Image

പുതിയ തീരങ്ങളിലെ താമര ഇനി മലയാളത്തിലെ പുതു നായിക

Published on 15 October, 2012
പുതിയ തീരങ്ങളിലെ താമര ഇനി മലയാളത്തിലെ പുതു നായിക
സത്യന്‍ ചലച്ചിത്ര ലോകത്തിന് നല്‍കിയ നായികമാരെല്ലാം എന്നും മലയാളിയുടെ പ്രീയപ്പെട്ടവരായിരുന്നു. സംയുക്തവര്‍മ്മയും, അസീനും, നയന്‍താരയുമൊക്കെ സത്യന്‍ പരിചയപ്പെടുത്തിയ നായികമാര്‍. ഇവരെല്ലാം പിന്നീട് വെള്ളിത്തിരയില്‍ തിളങ്ങുന്ന താരങ്ങളുമായി. ഇപ്പോഴിതാ ഇടവേളക്ക് ശേഷം വീണ്ടും സത്യന്‍ ഒരു പുതുമുഖ നായികയുമായി വെള്ളിത്തിരയിലെത്തുന്നു. പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ.
നമിതാ പ്രമോദ് എന്ന കൗമാരക്കാരിയാണ് ഇന്ന് മലയാള സിനിമയുടെ ശ്രദ്ധാ കേന്ദ്രം. കാരണം നമിത അവതരിപ്പിച്ചത് ഒരു സിനിമയിലെ കേന്ദ്രകഥാപാത്രത്തെയാണ്. അതും കുടുംബ പ്രേക്ഷകര്‍ കാത്തിരുന്ന സത്യന്‍ ചിത്രത്തിലെ നായിക. കടലിന്റെ മടയില്‍ വളര്‍ന്നു വലുതായ ഒരു കടലോര ഗ്രാമത്തിലെ പെണ്‍കുട്ടിയായ താമരയായി നമിതാ പ്രമോദ് എത്തിയപ്പോള്‍ മലയാള സിനിമക്ക് ഒരു പുതിയ നായികയെ കൂടി ലഭിക്കുകയായിരുന്നു.

'ട്രാഫിക്' എന്ന ചിത്രത്തിലൂടെയാണ് നമിത മലയാള സിനിമയിലെത്തുന്നത്. ട്രാഫിക്കില്‍ റഹ്മാന്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ഥിന്റെ മകളുടെ വേഷത്തില്‍ എത്തിയത് നമിതയാണ്. അതിനു ശേഷം പഠനത്തിന്റെ തിരക്കുകളിലായിരുന്നു നമിത.

എന്നാല്‍ ഇടവേളക്കു ശേഷം നമിത സിനിമയിലേക്ക് മടങ്ങി വന്നത് നായികയായിട്ട്. അതും സ്ത്രീ പ്രധാന്യമുള്ള ഒരു ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ട്. എന്തായാലും മലയാള സിനിമക്ക് നമിതാ പ്രമോദ് ഇനി പ്രീയപ്പെട്ട താരമായിരിക്കുമെന്ന് പുതിയ തീരങ്ങള്‍ എന്ന ചിത്രം ഉറപ്പിക്കുന്നു.

ഒരു കടലോര ഗ്രാമത്തിലെ കഥയാണ് പുതിയ തീരങ്ങളില്‍ സത്യന്‍ പകര്‍ത്തുന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട താമരയെന്ന കൗമാരക്കാരിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. കടലോര ഗ്രാമത്തില്‍ ഒറ്റപ്പെട്ടു പോയെങ്കിലും അവള്‍ ജീവിതത്തെ യഥാര്‍ഥ്യബോധത്തോടെ നോക്കി കാണുന്നു. കടലില്‍ മീന്‍ പിടിക്കാന്‍ ബോട്ടില്‍ പോകുന്നവളാണ് താമര. ഈ ചങ്കുറപ്പ് തന്നെയാണ് ഒറ്റക്ക് ജീവിക്കാനും അവളെ പ്രാപ്തയാക്കുന്നത്. അവളുടെ പ്രണയം നേടുന്ന മോഹനന്‍ എന്ന ചെറുപ്പക്കാരനും സുഹൃത്തുക്കളായി അവള്‍ക്കൊപ്പം ബോട്ടില്‍ പോകുന്ന ചിലരും. അവരിലൊതുങ്ങുന്ന താമരയുടെ ജീവിതം. എന്നാല്‍ യാദൃശ്ചികമായി അവളുടെ ജീവിതത്തില്‍ കെ.പി എന്നു പേരുള്ള ഒരു വൃദ്ധന്‍ കടന്നു വരുന്നു. ഒരു മകളെപ്പോലെ തന്നെ കെ.പിയുടെ ഉത്തരവാദിത്വം അവള്‍ ഏറ്റെടുക്കുന്നു. പക്ഷെ കെ.പി അവള്‍ക്ക് തീരാത്ത തലവേദനകളാണ് സൃഷ്ടിക്കുന്നത്. അവസാനം തനിക്കേറെ ഇഷ്ടപ്പെട്ട കെ.പിയെന്ന അഞ്ജാതനായ വ്യക്തിയുടെ കഥയിലേക്ക് അവള്‍ കടന്നു ചെല്ലുന്നിടത്ത് പുതിയ തീരങ്ങള്‍ക്ക് ചലച്ചിത്രഭാഷ്യമാകുകയാണ്.

രക്തബന്ധത്തിലും വലുതാണ് ആത്മബന്ധം എന്ന ആശയമാണ് സത്യന്‍ അന്തിക്കാട് തന്റെ പുതിയ ചിത്രത്തിലൂടെ മുമ്പോട്ടു വെക്കുന്നത്. നമിത താമരയെ അവതരിപ്പിക്കുമ്പോള്‍ നെടുമുടി വേണു കെ.പിയെ അവതരിപ്പിക്കുന്നു. ഇരുവരും മനോഹരമായി തന്നെ തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തിരിക്കുന്നു. ഒരു തുടക്കക്കാരിയുടെ പകപ്പേതുമില്ലാതെയാണ് നെടുമുടി വേണുവെന്ന അനുഭവ സമ്പത്തേറെയുള്ള നടനൊപ്പം നമിത തന്റെ പ്രകടനം കാഴ്ച വെക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രമായി പുതിയ തീരങ്ങള്‍ മാറുകയും ചെയ്യുന്നു.

മലയാള സിനിമയില്‍ നായികയായി മാറിയിരിക്കുന്നു ഒറ്റച്ചിത്രം കൊണ്ട് നമിത. പെട്ടന്ന് തേടി വന്ന താര പദവി എങ്ങനെ തോന്നുന്നു?
സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ കടന്നുവന്നതാണ് ഭാഗ്യമായത്. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഇത്രത്തോളം സ്വീകാര്യത ലഭിച്ചതും അതുകൊണ്ടാണ്. ഒരു സത്യന്‍ അന്തിക്കാട് സിനിമയില്‍ നായികയാവണമെന്നത് വലിയ സ്വപ്നം തന്നെയായിരുന്നു. പക്ഷെ ഈ അവസരം ഞാനായി തേടിപോയതല്ല. എന്നെ തേടി വരുകയായിരുന്നു. മലയാളിത്തമുള്ള ഒരു മുഖം അവതരിപ്പിക്കണമെന്ന സത്യന്‍ സാറിന്റെ താത്പര്യത്തിലാണ് അവസാനം എനിക്ക് നറുക്ക് വീണത്.

ഇതൊരു സ്ഥിരം കൊമേഴ്‌സ്യല്‍ സിനിമയല്ലല്ലോ. പശ്ചാത്തലം തന്നെ പതിവ് സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തം. കടലും മീന്‍ പിടുത്തവും കടപ്പുറം ഭാഷയും . ആദ്യ ചിത്രത്തിന്റെ അനുഭവങ്ങള്‍ എങ്ങനെ?
ഞാന്‍ കുട്ടിക്കാലത്ത് ടെലിവിഷന്‍ പരമ്പരകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഒരു പ്രധാന വേഷവുമായി എത്തുന്നത് ട്രാഫിക്കിലാണ്. അങ്ങനെ കാമറക്ക് മുമ്പില്‍ ഒരു മുന്‍പരിചയം ഉണ്ടായിരുന്നത് പുതിയ തീരങ്ങളിലെ അഭിനയത്തിന് സഹായം ചെയ്തു. പക്ഷെ ഒപ്പം അഭിനയിക്കുന്നതെല്ലാം വലിയ താരങ്ങളാണ്. എല്ലാവരും മികച്ച പെര്‍ഫോമേഴ്‌സ്. ഞാന്‍ മാത്രമാണ് ഒരു തുടക്കക്കാരി. അതൊരു ടെന്‍ഷനും നല്‍കി. പിന്നെയുള്ളത് കടലിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ എന്നതായിരുന്നു.
നീന്തല്‍ പഠിക്കണമെന്ന് സത്യന്‍സാറ് മുന്‍കൂട്ടി പറഞ്ഞിരുന്നു. കാരണം ഫിഷിംഗ് ബോട്ടില്‍ പോകുന്ന സീനൊക്കെയുണ്ട്. ആ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ സ്വാഭാവികത തോന്നേണ്ടതുണ്ട്. ഈ സിനിമക്ക് വേണ്ടി ഞാന്‍ നീന്തല്‍ പഠിച്ചു. കുമരകം കായലിലാണ് നിന്തല്‍ പഠിച്ചത്. അതുപോലെ കടപ്പുറത്തെ ആളുകളുടെ രീതികളും മാനറിസങ്ങളുമൊക്കെ ഏറെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെ നല്ല തയാറെടുപ്പുകളോടെയാണ് പുതിയ തീരങ്ങളിലെത്തിയത്.

കേന്ദ്രകഥാപാത്രമായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ഇപ്പോഴുണ്ടോ?
പുതിയ തീരങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനാണ് കേന്ദ്രകഥാപാത്രം എന്ന ചിന്തയൊന്നുമില്ല. എല്ലാവരും ഒരുപോലെയാണ് സിനിമയെ കണ്ടത്. നെടുമുടി അങ്കിളൊക്കെ ഒരുപാട് സഹായിച്ചിരുന്നു അഭിനയത്തില്‍. ഞാനും അങ്കിളും ചേര്‍ന്നുള്ള കോമ്പിനേഷനുകള്‍ ഒരുപാടുണ്ട് സിനിമയില്‍. ആ സമയങ്ങളിലൊക്കെ സംഭാഷണങ്ങള്‍ വ്യക്തമായും മോഡുലേഷനോടെ പറയാന്‍ സഹായിച്ചത് അങ്കിളാണ്. നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ സ്‌നേഹവും അടുപ്പവുമുള്ള ലൊക്കേഷനാണ് സത്യന്‍സാറിന്റേത്. ആര്‍ക്കും ഒരു ടെന്‍ഷനും ഫീല്‍ ചെയ്യില്ല. ഇപ്പോള്‍ സിനിമ പൂര്‍ത്തിയായതിനു ശേഷം പലരും നല്ല അഭിപ്രയാങ്ങള്‍ പറയുമ്പോള്‍ വളരെ സന്തോഷമുണ്ട്. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തു തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

താമര വളരെ ഗ്രാമീണമായ കഥാപാത്രമാണല്ലോ. നമിതയാണെങ്കില്‍ നഗരത്തില്‍ ജനിച്ചു വളര്‍ന്നയാളും. കഥാപാത്രവുമായി എങ്ങനെപൊരുത്തപ്പെട്ടു?
സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തപ്പോള്‍ തന്നെ സത്യന്‍ സാര്‍ ചില നിബന്ധനകള്‍ തന്നിരുന്നു. ഫേഷ്യല്‍ ചെയ്യാനോ പുരികം ത്രെഡ് ചെയ്യാനോ പാടില്ല എന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചു. മുഖത്തിന് ഒരു സ്വാഭാവികത തോന്നാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതൊക്കെ താമര എന്ന കഥാപാത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട ഷൂട്ടിംഗ് അനുഭവം എന്തായിരുന്നു?
ഒരോ ദിവസവും മറക്കാന്‍ കഴിയാത്തതായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പിരിയുമ്പോള്‍ എല്ലാവര്‍ക്കും വലിയ വിഷമമായിരുന്നു. സ്‌കൂളില്‍ നിന്നും വിടപറഞ്ഞു പോകുമ്പോഴുള്ള ഒരു ഫീലിംഗാണ്. ആലപ്പുഴയിലെ അര്‍ത്തുങ്കലായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ പ്രദേശം മുഴുവന്‍ ഇപ്പോഴും മനസിലുണ്ട്. അതുപോലെ ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിച്ച ഹംപി. ഞാനും നിവിന്‍ പോളിയും അഭിനയിച്ച ഗാനരംഗമാണത്. ഹംപി എന്ന സ്ഥലം ഞാന്‍ കേട്ടിട്ടേയുള്ളു. അവിടെ ചെന്നെത്താനും ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ക്ക് പശ്ചാത്തലമായി ആ പ്രദേശം സിനിമയില്‍ പകര്‍ത്തപ്പെടുകയും ചെയ്തപ്പോള്‍...അതൊക്കെ ഇനി എനിക്ക് സുഖമുള്ള നൊസ്റ്റാള്‍ജിയയാണ്.

ഇപ്പോള്‍ പുതിയ ഓഫറുകള്‍ വരുന്നുണ്ടാകുമല്ലോ സിനിമയില്‍ നിന്ന്?
നല്ല കഥാപാത്രങ്ങളുമായി ഞാന്‍ സിനിമയിലുണ്ടാകും. തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുകയാണ് ഞാനിപ്പോള്‍. പഠനം മുമ്പോട്ടു കൊണ്ടു പോകണം. അതുപോലെ നല്ല സിനിമകളുടെ ഭാഗമാകുകയും വേണം.

പുതിയ തീരങ്ങളിലെ താമര ഇനി മലയാളത്തിലെ പുതു നായികപുതിയ തീരങ്ങളിലെ താമര ഇനി മലയാളത്തിലെ പുതു നായികപുതിയ തീരങ്ങളിലെ താമര ഇനി മലയാളത്തിലെ പുതു നായികപുതിയ തീരങ്ങളിലെ താമര ഇനി മലയാളത്തിലെ പുതു നായികപുതിയ തീരങ്ങളിലെ താമര ഇനി മലയാളത്തിലെ പുതു നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക