Image

രക്തം(കവിത)- ജോര്‍ജ് നടവയല്‍

ജോര്‍ജ് നടവയല്‍ Published on 08 October, 2012
 രക്തം(കവിത)- ജോര്‍ജ് നടവയല്‍
കൈയ്യെത്തി മൊത്തിക്കുടിയ്ക്കാ-
നോടിയെത്തവേയകന്നു പോം
കാനല്‍ ജലമെന്നറിയാതെ
രുധിര നിറാധര സ്‌ത്രൈണതേ
നിന്നെത്തേടിത്തളര്‍ന്നു
ഞാനീയേകാന്തമരുഭൂവില്‍
വീണുരുളുമ്പോളേറ്റതാം
തിരസ്‌ക്കാരത്തിന്നണലി ദംശ-
ത്താലെന്‍സിരകളിലാകെ-
പ്പൊടിയും രക്തബിന്ദുക്കളേറുന്നൂ;

മറയുന്നെന്‍ ഭൂതബോധമേതോ
വെണ്‍കുഴല്‍മാര്‍ഗത്തിലെ-
സ്സരണികളിലേയ്ക്കെന്നെ വലിച്ചെടുക്കുന്നൂ;
അക്കരെകാട്ടാമെന്നേതോ
ധൂണീരവധൂസരമര്‍മ്മരം
മൂളുന്നൂ മറയും പ്രജ്ഞയില്‍ മന്ദം.

അന്നേരം ശേഷിച്ചതാമോര്‍മ്മയില്‍
മോസ്സസ്സും ചിരിച്ചു നിന്നൂ, കാട്ടിത്തന്നൂ
കാനാന്‍ ദേശം തേടി നടന്നവരില-
നുസ്സരണകെട്ടവരെക്കടിച്ച-
യണലിക്കഥകള്‍;

പോരാഞ്ഞാ സ്‌നാപകനും കയര്‍ത്തൂ
അണിലി സന്തതികളേ-
യുഗ്ര കോപത്തില്‍ നിന്നോടി-
യകലുകയെന്നുതന്നേ
തന്നെയും പിന്നെയും.

ഏറുകല്ലുകളേറെ-
ക്കൈകളിലേറിയാര്‍ത്തോര്‍
പാപമേറ്റാന്‍ ഇരുളില്‍ മറതീര്‍ത്തോ-
രവരാപ്പകല്‍ വെട്ടത്തിലട്ടഹസ്സിക്കുന്നൂ
''പാപി ......നീ...., പാപി ......നീ...., '' എന്നു തന്നേ-
യെന്‍ചോരയ്ക്കായ്ത്തന്നെയും പിന്നെയും;

അവര്‍ക്കായെന്‍ വയ്യാമേനിതന്‍
കൂപങ്ങളില്‍ പൊടിയും
രക്തം ധാരയാകുന്നൂ
''ഇതെന്റെ രക്ത-
മെന്റെ മാംസമെടുത്തോളൂ
പകുത്തോളൂ '' എന്നുമാത്രം
വഴിയുന്നൊഴുകുന്നൂ രുധിരപ്പാടുകള്‍;

മറയുന്നെന്‍ ഭൂതബോധമേതോ
വെണ്‍കുഴല്‍മാര്‍ഗത്തിലെ
സ്സരണികളിലേക്കെന്നെ വലിച്ചെടുക്കുന്നൂ;

ഗത്സമേന്‍ തോട്ടത്തിലെ പൂക്കളിലത്രയും
വിയര്‍ത്ത ചോരത്തുള്ളികള്‍
ഹന്നാന്‍ വെള്ളം തളിച്ചപോലെ
തളിര്‍ത്തുലഞ്ഞാച്ചെമ്മാന-
ച്ചായ്‌വില്‍ച്ചാഞ്ചാടുന്നൂ ;

നിന്തിരുവസ്ത്രവിളുമ്പിലൊന്നു
തൊട്ടാല്‍ നിലയ്ക്കുമെന്റെ
ശോണസ്രാവമെന്നുകേണ
സ്‌ത്രൈണതയായ് ഞാന്‍!!

ഒരു രക്തപുഷ്പമായ്
ഞാന്‍കൂമ്പി നില്‍ക്കേ
കല്ലു മഴ പെയ്തതു കേട്ടു ഞാന്‍!!

കല്ലെറിയാനാഞ്ഞോരകന്നതു കണ്ടു ഞാന്‍!!

ചാവുകടല്‍ക്കടന്നു ഞാന്‍!!

രക്തവും വെള്ളവും പുറപ്പെടുന്നൊരു
തിരുവിലാപ്പുറത്തൊളി-
ച്ചക്കരെ പൂണ്ടു ഞാന്‍!!

രക്താംബരത്തിന്നക്കരെ-
യക്കരെയക്കരെയക്കരെ-
യതിലേയ്ക്കായ് ഞാന്‍......
വെണ്‍കുഴലിന്നറ്റമായീ-
യര്‍ദ്ധ നാരീശ്വരമായീ ഞാന്‍!!!!
 രക്തം(കവിത)- ജോര്‍ജ് നടവയല്‍ രക്തം(കവിത)- ജോര്‍ജ് നടവയല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക