Image

ന്യൂജേഴ്‌സി ഗാര്‍ഫീല്‍ഡ്‌ ചര്‍ച്ചില്‍ ബൈബിള്‍ ക്യാമ്പ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 21 August, 2011
ന്യൂജേഴ്‌സി ഗാര്‍ഫീല്‍ഡ്‌ ചര്‍ച്ചില്‍ ബൈബിള്‍ ക്യാമ്പ്‌ നടത്തി
ന്യൂജേഴ്‌സി: ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ ഇടവകയില്‍ ഓഗസ്റ്റ്‌ 8 മുതല്‍ 12 വരെ കുട്ടികള്‍ക്ക്‌ ബൈബിള്‍ ക്യാമ്പ്‌ നടത്തി. വിമന്‍സ്‌ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ 120-ലധികം കുട്ടികള്‍ പങ്കെടുത്തു. ക്യാമ്പില്‍ യുവജനങ്ങളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായിരുന്നു.

എട്ടാംതീയതി തിങ്കളാഴ്‌ച ആരംഭിച്ച ക്യാമ്പ്‌ ഫാ. ജോയ്‌ ആലപ്പാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. റോക്‌ലാന്റ്‌ മുതല്‍ സ്റ്റാറ്റന്‍ഐലന്റ്‌ വരേയുള്ള പള്ളികളില്‍ നിന്നുള്ള കുട്ടികള്‍ ക്യാമ്പില്‍ എത്തിയിരുന്നു. `അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍' എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ചര്‍ച്ചാവിഷയം.

കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ്‌ ക്ലാസുകള്‍ എടുത്തത്‌. ഫാ. ജോയി ആലപ്പാട്ട്‌, ഫാ. റിജോ ജോഷ്‌സണ്‍, ഫാ. ജിന്‍സണ്‍ ആലുങ്കല്‍, ഫാ. ജോസഫ്‌, സിസ്റ്റര്‍ ഷെറിന്‍ ബാബു ജോസഫ്‌ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.

ആദ്യദിവസം മുതല്‍ തന്നെ കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളെ ആസ്‌പദമാക്കിയുള്ള സ്‌കിറ്റുകള്‍ പ്ലാന്‍ ചെയ്‌തുതുടങ്ങി. അതുപോലെ തന്നെ വളരെ വാശിയോടുകൂടി പ്രസംഗ മത്സരവും, ബൈബിള്‍ ക്വിസ്‌ മത്സരവും നടത്തപ്പെട്ടു. കുഞ്ഞുകുട്ടികള്‍ അവതരിപ്പിച്ച ക്രിയാത്മകമായ സ്‌കിറ്റുകള്‍ മുതിര്‍ന്നവര്‍ക്കും പ്രചോദനം നല്‍കുന്നതായിരുന്നു. എല്ലാ കുട്ടികളുംതന്നെ ഏതെങ്കിലും ഒരു സ്‌കിറ്റില്‍ പങ്കെടുത്തു എന്നതും ശ്രദ്ധേയമായി.

ഓഗസ്റ്റ്‌ 12-ന്‌ വെള്ളിയാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടന്ന സമാപന സമ്മേളനത്തില്‍ റോക്ക്‌ലാന്റ്‌ പള്ളിയിലെ ഫാ. തദേവൂസ്‌ അച്ചന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്‌തു. അന്നേദിവസം ഉച്ചകഴിഞ്ഞ്‌ കുട്ടികളും മാതാപിതാക്കളും ഒന്നിച്ച്‌ വെറോനാ പാര്‍ക്കില്‍ പിക്‌നിക്ക്‌ നടത്തിയതും കുട്ടികള്‍ക്ക്‌ കൂടുതല്‍ സന്തോഷം പകര്‍ന്നു. വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ മരിയ തോട്ടുകടവില്‍ അറിയിച്ചതാണിത്‌.
ന്യൂജേഴ്‌സി ഗാര്‍ഫീല്‍ഡ്‌ ചര്‍ച്ചില്‍ ബൈബിള്‍ ക്യാമ്പ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക