Image

കുവൈറ്റ്‌ - കോഴിക്കോട്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ സര്‍വീസ്‌ ഈമാസം 28 മുതല്‍ ആരംഭിക്കും

Published on 06 October, 2012
കുവൈറ്റ്‌ - കോഴിക്കോട്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ സര്‍വീസ്‌ ഈമാസം 28 മുതല്‍ ആരംഭിക്കും
കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ -കോഴിക്കോട്‌ റൂട്ടില്‍ നേരിട്ടുള്ള സര്‍വീസ്‌ തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ തീരുമാനിച്ചു. നിലവില്‍ കൊച്ചി വഴി കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ക്ക്‌ പകരമാണ്‌ ആഴ്‌ചയില്‍ മൂന്നു ദിവസം കോഴിക്കോട്ടേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ തുടങ്ങുന്നത്‌. അതേസമയം കുവൈത്ത്‌മംഗലാപുരംകോഴിക്കോട്‌ സര്‍വീസ്‌ കുവൈത്ത്‌മംഗലാപുരം ആക്കി ചുരുക്കിയിട്ടുമുണ്ട്‌.

ശീതകാല ഷെഡ്യൂള്‍ പ്രകാരം ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ കുവൈത്തില്‍നിന്ന്‌ കോഴിക്കോട്ടേക്ക്‌ നേരിട്ട്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ സര്‍വീസ്‌ നടത്തുമ്പോള്‍ കുവൈത്ത്‌മംഗാലാപുരംകോഴിക്കോട്‌ റൂട്ടിലെ മൂന്നു സര്‍വീസുകള്‍ക്ക്‌ പകരം തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ കുവൈത്ത്‌മംഗലാപുരം സര്‍വീസ്‌ ആണുണ്ടാവുക. ഈമാസം 28 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 30 വരെയുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍െറ ശീതകാല ഷെഡ്യൂളിലാണ്‌ കോഴിക്കേട്ടേക്ക്‌ നേരിട്ടുള്ള സര്‍വീസ്‌ ഉള്‍പ്പെടുത്തി അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതനുസരിച്ചുള്ള ബുക്കിങ്‌ ഉടന്‍ തുടങ്ങുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

വൈകീട്ട്‌ ആറു മണിക്ക്‌ കോഴിക്കോട്‌ നിന്ന്‌ പറന്നുയരുന്ന ഐ.എക്‌സ്‌ 393 വിമാനം രാത്രി 8.15നാണ്‌ കുവൈത്തിലെത്തുക. കുവൈത്തില്‍നിന്ന്‌ ഐ.എക്‌സ്‌ 394 വിമാനം രാത്രി 9.15ന്‌ പുറപ്പെട്ട്‌ പുലര്‍ച്ചെ 4.15ന്‌ കോഴിക്കോട്ടെത്തും. കൊച്ചിയിലേക്ക്‌ യാത്ര തുടരേണ്ടവര്‍ക്ക്‌ ഐ.എക്‌സ്‌ 414 വിമാനത്തില്‍ പുലര്‍ച്ചെ 5.15ന്‌ പുറപ്പെട്ട്‌ ആറു മണിക്ക്‌ നെടുമ്പാശ്ശേരിയിലിറങ്ങാം.

മംഗലാപുരത്തുനിന്ന്‌ വൈകീട്ട്‌ 6.05ന്‌ പുറപ്പെടുന്ന ഐ.എക്‌സ്‌ 389 വിമാനം രാത്രി 8.15ന്‌ കുവൈത്തിലെത്തും. കുവൈത്തില്‍നിന്ന്‌ രാത്രി 12.15ന്‌ പുറപ്പെടുന്ന ഐ.എക്‌സ്‌ 390 വിമാനം രാവിലെ 7.25ന്‌ മംഗലാപുരത്തെത്തും. കോഴിക്കോട്‌കുവൈത്ത്‌ റൂട്ടില്‍ നേരിട്ടുള്ള സര്‍വീസ്‌ തുടങ്ങാനുള്ള പ്രവാസി മലയാളികളുടെ ഏറക്കാലമായുള്ള മുറവിളിക്കാണ്‌ ഇതോടെ ഫലം കാണുന്നത്‌. മുമ്പ്‌ എയര്‍ ഇന്ത്യക്ക്‌ കോഴിക്കോട്ടേക്ക്‌ കുവൈത്തില്‍നിന്ന്‌ നേരിട്ട്‌ സര്‍വീസ്‌ ഉണ്ടായിരുന്നെങ്കിലും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍െറ വരവോടെ അത്‌ നിലക്കുകയായിരുന്നു. എക്‌സ്‌പ്രസ്‌ എത്തിയതോടെ കോഴിക്കോട്ടേക്കുള്ള സര്‍വീസ്‌ മൂന്നു ദിവസം കൊച്ചി വഴിയും മൂന്നു ദിവസം മംഗലാപുരം വഴിയുമായി. മറ്റു സ്വകാര്യ എയര്‍ലൈനുകളെ ആശ്രയിച്ചാലും അവരുടെ ട്രാന്‍സിറ്റ്‌ പോയന്‍റുകളില്‍ ഇറങ്ങി മാറിക്കയറണമെന്നതിനാല്‍ നേരിട്ട്‌ കോഴിക്കോട്ടേക്കുള്ള വിമാനയാത്ര കുവൈത്തില്‍നിന്ന്‌ അസാധ്യമായിരുന്നു. കുവൈത്ത്‌ എയര്‍വേയ്‌സിന്‌ കേരളത്തിലേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ ഉണ്ടെങ്കിലും അത്‌ കൊച്ചിയിലേക്കായിരുന്നു. അടുത്തിടെ ജെറ്റ്‌ എയര്‍വേയ്‌സ്‌ കേരളത്തിലേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ പ്രഖ്യാപിച്ചതും കൊച്ചിയിലേക്ക്‌ തന്നെ.

മലബാര്‍ മേഖലയിലുള്ളവര്‍ക്ക്‌ നാട്ടിലേക്കും തിരിച്ചുമുള്ള വിമാന യാത്ര ഏറെ ദുഷ്‌കരമായതിനാല്‍ വിവിധ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും കോഴിക്കോട്ടേക്ക്‌ എയര്‍ ഇന്ത്യ നേരിട്ട്‌ സര്‍വീസ്‌ നടത്തുന്നതിന്‌ നിരന്തരമായി പരിശ്രമിച്ചുവരികയായിരുന്നു. പ്രവാസികളുടെ ഇക്കാര്യത്തിലുള്ള പ്രയാസം നേര്‍ക്കുനേരെ മനസിലാക്കുന്നവരായതിനാല്‍ തന്നെ കുവൈത്തിലെ എയര്‍ ഇന്ത്യ അധികൃതരും ഏറക്കാലമായി ഇതിന്‌ ഉന്നതങ്ങളില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. ഇതിന്‍െറ കൂടി ഫലമാണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ നിലവില്‍വന്നതിന്‌ ശേഷം ആദ്യമായി കോഴിക്കോട്‌കുവൈത്ത്‌ റൂട്ടില്‍ നേരിട്ട്‌ സര്‍വീസ്‌ ലഭിച്ചിരിക്കുന്നത്‌.
കുവൈറ്റ്‌ - കോഴിക്കോട്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ സര്‍വീസ്‌ ഈമാസം 28 മുതല്‍ ആരംഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക