Image

ഗള്‍ഫില്‍ ഇന്ത്യക്കാര്‍ ജോലി സാധ്യത കൂടി

Published on 06 October, 2012
ഗള്‍ഫില്‍ ഇന്ത്യക്കാര്‍ ജോലി സാധ്യത കൂടി
അജ്‌മാന്‍: രാജ്യത്ത്‌ ഇന്ത്യക്കാര്‍ക്ക്‌ ജോലി സാധ്യത ഏറി വരുന്നു. ബംഗ്‌ളാദേശ്‌, നേപ്പാള്‍ അടക്കം ചില രാജ്യക്കാര്‍ക്ക്‌ വിസ അനുവദിക്കുന്നത്‌ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്‌. മാത്രമല്ല, ഈ രാജ്യങ്ങളിലെ പൗരന്മാര്‍ നിലവിലെ ജോലി മാറാന്‍ ശ്രമിക്കുമ്പോള്‍ പുതിയ വിസ അനുവദിക്കുന്നുമില്ല. അതുകൊണ്ട്‌ ഹോട്ടല്‍ മുതല്‍ മുഖ്യ ഐ.ടി. സ്ഥാപനങ്ങളിലേക്കും കോണ്‍ട്രാക്ടിങ്‌ കമ്പനികളിലേക്കും ആരോഗ്യ വകുപ്പിലേക്കും അര്‍ധ സര്‍ക്കാര്‍ കമ്പനികളിലേക്കുമെല്ലാം ഇന്ത്യക്കാര്‍ക്ക്‌ ജോലി സാധ്യത ഏറിയിട്ടുണ്ട്‌.

ഇതു കാരണം ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ വിവിധ ഒഴിവുകള്‍ പരസ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരുടെ അപേഷകള്‍ കൂടുതലായി ലഭിക്കുന്നുണ്ടെന്ന്‌ വിവിധ കമ്പനികളിലെ എച്ച്‌.ആര്‍. വിഭാഗത്തിലുള്ളവര്‍ പറയുന്നു. യു.എ.ഇയുടെ വടക്കന്‍ മേഖലയില്‍ നിന്നുള്ള ഇന്ത്യന്‍ തൊഴിലന്വേഷകര്‍ ദുബൈയില്‍ പുതിയ ജോലികളില്‍ പ്രവേശിച്ചത്‌ കൊണ്ടാണ്‌ അടുത്തിടെ ദുബൈയില്‍ നേരിയ തോതില്‍ വാടക വര്‍ധിച്ചതെന്നും പറയപ്പെടുന്നു.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ ജോലി നഷ്ടപ്പെട്ട്‌ രാജ്യം വിടേണ്ടിവന്ന, ഇടത്തരം വിദ്യാഭ്യസം നേടിയ പലരും തിരിച്ചുവന്ന്‌ പുതിയ ജോലികളില്‍ കയറിയിട്ടുണ്ട്‌. അടുത്ത കാലത്തായി ധാരാളം കുടുംബങ്ങളും തിരിച്ചുവന്നതായി വിവിധ സ്‌കൂളുകളിലെ പുതിയ അഡ്‌മിഷന്‍ സമയത്തെ തിരക്ക്‌ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, ഐ.ടി. വിദഗ്‌ധര്‍ ഉള്‍പ്പടെ ഉന്നത വിദ്യാഭ്യസം നേടിയവര്‍ക്ക്‌ ഇന്ത്യയില്‍ തന്നെ ധാരാളം സാധ്യതകള്‍ ഉള്ളത്‌ കൊണ്ട്‌ പുതുതായി വരുന്നവരുടെ എണ്ണം കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക