക്കുമായി ആ ഗുഹയുടെ കല്‍വാതിലുകള്‍ രണ്ടുപ്രാവശ്യം തുറന്നടഞ്ഞു. വിശ്വപാപത്തിന്റെ തിളയ്ക്കുന്ന ലാവയില്‍ ഇതള്‍ വിരിഞ്ഞ തലമുറയ്ക്കായ്…
അവസാനിച്ചു.
സമീരായിലെ അസ്ഥികള്‍ (കഥ)-2-പി.റ്റി.പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക