Image

മറക്കരുത് ഈ മണ്ണിനെ (2)- പ്രൊഫ.എം.പി. ലളിതാബായ്

പ്രൊഫ.എം.പി. ലളിതാബായ് Published on 15 October, 2012
മറക്കരുത് ഈ മണ്ണിനെ (2)- പ്രൊഫ.എം.പി. ലളിതാബായ്
കണ്ണൂരും കോഴിക്കോടും കഴിഞ്ഞ് വയനാടന്‍ സൗന്ദര്യം മൊത്തിക്കുടിക്കാതെ എന്തൊരു കേരളയാത്ര? വയനാടന്‍ ചുരം കയറുമ്പോള്‍ തന്നെ നമ്മുടെ മനസ്സ് മന്ത്രിക്കും ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണെന്. എന്നാല്‍ നമ്മെ കോരിത്തരിപ്പിച്ച പ്രകൃതിദൃശ്യങ്ങള്‍ പലതും ഇന്നിവിടെയില്ല. നിബിഡ വനങ്ങളില്ല; എപ്പോഴും ഒഴുകുന്ന ഉറവകളില്ല. നീണ്ട പരന്ന കൃഷിയിടങ്ങള്‍, കതിര്‍ വിളഞ്ഞ് തലചായ്ച്ചു നില്‍ക്കുന്ന നെല്‍പാടങ്ങള്‍! ദുര്‍ലഭമായ കാഴ്ചകള്‍. ഏത്തവാഴയും, തളിര്‍ വെറ്റിലയും മുളകും, ഇഞ്ചിയും, കരിമ്പും എല്ലാം നിറഞ്ഞ് നന്ദനോദ്യാനം തന്നെയായിരുന്ന വയനാട് അതിന്റെയൊക്കെ അവശേഷിപ്പികളുമായി കേണു നില്‍ക്കുകയാണിപ്പോള്‍. പ്രകൃതി നിഷ്‌കരുണം ആക്രമിക്കപ്പെടുമ്പോള്‍ വരള്‍ച്ചയും, വെള്ളപ്പൊക്കവും, വറുതിയും പകരം തന്ന് പ്രകൃതി പിന്‍വാങ്ങുന്നു. പാവങ്ങളായ ആദിവാസികളുടെ കൃഷിയിടങ്ങള്‍ പലതും സ്വന്തമാക്കിയ ഭൂമുതലാളിമാരുടെ താവളങ്ങള്‍ കാണാം. ഉടുതുണിക്കു മറുതുണിയില്ലാതെ പട്ടിണിക്കോലങ്ങളായി, രോഗങ്ങളോടും, ക്ഷോഭിക്കുന്ന പ്രകൃതിയോടും, കോപിക്കുന്ന വന്യമൃഗങ്ങളോടും നിരന്തരം മല്ലടിച്ച് മനുഷ്യപ്പുഴുക്കളായി കഴിയുന്ന ഈ ആദിവാസികളും നമ്മുടെ സഹോദരങ്ങളാണെന്ന് നാം തിരിച്ചറിയണം.

നീലക്കടലിന്റെ മകളായ നമ്മുടെ കൊച്ചുകൊച്ചി ഇന്ന് കണ്ടാലറിയാത്ത വിധം മാറിപ്പോയില്ലേ? ആകാശത്തെ ഉല്ലംഘിക്കുന്ന പടുകൂറ്റന്‍ മന്ദിരങ്ങള്‍, കായലും തോടും കന്നുകാലികള്‍ മേഞ്ഞു നടന്നിരുന്നു പുല്‍പ്പരപ്പുകളും കണ്ടല്‍ക്കാടുകളും എല്ലാം വെട്ടിനിരത്തി അവിടെയൊക്കെ അതി ഗര്‍വ്വോടെ നില്‍ക്കുന്ന കോണ്‍ക്രീറ്റ് കെട്ടിട സമുച്ചയങ്ങള്‍! കുന്നുകൂടുന്ന മാലിന്യങ്ങള്‍. വാഹനങ്ങളുടെ അണമുറിയാത്ത പ്രവാഹം! യന്ത്രങ്ങള്‍ പോലെ പായുന്ന മനുഷ്യര്‍! ഇതു തന്നെയാണ് യാന്ത്രികയുഗമെന്ന് ആരും സമ്മതിച്ചുപോകും.

ഇക്കാണുന്ന മണല്‍ത്തിട്ട ഭാരതപ്പുഴയുടേതാണ്. ഇരുകരകളെയും ഇക്കിളിപ്പെടുത്തി പാല്‍പ്പതയുമായി നിറഞ്ഞൊഴുകിയിരുന്ന ഭാരതപ്പുഴ! നിളാദേവി എന്ന് കവികളും സുമനസ്സുകളും വിളിച്ചാദരിച്ച സാക്ഷാല്‍ ഭാരതപ്പുഴ നടുവില്‍ മാത്രം കണ്ണീര്‍ ചാലുകളുമായി ഒഴുകുകയാണിപ്പോള്‍. കരയിലൂടെ നിരനിരയായി ചീറിപ്പായുന്ന ലോറികള്‍ കണ്ടോ? നിളയുടെ മാറിടം പിളര്‍ന്ന് അവളുടെ അസ്ഥികളും മജ്ജയും എടുത്തു കൊണ്ടു പോവുകയാണ്. മനുഷ്യന്റെ ഒരിക്കലും തീരാത്ത പണക്കൊതി ഈ ദേവസരിത്തിന് ചരമഗീതം കുറിച്ചു കൊണ്ടിരിക്കുന്നു. കടുംനീലനിറത്തില്‍ വിഷവാഹിനിയായി അറച്ചറച്ച് ഒഴുകുന്ന ഈ നദിയാണ് നമ്മുടെ പെരിയാര്‍. പര്‍വ്വതനിരയുടെ പനിനീരുമായി കുണുങ്ങി നടക്കുന്ന മലയാളിപ്പെണ്ണല്ല ഇന്നത്തെ പെരിയാര്‍. വ്യവസായ ശാലകളില്‍ നിന്ന് ഒഴുക്കിവിടുന്ന രാസദ്രാവകങ്ങള്‍ കലര്‍ന്ന് പെരിയാറിലെ മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും മാത്രമല്ല ജലസസ്യങ്ങള്‍ പോലും ചേതനയറ്റ് കരയ്ക്കടിഞ്ഞു കിടക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ?

കുഞ്ഞുമേഘങ്ങളെ മുല കൊടുത്തുറക്കുന്ന മഞ്ഞണിക്കുന്നുകള്‍ നിറഞ്ഞ നമ്മുടെ മൂന്നാര്‍ മലനിരകള്‍ കയ്യേറ്റക്കാരുടെ കടന്നുകയറ്റത്തില്‍ കരചരണങ്ങള്‍ ഛേദിച്ച അവസ്ഥയിലായിരിക്കുന്നു. മറയൂര്‍, മതികെട്ടാന്‍ മലനിരകളിലെ ചന്ദനമരങ്ങളും വനംകൊള്ളക്കാരുടെ മഴുവിനിരയായി. അവശേഷിച്ച മരക്കുറ്റികള്‍ ദുരമൂത്ത മനുഷ്യന്റെ ഹൃദയകാഠിന്യം പോലെ അങ്ങനെ നിരന്നു നില്‍ക്കുന്നു. യാതൊരു സാമൂഹ്യബോധവുമില്ലാതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭൂമിയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. പുഴകളും മലകളും മണ്ണും കല്ലും എന്നു വേണ്ട പ്രാണവായുപോലും വില്‍പനച്ചരക്കാകുന്നു. പ്രകൃതിയെ നിഷ്‌കരുണം കൊള്ളയടിക്കുന്നതു കാരണം കൃത്യമായി വന്നുകൊണ്ടിരുന്ന ഋതുപകര്‍ച്ചകള്‍ക്കും ക്രമം തെറ്റുന്നു. വരള്‍ച്ചയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഭൂകമ്പങ്ങളും സാധാരണ സംഭവങ്ങളാകുന്നു. ഒരുപാടു കാലത്തെ അക്ഷീണ പരിശ്രമം കൊണ്ട് നാം ആട്ടിയകറ്റിയ പല രോഗങ്ങളും പൂര്‍വ്വാധികം വാശിയോടെ തിരിച്ചു വരുന്നു. പുതിയ പകര്‍ച്ചവ്യാധികള്‍ സമൂഹത്തെയാകെ മരണഭീതിയിലാക്കുന്നു.

നാട് കറങ്ങി നടന്നാല്‍ മതിയോ? നമുക്ക് വീട്ടില്‍ പോകണ്ടെ? എവിടെ നമ്മുടെ പഴയവീട്? ഓടും തറയോടും പാകി, മച്ചിട്ട മണിക്കിണറും പശുത്തൊഴുത്തും ഉരപ്പുരയുമുള്ള നമ്മുടെ തറവാട് എവിടെയാണ്? ചൂടിനെയും തണുപ്പിനെയും ഒരുപോലെ തടഞ്ഞുനിര്‍ത്തി നമ്മെ സംരക്ഷിച്ച പലകകള്‍ പാകിയ വീട് കാണാനേയില്ലല്ലോ? തണുപ്പത്ത് തണുത്തു വിറപ്പിക്കുന്ന ചൂടത്ത് ചുട്ടു വിയര്‍ക്കുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങല്‍ തറവാട് നിന്നിരുന്ന സ്ഥലം പിടിച്ചടക്കിയിരിക്കുന്നു. നന്ത്യാര്‍വട്ടവും, രാജമല്ലിയും, കുടമുല്ലയും, ചെമ്പരത്തിയും പൂചൊരിഞ്ഞു നില്‍ക്കുന്ന പൂമുറ്റങ്ങള്‍ ഇന്നില്ല, ഓര്‍ക്കിഡുകളും ആന്തൂറിയവും ചെടിച്ചട്ടികളില്‍ വിലസുന്നു. കുടമണി കുലുക്കി ആഗതരെ സ്വാഗതം ചെയ്യുന്ന കന്നുകാലികള്‍ നിറഞ്ഞ തൊഴുത്തിരുന്നിടത്ത് ചെത്തിയൊരുക്കിയ ക്രിക്കറ്റ് ഗ്രൗണ്ട് കാണാം. ഉരപ്പുരയില്ല, അന്നപ്പാത്രങ്ങള്‍ നിറയും തളങ്ങളില്ല. മുറ്റത്ത് അറ്റത്തായി തേനിറ്റിച്ചുകൊണ്ട് നിന്നിരുന്ന മൂവാണ്ടന്‍ മാവും കാണാനില്ല. മണ്ണില്‍ ആര്‍ത്തുകളിക്കുന്ന ബാലകുതുകങ്ങള്‍ ഇല്ല; മുത്തുമാലയും ഭസ്മക്കുറിയും ചാര്‍ത്തി പതിരില്ലാത്ത പഴച്ചൊല്ലുകളും രാജകുമാരന്റെ കഥയും പറഞ്ഞു തന്ന മുത്തശ്ശിമാരില്ല. അവര്‍ ഇന്ന് ഏതോ വൃദ്ധസദനത്തിലിരുന്ന് നാമം ജപിക്കുന്നു. ഉച്ചയൂണിന് തിരക്കു കൂട്ടുന്ന അടുക്കളക്കാരികളായ അമ്മമാരില്ല. അവര്‍ ഓഫീസിലോ, ഫാക്ടറികളിലോ പണിക്ക് പോയിരിക്കുകയാണ്. സൂര്യന്റെ വെളിച്ചവും കാറ്റിന്റെ തണുപ്പും നിലാവിന്റെ കുളിരും നിഷേധിച്ചുകൊണ്ട് ഇലക്ട്രിക് ലൈറ്റിന്റെയും ഫാനിന്റെയും എ.സി.യുടെയും മുമ്പില്‍ മുട്ടുകുത്തുന്ന പുതിയ തലമുറയെക്കണ്ട് വിഷമിക്കേണ്ടതില്ല. ലോകം മുഴുവന്‍ ആധുനിക ഇലക്‌ട്രോണിക് വൈദഗ്ധ്യങ്ങളുടെ നേര്‍ക്കു പായുമ്പോള്‍ നമ്മള്‍ മാത്രം അതിന് പിന്‍തിരിഞ്ഞു നില്‍ക്കുന്നത് ശരിയല്ലല്ലോ! പക്ഷേ നമ്മളോര്‍ക്കണം അച്ഛനുമമ്മയും മുത്തശ്ശിയും മുത്തശ്ശനും അമ്മാവന്മാരും അഞ്ചും പത്തും മക്കളും ഉള്ള ഒരു കുടുംബത്തെക്കുറിച്ച്. വല്ലപ്പോഴും വരുന്ന അതിഥിക്കുവേണ്ടി പോലും സ്വന്തം മുറിയോ ടോയ്‌ലറ്റോ കൊടുക്കാന്‍ മനസ്സു കാണിക്കാത്ത പുതിയ തലമുറക്കാര്‍ക്ക് ഒരുപക്ഷേ അത്രം കുടുംബങ്ങള്‍ ചിന്തിക്കാന്‍ പോലും ആവില്ല. പക്ഷേ നമുക്കറിയാം-ഈ ഒരുമിച്ചുള്ള ജീവിതത്തില്‍ നിന്ന് എഴുതാതെയും വായിക്കാതെയും നമ്മള്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ പഠിച്ചു. സത്യം പറയാനും ധര്‍മ്മം ചെയ്യാനും, എന്തും പങ്കുവയ്ക്കാനും, വിട്ടുവീഴ്ച ചെയ്യാനും, മുതിര്‍ന്നവരെ ബഹുമാനിക്കാനും ഈശ്വരനെ ഭയക്കാനും അഭയമാക്കാനും കഠിനമായി അധ്വാനിക്കാനും ആരും നമ്മെ ഇരുത്തി പഠിപ്പിച്ചതല്ല. നിത്യജീവിതത്തില്‍ നിന്നും കണ്ടും കേട്ടും നാം അ
റിയാതെ ഉള്ളിലേക്ക് സ്വാംശീകരിച്ചതാണവ. എത്ര മുതിര്‍ന്ന ആളു കയറിവന്നാലും കോഫി റ്റേബിളില്‍ കയറ്റിവച്ചിരിക്കുന്ന കാല് ഒന്നു അനക്കാന്‍ പോലും കൂട്ടാക്കാത്ത ചെറു ബാല്യക്കാരെ കാണുമ്പോള്‍ നേരിയൊരസ്വസ്ഥത തോന്നുന്നുണ്ടോ? ഇവിടെയൊക്കെ കറങ്ങി നടന്നിട്ടും നല്ല മലയാളം പറയുന്ന മലയാളിയെ അധികമായി കാണാനില്ലല്ലോ! ഇപ്പോള്‍ മലയാളി മലയാളം പറയാതിരിക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. കേരളവൃക്ഷങ്ങള്‍ക്ക് പറ്റിയ അതേ അവസ്ഥ തന്നെയാണ് ഭാഷയ്ക്കും വന്നിരിക്കുന്നത്. 'അമ്മ' എന്നു വിളിക്കുന്നതും അപമാനമത്രേ! ശിക്ഷാര്‍ഹവുമാണ്. അവിടെ അതാ തെരുവില്‍ കൂത്താടി നടക്കുന്ന യുവജനങ്ങളെ കണ്ടോ? അവരുടെ കയ്യിലാണ് നമ്മുടെ നാടിന്റെ ഭാവി ഭാഗധേയം. ആര്‍ഭാടങ്ങളുടെയും ലഹരിയുടെയും ലോകത്ത് വേരറ്റ് പറന്നു നടക്കാനാണവര്‍ക്കിഷ്ടം. മദ്യമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ വയ്യ. പിറന്നാളിന് മദ്യം, പുലകുടിക്കും മദ്യം, മരണത്തിനും ജനനത്തിനും മദ്യം, സങ്കടം വന്നാലും സന്തോഷം വന്നാലും കുടിച്ചാലേ ശരിയാകൂ! മദ്യമില്ലാത്ത വിവാഹസല്‍ക്കാരം ചിന്തിക്കാന്‍ പോലും വയ്യ. ഓണത്തിനും പുതുവത്സരത്തിനും ക്രിസ്തുമസ്സിനും എന്നുവേണ്ട എല്ലാ ആഘോഷങ്ങള്‍ക്കും അകമ്പടി സേവിക്കാന്‍ മദ്യം കൂടിയേ തീരൂ. കേരളത്തിലെ ഏറ്റവും ലാഭകരമായ വ്യവസായം മദ്യമാണ്. പലകാര്യങ്ങളിലും നാം ഒന്നാം സ്ഥാനക്കാരാണ് കേട്ടോ. ആത്മഹത്യാ നിരക്കില്‍, വാഹനാപകടങ്ങളില്‍, സ്ത്രീപീഡനത്തില്‍, എല്ലാം ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ നാം തയ്യാറല്ല.

എങ്കിലും നമുക്ക് നമ്മുടെ നാടിനെ വെറുക്കാന്‍ കഴിയുമോ? എത്ര ദൂരത്തില്‍ സുഖമായി കഴിഞ്ഞാലും മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത ഈ നാട്ടിലേക്കു വരാന്‍ നമ്മള്‍ കൊതിയോടെ കാത്തിരിക്കയല്ലേ; എല്ലാ പോരായ്മകളോടൊപ്പം നമുക്ക് ആ നാടിനെ സ്‌നേഹിക്കാം. ആവുന്ന വിധത്തില്‍ തെറ്റുകളകറ്റാന്‍ ശ്രമിക്കാം. പഴയ നന്മയിലേക്ക് നമ്മുടെ നാടുണര്‍ന്നുവരുന്ന സുപ്രഭാതം സ്വപ്നം കാണാം. അതിനുവേണ്ടി ഒഴുക്കിനെതിരെ നീന്തേണ്ടി വരും. അതല്ലേ വേണ്ടത്. ഒഴുക്കിനൊപ്പം നീന്തുന്നത് എളുപ്പമാണ്. പക്ഷേ ചെന്നുവീഴുന്നത് കടലിലായിരിക്കും. ഒഴുക്കിനെതിരെ നീന്തിയാലേ കരയ്ക്കണയാന്‍ കഴിയൂ. ലോകത്തിന്റെ ഏതു കോണിലായാലും വരും തലമുറയുടെ മനസ്സില്‍ മലയാളത്തിന്റെ മണവും ഇത്തിരി കൊന്നപ്പൂക്കളും സമര്‍പ്പിക്കാം. കാലക്കേടു കൊണ്ട് നമ്മുടെ നാട് ഇത്തരത്തില്‍ ദൂഷിതമായിപ്പോയെങ്കിലും കാലം തെളിയുമ്പോള്‍ നഷ്ടസൗഭാഗ്യങ്ങളും തിരിച്ചു കിട്ടുമെന്ന് പ്രത്യാശിക്കാം. ഉയര്‍ന്ന സാക്ഷരത, ഉയര്‍ന്ന വിദ്യാഭ്യാസം, ഉയര്‍ന്ന രാഷ്ട്രീയവബോധം; ഉയര്‍ന്ന ആരോഗ്യ സംരക്ഷണവും ശുചിത്വവും എന്നിങ്ങനെ മറ്റു പല നല്ല കാര്യങ്ങളിലും നമ്മള്‍ ഒന്നാം സ്ഥാനക്കാരായിരുന്നു.

നമുക്ക് മുമ്പേ നടന്നവര്‍, മഹാന്മാര്‍ നമുക്ക് വഴികാട്ടികളായിട്ടുണ്ട്. ജാതിക്കോമരങ്ങളുടെ അഴിഞ്ഞാട്ടത്തില്‍ നിന്ന് നാടിനെ സമദര്‍ശനത്തിലേക്കു നയിച്ച ശ്രീനാരായണഗുരു, അവര്‍ണന്റ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സവര്‍ണമേധാവിത്വത്തിനെതിരെ പടനയിച്ച അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പത്മനാഭന്‍, ഇ.എം.എസ്. തുടങ്ങിയ യുഗപ്രഭാവന്മാര്‍ കാട്ടിത്തന്ന വഴികള്‍ കാടുപിടിച്ചെങ്കിലും ഇപ്പോഴുമിവിടെയുണ്ട്. അത് വൃത്തിയാക്കിയെടുക്കേണ്ടതേയുള്ളൂ. കുമാരനാശാന്‍ തുടങ്ങിയ കവികളും സി.വി.രാമന്‍ പിള്ള തുടങ്ങിയ നോവലിസ്റ്റുകളും മറ്റ് കലാകാരന്മാരും സാംസ്‌കാരിക നായകര്‍, ജ്ഞാനപീഠ ജേതാക്കള്‍, ചരിത്രത്തിനൊപ്പം നടന്നവര്‍, ചരിത്രം കുറിച്ചവര്‍, സൂര്യതേജസ്സായി ജ്വലിച്ചവര്‍, അത്താഴപ്പട്ടിണിക്കാരെ ഊട്ടിയതിനുശേഷം മാത്രം ഊണു കഴിക്കുന്നവര്‍ തുടങ്ങിയവരെല്ലാം നമുക്കും പാഥേയമൊരുക്കി വഴിയില്‍ കാത്തുനില്‍പ്പുണ്ടാകും.

ഇവിടെ ഈ അമേരിക്കയിലെ ജീവിതം ആരെയും മോഹിപ്പിക്കുന്നതു തന്നെ സമ്പത്സമൃദ്ധ്യും, ചിട്ടയായ സാമൂഹ്യ ക്രമങ്ങളും കര്‍ശനമായ നീതിന്യായ വ്യവസ്ഥയും ഏറെക്കുറെ സ്വസ്ഥമായ ജീവിതം പ്രദാനം ചെയ്യുന്നുണ്ട്. വിലോഭനീയങ്ങളായ ജീവിതസുഖങ്ങള്‍ വച്ചു നീട്ടുമ്പോള്‍ അത് തട്ടിത്തെറിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. ആ ജീവിതത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതോടൊപ്പം സ്വന്തം നാടിനെ, വീടിനെ, വീട്ടുകാരെ മറക്കാതിരിക്കുക കൂടി ചെയ്യണം. എല്ലാത്തിനെക്കുറിച്ചും ഓര്‍മ്മകളുണ്ടായിരിക്കണം. ജീവിതകാലം മുഴുവന്‍ സ്വന്തം മക്കള്‍ക്കു വേണ്ടി കഷ്ടപ്പെട്ട് അവരെ സുഖസമൃദ്ധിയുടെ വന്‍കരയിലെത്തിച്ച മാതാപിതാക്കള്‍ വയസ്സു കാലത്ത് അനാഥരാകാന്‍ പാടില്ല. നിങ്ങളെ കാണാന്‍ മാത്രം കണ്ണു തുറക്കുകയും നിങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ മാത്രം കാതുകൂര്‍പ്പിക്കുകയും നിങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ മാത്രം കാതുകൂര്‍പ്പിക്കുകയും നിങ്ങളുടെ കുഞ്ഞിന്റെ വെണ്ണതോല്‍ക്കുന്ന കൈകൊണ്ടുള്ള സ്പര്‍ശമേറ്റ് തളിര്‍ക്കാനും കാത്തിരിക്കുന്ന പടുമരങ്ങള്‍. അവര്‍ ഒരു പക്ഷേ ഇപ്പോള്‍ നല്ല വൃദ്ധസദനങ്ങളിലോ ഹോം നേഴ്‌സുമാരുടെ സംരക്ഷണത്തിലോ ആയിരിക്കും. അതിനുവേമ്ടി വരുന്ന ചെലവും നിങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ടാകും. അതു പോരാ വെറുതെ സമയം കിട്ടുമ്പോഴല്ല; സമയമുണ്ടാക്കി അവരെയൊന്ന് കാണണം. നിങ്ങളുടെ സാമീപ്യത്തില്‍ നിന്ന് ലഭിക്കുന്ന ഔഷധഗുണം മറ്റൊരു ചികിത്സയില്‍ നിന്നും അവര്‍ക്കു ലഭിക്കില്ല. അവരെ കാണുന്നതിന് യാതൊരു തരത്തിലും അമാന്തം കാണിക്കരുത്.

കാരണം 'വരും കൊല്ലാം ആരെണുമെന്തന്നുമാര്‍ക്കറിയാം!' അതുപോലെ അമേരിക്കന്‍ ബന്ധുക്കളെക്കുറിച്ച് സുവര്‍ണസ്വപ്നങ്ങള്‍ നെയ്യുന്ന ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അവരെയൊക്കെ വല്ലപ്പോഴും ഒന്നു വിളിക്കുകയെങ്കിലും ചെയ്യുക. ശബ്ദങ്ങള്‍ കാതുകളിലേക്ക് പകര്‍ന്നതിലൂടെ ബന്ധങ്ങള്‍ ഇളക്കിവച്ചുറപ്പിക്കാനും നമുക്ക് സാധിക്കും.

ഇവിടത്തെ നമ്മുടെ കുട്ടികള്‍ അമേരിക്കന്‍ സംസ്‌കാരത്തെ വെറുക്കാതെ തന്നെ അതിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് വരട്ടെ. എങ്കിലും അവരുടെ മനസ്സില്‍ നമ്മുടെ നാടിന്റെ സംസ്‌കൃതിയും തനിമയും ധാര്‍മ്മികതയും അതിശക്തമായ അടിത്തറയായി നില്‍ക്കട്ടെ. അതിനു മുകളിലാകട്ടെ മറ്റെല്ലാം. എന്തിന് ഇളക്കം തട്ടിയാലും അടിത്തട്ട് ഇളകാതെ സൂക്ഷിക്കുകയും ചെയ്യണം. സ്വര്‍ഗത്തെക്കാള്‍ സുന്ദരമായ കൊച്ചു കേരളത്തെ സ്‌നേഹിക്കുക. രന്തഗര്‍ഭയായ ഈ ഭൂമിയെ മാനിക്കുക, ഈ മണ്ണിന്റെ മണം ഒരിക്കലും മറക്കാതിരിക്കുക.

പ്രിയപ്പെട്ടവരേ! വെറുതേ പറഞ്ഞു പോകാതെ നിങ്ങളെ സംബോധന ചെയ്തുകൊണ്ട് നിങ്ങളുടെ കണ്ണുകളില്‍ നോക്കിയാണ് ഞാന്റെ ദുഃഖഭാരങ്ങളും സ്വപ്നങ്ങളും പങ്കു വച്ചത്. എന്റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി ഈ അമേരിക്കയിലെ സഹോരങ്ങളോട് ഒരിക്കല്‍ കൂടി ഞാന്‍ അപേക്ഷിക്കുന്നു പിറന്ന നാടിനെ മറക്കരുത്.
നിറഞ്ഞ സ്‌നേഹത്തോടെ,
സ്വന്തം ലളിത ടീച്ചര്‍

[പ്രൊഫ.എം.പി.ലളിതാബായ്, കരമന എ.എസ്.എസ്. കോളേജില്‍ നിന്നും മലയാളം പ്രൊഫസറായി വിരമിച്ചു. കോളേജ് അധ്യാപക സംഘടനയായ AKPCTAയുടെ വൈസ് പ്രസിഡന്റായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ കലാ സാഹിത്യ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം, തിരുവനന്തപുരം ജില്ലാ സെക്രട്ടറി. വനിതാ സാഹിതിയുടെ മുന്‍ ജില്ലാ പ്രസിഡന്റ്. 2000 മുതല്‍ 2010 വരെ തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നു.]
see also below
see in special
മറക്കരുത് ഈ മണ്ണിനെ (2)- പ്രൊഫ.എം.പി. ലളിതാബായ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക