Image

ഹജ്ജ്‌: ഇന്ത്യന്‍ പ്രതിനിധികളായി സല്‍മാന്‍ ഖുര്‍ഷിദും അബു ഹാസിം ഖാനും

Published on 12 October, 2012
ഹജ്ജ്‌: ഇന്ത്യന്‍ പ്രതിനിധികളായി സല്‍മാന്‍ ഖുര്‍ഷിദും അബു ഹാസിം ഖാനും
മക്ക: ജംബോ ഹജ്ജ്‌ പ്രതിനിധിസംഘത്തിന്‌ സുപ്രീംകോടതി കടിഞ്ഞാണിട്ടതിനെ തുടര്‍ന്ന്‌ ഈ വര്‍ഷത്തെ ഹജ്ജ്‌ കര്‍മത്തിന്‌ ഇന്ത്യയില്‍ നിന്ന്‌ ഔദ്യാഗിക പ്രതിനിധികളായി രണ്ടു പേര്‍ മാത്രം. കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌, പശ്ചിമബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം.പിയും അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി എ.ബി.എ. ഗനിഖാന്‍ ചൗധരിയുടെ സഹോദരനുമായ അബു ഹാസിം ഖാന്‍ ചൗധരി എന്നിവര്‍ സൗഹാര്‍ദ പ്രതിനിധികളായി എത്തുമെന്ന്‌ ഹജ്ജ്‌ കോണ്‍സല്‍ മുഹമ്മദ്‌ നൂര്‍ റഹ്മാന്‍ ശൈഖ്‌ പറഞ്ഞു. ഇവരുടെ യാത്രാ തീയതി തീരുമാനമായിട്ടില്ല. ഹജ്ജ്‌ സബ്‌സിഡി ഉപയോഗപ്പെടുത്തി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍സംഘങ്ങളെ ഹജ്ജ്‌ സൗഹാര്‍ദ പ്രതിനിധികളായി അയക്കുന്നതിനെതിരെ കഴിഞ്ഞ ഏപ്രില്‍ 16 ന്‌ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. അതു പൂര്‍ണമായും ഉള്‍ക്കൊണ്ടാണ്‌ കേന്ദ്രസര്‍ക്കാറിന്‍െറ തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്‌ച രാത്രി തീപിടിത്തമുണ്ടായ ജറുവലിലെ 124 ാം നമ്പര്‍ കെട്ടിടത്തിലെ തീര്‍ഥാടകരെ മുഴുവന്‍ 139 ാം നമ്പര്‍ കെട്ടിടത്തിലേക്കു മാറ്റിയതായി അദ്ദേഹം അറിയിച്ചു. എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട്‌ സര്‍ക്യൂട്ടായിരുന്നു കാരണം. മുറിയില്‍ ആ സമയത്ത്‌ ആളുണ്ടായിരുന്നില്ല. രണ്ടു തീര്‍ഥാടകരുടെ വസ്‌ത്രങ്ങളും പണവുമടങ്ങുന്ന ബാഗ്‌ കത്തിനശിച്ചു. സമീപവാസികളായ തീര്‍ഥാടകരുടെയും വളണ്ടിയര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ്‌ വലിയ അപകടം ഒഴിവായത്‌. പരമാവധി പഴുതടച്ചുള്ള സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്ക്‌ ഒരുക്കിയിട്ടുണ്ട്‌. എങ്കിലും പരാതികള്‍ ഇല്ലെന്നല്ല. ഓരോന്നും സമയത്തുതന്നെ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്‌. മദീനയില്‍ നിന്നു തിരിച്ചെത്തിയവര്‍ക്കാണ്‌ കൂടുതല്‍ പരാതികളെന്ന്‌ നൂര്‍ ശൈഖ്‌ ചൂണ്ടിക്കാട്ടി. അത്‌ സ്വാഭാവികമാണ്‌. മദീനയില്‍ നിന്നു തീര്‍ത്തും വ്യത്യസ്‌തമാണ്‌ ഭൂപ്രകൃതിയില്‍ പോലും മക്ക. കുന്നുകള്‍ക്കിടയിലാണ്‌ നഗരം. അതുകൊണ്ടു തന്നെ കയറ്റിറങ്ങള്‍ കൂടുതലാണ്‌. ബില്‍ഡിങ്‌ തെരഞ്ഞെടുത്തപ്പോള്‍ ആളുകള്‍ക്ക്‌ ആയാസരഹിതമായ കയറ്റം കുറഞ്ഞ പ്രദേശത്തുള്ള കെട്ടിടങ്ങള്‍ തന്നെയാണ്‌ നോക്കിയത്‌. എന്നാല്‍ പൂര്‍ണമായും അത്‌ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. എഴുപതു കഴിഞ്ഞവരെ പ്രയാസപ്പെടുത്താതിരിക്കുന്നതിനു പ്രഥമ പരിഗണന നല്‍കിഅദ്ദേഹം വിശദീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക