Image

കുവൈറ്റില്‍ വീസ തട്ടിപ്പില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ പെരുവഴിയില്‍

സലിം കോട്ടയില്‍ Published on 12 October, 2012
കുവൈറ്റില്‍ വീസ തട്ടിപ്പില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ പെരുവഴിയില്‍
കുവൈറ്റ്‌: ബുദ്ധിമുട്ടുകളും വിഷമങ്ങളും മാത്രം ബാക്കിയായി ഒരുകൂട്ടം മലയാളികള്‍ പ്രവാസിലോകത്ത്‌ നരകയാതന അനുഭവിക്കുന്നു. കുവൈറ്റിലെ പ്രമുഖ ഓയില്‍ കമ്പനിയുടെ പെട്രോള്‍പമ്പുകളിലേക്ക്‌ ജോലിയെന്ന്‌ പറഞ്ഞ്‌ കേരളത്തിലുടനീളം ബ്രാഞ്ചുകളുള്ള ഒരു ട്രാവല്‍ ഏജന്‍സിയുടെ കോഴിക്കോട്‌ ഓഫീസ്‌ മുഖേന വന്ന മലയാളികള്‍ അടക്കമുള്ളവരാണ്‌ ശമ്പളമോ ഭക്ഷണമോ പോലും കിട്ടാതെ വിഷമിക്കുന്നത്‌ . എട്ടു മണിക്കൂര്‍ ജോലിയും, തൊണ്ണൂറ്‌ ദിനാര്‍ ശമ്പളവുമായിരുന്നു ട്രാവല്‍ ഏജന്‍സി തൊഴിലാളികള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനം.

പക്ഷേ ഇവിടെയെത്തി നാലുമാസമായിട്ടും ഒരു നേരത്തെ ഭക്ഷണമോ , നേരായ രീതിയിലുള്ള താമസസൗകര്യമോ നല്‍കാതെ കമ്പനി തങ്ങളെ കബളിപ്പിച്ചിരിക്കുകയാണെന്ന്‌ കൊല്ലം സ്വദേശി സജീവ്‌ പറഞ്ഞു. നാട്ടില്‍ നിന്നും ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ്‌ വീസക്ക്‌ വേണ്‌ടി ട്രാവല്‍ ഏജന്‍സി വാങ്ങിയത്‌. നാട്ടില്‍നിന്നും വളരെയധികം ആശകളും പ്രതീക്ഷകളുമായി കുവൈറ്റിലെത്തിയ ഇവര്‍ക്ക്‌ വാഗ്‌ദാനം നല്‍കിയ ജോലിക്ക്‌ പകരം ആശുപത്രിയിലും സ്‌കൂളുകളിലും പാതയോരത്തും ശൂചീകരണ ജോലിക്ക്‌ പോകുവനാണ്‌ കമ്പനി ആവശ്യപ്പെട്ടത്‌. പക്ഷേ അതിന്‌ തയാറാകാതിരുന്നപ്പോള്‍ കൈയിലുള്ള പാസ്‌പോര്‍ട്ടും മറ്റു രേഖകളും കമ്പനി ബലമായി തങ്ങളില്‍നിന്ന്‌ പിടിച്ചു വാങ്ങിയതായി ഇവര്‍ ആരോപിച്ചു. കുവൈറ്റില്‍ വന്ന സമയത്ത്‌ നല്‍കിയ മുപ്പത്‌ ദിനാര്‍ ഒഴികെ ഇതുവരെ ഒരു പൈസ പോലും കമ്പനി തങ്ങള്‍ക്ക്‌ നല്‍കിയില്ലെന്ന്‌ ഇവര്‍ പറഞ്ഞു.

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട്‌ കാര്യങ്ങള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എംബസി ഫസ്റ്റ്‌ സെക്രട്ടറി വിധു പി. നായര്‍ കമ്പനിയുമായി ബന്ധപ്പെട്ട്‌ പിടിച്ചുവച്ച പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും എത്രയും പെട്ടന്നു തന്നെ തൊഴിലാളികള്‍ക്ക്‌ തിരികെ കൊടുക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണെ്‌ടങ്കിലും ആശാവഹമായ മറുപടിയല്ല കമ്പനിയുടെ ഭാഗത്ത്‌ നിന്ന്‌ ലഭിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. മാത്രവുമല്ല എംബസിയില്‍ നിന്ന്‌ നല്‍കിയ സാക്ഷ്യപത്ര പ്രകാരം തൊഴിലാളികളെ കൊണ്‌ടുവരാനുള്ള അധികാരം ഈ ട്രാവല്‍സിന്‌ ഇല്ലായിരുന്നുവെന്നും ഈ കാര്യത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട്‌ വിദേശകാര്യ വകുപ്പിന്‌ അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബാസിഡറുടെ പ്രത്യേക താത്‌പര്യപ്രകാരം ടിക്കറ്റ്‌ നല്‍കാന്‍ എംബസി തയാറാണെങ്കിലും കമ്പനി പാസ്‌പോര്‍ട്ട്‌ വിട്ടു നല്‍കാത്തതില്‍ തൊഴിലാളികള്‍ക്ക്‌ തിരികെ പോകുവാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്‌ .

കേരളത്തിലെ പ്രമുഖ പത്രങ്ങളിലോക്കെ വലിയ രീതിയില്‍ കുവൈറ്റിലെ പ്രമുഖ ഓയില്‍ കമ്പനിയില്‍ അഞ്ഞുറോളം ഒഴിവുകളുണ്‌ടന്ന്‌ പരസ്യം കൊടുത്താണ്‌ തങ്ങളെ പോലുള്ളവരുടെ വിശ്വാസം ആര്‍ജിച്ചെടുത്തതെന്ന്‌ തൃശൂര്‍ സ്വദേശിയായ മന്‍സൂര്‍ പറഞ്ഞു. തങ്ങളുടെ യാതനകളും, ബുദ്ധിമുട്ടുകളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവച്ച പലരും കരച്ചില്‍ കാരണം വാക്കുകള്‍ മുഴുമിക്കാതെ വിങ്ങിപ്പൊട്ടുകയായിരുന്നു.

ഇവര്‍ കുവൈറ്റില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിഞ്ഞ ബന്ധുക്കള്‍, നാട്ടിലെ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി നല്‍കുവാന്‍ തയാറാകാത്തതിനെ തുടര്‍ന്ന്‌ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ വയലാര്‍രവിക്കും കെ.സി വേണുഗോപാലിനും ഈ കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്‌ട്‌ പാരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്‌ടായിട്ടില്ലെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ നടപടികള്‍ക്കായി നിയമ നടപടി സ്വീകരിക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു. കുടിയേറ്റ നിയമങ്ങളെയൊക്കെ കാറ്റില്‍പ്പറത്തി സാമ്പത്തിക ലാഭം മാത്രം ഉന്നംവച്ച്‌ നടത്തുന്ന ഇത്തരം അനധികൃതമായ റിക്രൂട്ട്‌മെന്റ്‌ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന്‌ വിവിധ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കുവൈറ്റില്‍ വീസ തട്ടിപ്പില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ പെരുവഴിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക