Image

വിചാര വേദിയില്‍ പേരും, വേരും, പെരുമയും, പൊരുളും

ജോയിച്ചന്‍ പുതുക്കുളം Published on 21 August, 2011
വിചാര വേദിയില്‍ പേരും, വേരും, പെരുമയും, പൊരുളും
ഷിക്കാഗോ: വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 14-ന്‌ കേരള കള്‍ച്ചറല്‍ അസോസിയേഷനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു `പേരും, വേരും, പെരുമയും, പൊരുളും' എന്ന പ്രൗഢമായ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. സാംസി കൊടുമണ്ണിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ കുര്യാക്കോസ്‌ വര്‍ക്കി അധ്യക്ഷനായിരുന്നു.

കുട്ടികള്‍ക്ക്‌ നാമകരണം ചെയ്യുന്നതില്‍ ജാതി, മതം, കുടുംബമഹിമ, മാതാപിതാക്കന്മാരുടെ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ മുതലായവ അടിസ്ഥാനമായി സ്വീകരിക്കുന്നതും, സ്വഭാവത്തിനും ആകാരത്തിനും വൈരുദ്ധ്യം തോന്നിപ്പിക്കുന്ന പേരു പേറി നടക്കുന്നതിലുള്ള അനൗചിത്യവും വിവരിച്ചുകൊണ്ട്‌ തുടങ്ങുന്ന പ്രബന്ധം പേരു മാറ്റാതാരിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിയേയും യുക്തിയേയും പറ്റി പ്രതിപാദിക്കുന്നു. ജോയി പേരുകാരനായ പ്രബന്ധകാരന്‍ ആ പേരിന്‌ സ്‌ത്രീലിംഗ ചായ്‌വുള്ളതുകൊണ്ട്‌ വല്ലായ്‌മ തോന്നിയിട്ടുണ്ടെങ്കിലും പേരു മാറ്റാതിരിക്കാനുള്ള കാരണം വരരുചി കണ്ടുപിടിച്ചു എന്നു കരുതപ്പെടുന്ന കടപയാദി (പരല്‍പ്പേര്‌) സംഖ്യാശാസ്‌ത്ര സൂത്രം വിവരിച്ചുകൊണ്ട്‌ വ്യക്തമാക്കി. കടപയാദി പ്രകാരം മഹാഭാരതത്തിന്‌ `ജയം' എന്ന പേരു വരുന്നു. ഈ ശാസ്‌ത്രപ്രകാരം ജോയി എന്ന പേരിനും ഇതേ ഉത്തരമാണ്‌ ലഭിക്കുന്നത്‌. അതുകൊണ്ട്‌ ജോയി എന്ന പേര്‌ മാറ്റാതിരിക്കാനുള്ള കാരണം തേടി ഇനി അന്യഗ്രഹങ്ങളില്‍ അലയേണ്ടതില്ലല്ലോ എന്ന പ്രസ്‌താവനയോടെ പ്രബന്ധം അവസാനിക്കുന്നു.

തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ മാതാപിതാക്കളുടെ പേരിന്റെ ആദ്യാക്ഷരവും ജാതിയും മതവും പേരിടുന്നതിന്‌ ആധാരമാകുമ്പോള്‍ ഉണ്ടാകുന്ന മാക്രി, പോക്രി, നമ്പ്യാര്‍ തുടങ്ങിയ പേരുകള്‍ ചിലര്‍ക്ക്‌ അസ്വസ്ഥതയോ, ചിലര്‍ക്ക്‌ അഭിമാനമോ ഉണ്ടാക്കിയേക്കാമെന്നും, ലേഖനത്തിന്റെ ഭാഷാശൈലി ലളിതമാക്കാമായിരുന്നു എന്നുമുള്ള അഭിപ്രായങ്ങള്‍ പൊന്തിവന്നു. ഡോ. എന്‍.പി. ഷീല, ഡോ. നന്ദകുമാര്‍ വാസുദേവ്‌ പുളിക്കല്‍, വര്‍ഗീസ്‌ ചുങ്കത്തില്‍, രാജു തോമസ്‌, ജേക്കബ്‌ തോമസ്‌, സാംസി കൊടുമണ്‍, ജോസി ചെരിപുറം, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, കുര്യാക്കോസ്‌ വര്‍ക്കി തുടങ്ങിയവര്‍ പ്രൗഢവും വിജ്ഞാനപ്രദവുമായ പ്രബന്ധത്തിന്‌ ജോയ്‌ കുഞ്ഞാപ്പുവിനെ അഭിനന്ദിച്ചപ്പോള്‍ ഇ.കെ. ബാബു രാജന്‍ ലേഖനത്തോട്‌ കടുത്ത വിമര്‍ശനപരമായ നിലപാടാണ്‌ സ്വീകരിച്ചത്‌. ആരോഗ്യപരവും ക്രിയാത്മകവുമായ വിമര്‍ശനമാണ്‌ എഴുത്തുകാരന്‌ ഗുണം ചെയ്യുക. വിമര്‍ശനങ്ങള്‍ക്ക്‌ പ്രബന്ധകര്‍ത്താവ്‌ യുക്തവും, ശ്രോതാക്കള്‍ക്ക്‌ സ്വീകാര്യവുമായ മറുപടി നല്‌കി. പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം നല്‍കിയ വിചാരവേദിയുടെ ഭാരവാഹികളോടും, യോഗത്തില്‍ പങ്കെടുത്തവരോടും ഡോ. ജോയ്‌ കുഞ്ഞാപ്പു നന്ദി പറഞ്ഞു.
വിചാര വേദിയില്‍ പേരും, വേരും, പെരുമയും, പൊരുളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക