Image

നഴ്‌സുമാര്‍ ആരോഗ്യപരിവര്‍ത്തനത്തിന്റെ മുന്‍നിരയില്‍: നൈനയുടെ ദേശീയ കോണ്‍ഫറന്‍സ്‌

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2012
നഴ്‌സുമാര്‍ ആരോഗ്യപരിവര്‍ത്തനത്തിന്റെ മുന്‍നിരയില്‍: നൈനയുടെ ദേശീയ കോണ്‍ഫറന്‍സ്‌
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നേഴ്‌സസ്‌ ഓഫ്‌ അമേരിക്ക) യുടെ മൂന്നാം ദേശീയ കോണ്‍ഫറന്‍സ്‌ ഒക്‌ടോബര്‍ 5,6 തീയതികളില്‍ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ വെസ്റ്റ്‌ ചെസ്റ്റര്‍ ടാറി ടൗണ്‍ മാരിയറ്റില്‍ വെച്ച്‌ വിപുലമായി നടത്തി.`നഴ്‌സുമാര്‍ ആരോഗ്യപരിവര്‍ത്തനത്തിന്റെ മുന്‍നിരയില്‍: വെല്ലുവിളികളും സാധ്യതകളും' എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ മുഖ്യ വിഷയം. മാറിവരുന്ന ആരോഗ്യനിയമ നിര്‍മ്മാണങ്ങളും, രാഷ്‌ട്രീയ സാഹചര്യങ്ങളും ആരോഗ്യപരിരക്ഷണത്തില്‍ നേഴ്‌സുമാരുടെ പങ്കിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നത്‌ കണ്‍വന്‍ഷനിലുടനീളം ചര്‍ച്ചവിഷയമാരുന്നു.

ഒക്‌ടോബര്‍ അഞ്ചിന്‌ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ആരംഭിച്ച സെമിനാറില്‍ നൈന പ്രസിഡന്റ്‌ സോളിമോള്‍ കുരുവിള സ്വഗതം ആശംസിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നഴ്‌സുമാരെ പ്രസിഡന്റ്‌ പ്രത്യേകം അഭിനന്ദിച്ചു. എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍ ബീനാ ബെന്നി ആമുഖ പ്രസംഗം നടത്തി. പ്രശസ്‌ത പ്രഭാഷകനും, അധ്യാപകനും, അഭിഭാഷകനുമായ ഡോ. ഹ്യൂമര്‍ എന്നറിയപ്പെടുന്ന ഡോ. സ്റ്റുവാര്‍ട്ട്‌ റോബര്‍ട്ട്‌ഷാ `ആരോഗ്യത്തിനും രോഗശമനത്തിനും നര്‍മ്മത്തിന്റെ പങ്ക്‌' എന്ന വിഷയത്തെ കുറിച്ച്‌ നടത്തിയ ക്ലാസ്‌ ഏറെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു. ഇന്ത്യയിലെ നഴ്‌സുമാരുടെ ദേശീയ സംഘടനയായ ടി.എന്‍.എ.ഐയുടെ പ്രസിഡന്റ്‌ ബി. ഗില്‍ബര്‍ട്ട്‌ `കുടിയേറ്റ സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തെക്കുറിച്ച്‌ ക്ലാസ്‌ എടുത്തു. കുടിയേറ്റ നഴ്‌സുമാര്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച്‌ ഡോ. പട്രീഷ്യാ വിറ്റ്‌മാന്‍, ഹൃദ്രോഗത്തെക്കുറിച്ച്‌ ഡോ. രാജേഷ്‌ വര്‍മ എന്നിവരും സംസാരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജിത കുര്യാക്കോസ്‌ കാര്യപരിപാടികള്‍ നിയന്ത്രിച്ചു.

തുടര്‍ന്ന്‌ നടന്ന അലുംമ്‌നി സമ്മേളനത്തില്‍ വിവിധ നഴിംഗ്‌ വിദ്യാലയങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പരിപാടികള്‍ ഏറെ ആസ്വാദ്യകരമായിരുന്നു. വാശിയേറിയ `മിസ്‌ നൈന 2012' സൗന്ദര്യ മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ബെനില തോമസ്‌ കിരീടം ചൂടി. നഴ്‌സിംഗ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നോമിനികളെ തദവസരത്തില്‍ അനുമോദിച്ചു. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സോഫി വില്‍സണ്‍ എം.സിയായിരുന്നു. ഡെയ്‌സി തോമസ്‌, ആന്‍ വര്‍ഗീസ്‌, വര്‍ഷാ സിംഗ്‌, സൂസന്‍ ബാബു എന്നിവര്‍ വിവിധ പരിപാടികളുടെ മേല്‍നോട്ടം വഹിച്ചു. തങ്കമണി അരവിന്ദന്‍ നന്ദി പ്രകാശിപ്പിച്ചു.

ശനിയാഴ്‌ച രാവിലെ നടന്ന ക്ലാസുകളുടെ ആമുഖം എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍ റേച്ചല്‍ കോശി നല്‍കി. ആരോഗ്യരംഗത്തെ സാങ്കേതിക വിവരവിദ്യയുടെ സാധ്യതകളെക്കുറിച്ച്‌ ഈ രംഗത്ത്‌ അഗ്രഗണ്യയായ സൂസാന്‍ ബാക്കന്‍ നടത്തിയ പ്രഭാഷണം ഏറെ ആനുകാലിക പ്രസക്തമായിരുന്നു. ജെന്നിഫര്‍ മക്കാര്‍ത്തി, ഡോ. പീറ്റര്‍ മേബി, ഡോ. സൂസന്‍ ഹാസ്‌മില്ലര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പി.ആര്‍.ഒ ബീന വള്ളിക്കളം കാര്യപരിപാടികള്‍ നിയന്ത്രിച്ചു. രണ്ടു ദിവസങ്ങളിലും പോസ്റ്റര്‍ അവതരണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‌ നടന്ന പാനല്‍ ചര്‍ച്ചകളില്‍ ലിസാ അഗസ്റ്റിന്‍, സാന്ദ്രാ ഇമ്മാനുവേല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. അതിനുശേഷം വിവിധ വിഷയങ്ങളെക്കുറിച്ച്‌ പന്ത്രണ്ട്‌ ക്ലാസുകള്‍ നടന്നു. പങ്കെടുത്തവര്‍ക്ക്‌ 16 കണ്ടിന്യൂയിംഗ്‌ എഡ്യൂക്കേഷന്‍ ക്രെഡിറ്റ്‌ നല്‍കി.

തുടര്‍ന്ന്‌ വൈകുന്നേരം നടന്ന സമ്മേളനവും ഡിന്നറും പ്രഗത്ഭരും പ്രശസ്‌തരുമായ വ്യക്തികളുടെ സാന്നിധ്യംകൊണ്ടും പരിപാടികളുടെ അവതരണ മികവുകൊണ്ടും ശ്രദ്ധേയമായി. കണ്‍വന്‍ഷന്‍ കണ്‍വീനറും ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റുമായ ശോശാമ്മ ആന്‍ഡ്രൂസ്‌ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായെത്തിയ വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ്‌ കെവിന്‍ പ്ലങ്കറ്റ്‌ നഴ്‌സുമാരുടെ സേവനങ്ങളെക്കുറിച്ച്‌ തനിക്കുള്ള മതിപ്പ്‌ പ്രസംഗത്തിലുടനീളം പരാമര്‍ശിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയ ഡോ. സോളിമോള്‍ കുരുവിള നഴ്‌സിംഗ്‌ രംഗത്തുള്ള അവസരങ്ങളെക്കുറിച്ചും, കൂട്ടായ്‌മയുടെ ആവശ്യകതയെക്കുറിച്ചും ഉത്‌ബോധിപ്പിച്ചു. നൈന സെക്രട്ടറി മേരിക്കുട്ടി കുര്യാക്കോസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എലിസബത്ത്‌ ഗെര്‍ട്‌സ്‌ (സി.എന്‍.ഒ സെന്‍ടല്‍ ബോണ്‍ക്‌സ്‌), ആനി പോള്‍ (റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍) എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ, കോണ്‍ഗ്രസ്‌മാന്‍ എലിയറ്റ്‌ എംഗല്‍ എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു. ഒക്‌ടോബര്‍ ആറ്‌ നഴേസിംഗ്‌ ഡേ ആയി എല്‍മ്‌സ്‌ ഫോര്‍ഡ്‌ സിറ്റി ആചരിക്കുന്നുവെന്ന മേയറുടെ അറിയിപ്പ്‌ സദസ്‌ വളരെ ആവേശത്തോടെ വരവേറ്റു.

നഴ്‌സിംഗ്‌ രംഗത്തെ വിവിധ മേഖലകളിലെ കഴിവുകളെ അംഗീകരിച്ച്‌ അവാര്‍ഡുകള്‍ നല്‍കപ്പെട്ടു. സുദീര്‍ഘവും സ്‌തുത്യര്‍ഹവുമായ സേവനത്തിനുള്ള ഫ്‌ളോറന്‍സ്‌ നൈറ്റിംഗേല്‍ അവാര്‍ഡ്‌ ന്യൂജേഴ്‌സിയില്‍ നിന്നുള്ള അമ്മാള്‍ ഫെര്‍ണാണ്ടസിന്‌ ലഭിച്ചു. മികച്ച ചാപ്‌റ്ററിനുള്ള റോളിംഗ്‌ ട്രോഫി ന്യൂയോര്‍ക്ക്‌ചാപ്‌റ്റര്‍ നേടി. ലിഡിയ ആല്‍ബുക്കര്‍ക്ക്‌, ന്യൂജേഴ്‌സി (പോസ്റ്റര്‍), ആനി പോള്‍, ന്യൂയോര്‍ക്ക്‌ (സ്റ്റഡന്റ്‌ റിസര്‍ച്ച്‌), ഷീല മാത്യു, ഹൂസ്റ്റണ്‍ (നഴ്‌സിംഗ്‌ എക്‌സലന്‍സ്‌), അക്കാമ്മ കല്ലേല്‍, ഹൂസ്റ്റണ്‍ (അഡ്വാന്‍സ്‌ഡ്‌ നഴ്‌സിംഗ്‌ എക്‌സലന്‍സ്‌) എന്നിവരാണ്‌ അവാര്‍ഡ്‌ ജേതാക്കള്‍. ഇന്ത്യയിലും അമേരിക്കയിലുമുള്ള രണ്ട്‌ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കുവീതം ഏലിയാമ്മ മാത്യു സ്‌പോണ്‍സര്‍ ചെയ്‌ത സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്‌തു. നൈനയുടെ പ്രസിഡന്റുമാരായിരുന്ന സാറാ ഗബ്രിയേല്‍, ഡോ. ഓമന സൈമണ്‍, ഡോ. സോളിമോള്‍ കുരുവിള എന്നിവരെ ടി.എന്‍.എ പ്രസിഡന്റ്‌ സി. ഗില്‍ബര്‍ട്ട്‌ ആദരിച്ചു.

ജൂഡി സ്‌മിത്ത്‌ (എന്‍.ജെ.എസ്‌.എന്‍.എ പ്രസിഡന്റ്‌), ഷെല്‍ഡന്‍ മക്‌ലിയാര്‍ഡ്‌ (സി.ഇ.ഒ നോര്‍ത്ത്‌ സെന്‍ട്രല്‍ ബ്രോക്‌സ്‌), ലിസാ ടിബിറ്റ്‌സ്‌ (ഡയറക്‌ടര്‍, മോണ്ടിഹിയോര്‍), മേരി മക്‌ലഫിന്‍ (മോണ്ടിഫിയോര്‍), ലൊറെയ്‌ന്‍ സ്റ്റീഫല്‍ (വി.എം.ഡി.എന്‍.ടി)എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

വര്‍ണ്ണാഭവും ആശയ സമ്പുഷ്‌ടവുമായ ഒരു സുവനീര്‍ കോര്‍ഡിനേറ്റര്‍മാരായ ജോമി കുഞ്ഞ്‌, തങ്കമണി അരവിന്ദന്‍, ഡോ. സോളിമോള്‍ എന്നിവര്‍ പ്രകാശനം ചെയ്‌തു. പുതിയ തലമുറയിലെ നഴ്‌സുമരായ ടോബി അബ്രഹാം, ജോമി കുഞ്ഞ്‌, മിനു മാത്യു എന്നിവരും യുവ വോളണ്ടിയര്‍മാരും കണ്‍വന്‍ഷന്‍ വിജയത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സെക്രട്ടറി ഉഷാ ജോര്‍ജ്‌ നന്ദി പറഞ്ഞു.

പുതിയ ഭരണസമിതി തദവസരത്തില്‍ സ്ഥാനമേറ്റു. വിമലാ ജോര്‍ജ്‌ (പ്രസിഡന്റ്‌), തങ്കമണി അരവിന്ദന്‍ (എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌), ടിസി സിറിയക്‌ (വൈസ്‌ പ്രസിഡന്റ്‌), ഡോ. ഷൈനി വര്‍ഗീസ്‌ (സെക്രട്ടറി), ബീന വള്ളിക്കളം (ട്രഷറര്‍) എന്നിവരാണ്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്‌.

പ്രസിഡന്റ്‌ സോളിമോള്‍ കുരുവിളയുടെ നേതൃപാടവവും, വിവിധ കമ്മികളിലായി പരിശ്രമിച്ചവരുടെ കൂട്ടായ്‌മയും ശക്തിയും ഒന്നുചേര്‍ന്ന്‌ വന്‍വിജയമായി മാറിയ ഈ ദ്വിദിന കോണ്‍ഫറന്‍സ്‌ എല്ലാ നഴ്‌സുമാര്‍ക്കും ആവേശവും ഉണര്‍വും നല്‍കി.
ബീനാ വള്ളിക്കളം

നഴ്‌സുമാര്‍ ആരോഗ്യപരിവര്‍ത്തനത്തിന്റെ മുന്‍നിരയില്‍: നൈനയുടെ ദേശീയ കോണ്‍ഫറന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക