Image

ഇ.പി.ഡബ്ല്യു.എ മാധ്യമ -വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 04 October, 2012
ഇ.പി.ഡബ്ല്യു.എ മാധ്യമ -വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ദുബായ്‌: എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍(ഇ.പി.ഡബ്ല്യു.എ)യുഎഇയുടെ ദശവല്‍സരാഘോഷത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ മാധ്യമ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദൃശ്യ,സ്രാവ്യ,അച്ചടി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേര്‍ക്കാണ്‌ ഇത്തവണ മാധ്യമ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുന്നത്‌.

ബിസിനസ്‌ വോയ്‌സ്‌, മീഡിയാ വിസാര്‍ഡ്‌, മീഡിയാ എക്‌സലന്‍സ്‌ എന്നീ വിഭാഗങ്ങളിലാണ്‌ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്‌. 25000 രൂപയും പ്രശസ്‌തിപത്രവും മെമെന്റോയും അടങ്ങുന്നതാണ്‌ എല്ലാ പുരസ്‌കാരങ്ങളും.

ഏഷ്യാനെറ്റ്‌ ബിസിനസ്‌ എഡിറ്റര്‍ അഭിലാഷ്‌ ജി.നായര്‍ക്കാണ്‌ `ബിസിനസ്‌ വോയ്‌സ്‌' അവാര്‍ഡ്‌. ബിസിനസ്‌ രംഗത്തെ മികവാര്‍ന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം എറണാകുളം ജില്ലയുമായി ബന്ധപ്പെട്ട വികസനോന്മുഖ റിപ്പോര്‍ട്ടുകളുമാണ്‌ ഈ പുരസ്‌കാരത്തിന്‌ അഭിലാഷിനെ അര്‍ഹനാക്കിയത്‌. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്‌ അഭിലാഷ്‌ ജി. നായര്‍.

`മീഡിയാ വിസാര്‍ഡ്‌' അവാര്‍ഡ്‌ എമിറേറ്റ്‌സ്‌ 24 ഃ 7 സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എം.സതീഷിനാണ്‌. അന്വേഷണാത്മകതയും ജനകീയതയുമാണ്‌ വി.എം. സതീഷിന്റെ റിപ്പോര്‍ട്ടുകളെ വ്യത്യസ്‌തമാക്കുന്നതെന്ന്‌ ജൂറി അഭിപ്രായപ്പെട്ടു. കോട്ടയം കുറിച്ചി സ്വദേശിയായ വി.എം. സതീഷ്‌ ഇന്ത്യന്‍ മീഡിയ ഫോറം ദുബായുടെ വൈസ്‌ പ്രസിഡന്റ്‌ കൂടിയാണ്‌.

ദുബായിലെ മറ്റു മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കാണ്‌ മീഡിയാ എക്‌സലന്‍സ്‌ അവാര്‍ഡുകള്‍ സമര്‍പ്പിക്കുന്നത്‌. സിറാജ്‌ ഗള്‍ഫ്‌ എഡിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ കെ.എം. അബ്ബാസ്‌, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഗള്‍ഫ്‌ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദ,്‌ 96.7 ഹിറ്റ്‌ എഫ്‌ . എം സീനിയര്‍ പ്രസന്റര്‍ നൈല ഉഷ എന്നിവരെയാണ്‌ മീഡിയ എക്‌സലന്‍സ്‌ പുരസ്‌കാരങ്ങള്‍ക്ക്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ഗള്‍ഫ്‌ ജീവിതാനുഭവങ്ങളുടെ ആഴങ്ങള്‍ തേടുന്ന `ഗള്‍ഫ്‌ കാഴ്‌ച' എന്ന ആഴ്‌ചതോറുമുള്ള കോളം, ദിവസേനയുള്ള നിരീക്ഷണം എന്ന ഗള്‍ഫ്‌ എഡിറ്റോറിയല്‍ തുടങ്ങിയവയാണ്‌ കെ. എം അബ്ബാസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്‌. ടെലിവിഷന്‍ റിപ്പോര്‍ട്ടുകളിലൂടെ ഗള്‍ഫ്‌ ജീവിതത്തിന്റെ മറുവശം തേടുന്നതില്‍ പ്രകടിപ്പിക്കുന്ന ജാഗ്രതയാണ്‌ ഫൈസല്‍ ബിന്‍ അഹമ്മദിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുവാന്‍ കാരണം. റേഡിയോ അവതരണത്തില്‍ നൈല തുടരുന്ന രീതി ഏറെ സ്വീകര്യമായിട്ടുണ്‌ട്‌. അവതരണ മികവും നവീന ആശയങ്ങളുടെ പങ്കുവെക്കലുമാണ്‌ നൈലയെ പുരസ്‌കാരത്തിന്‌ അര്‍ഹയാക്കിയത്‌.

അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളില്‍ വിദ്യാഭ്യാസ മേഖലയില്‍ മികവു തെളിയിക്കുന്നവര്‍ക്കാണ്‌ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കുന്നത്‌. പത്താം തരത്തിലെ മികവിന്‌ അഷര്‍ ഇബ്രാഹിം, ഫാത്തിമ റാവുത്തര്‍ എന്നിവര്‍ക്കാണ്‌ ഇത്തവണ ഈ അവാര്‍ഡുകള്‍ നല്‍കുക.

അല്‍ അമീര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്‌. ജെ. ജേക്കബ്‌ അധ്യക്ഷനായ ജൂറിയാണ്‌ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്‌. ഒക്‌ടോബര്‍ അഞ്ചിന്‌(വെള്ളി) വൈകിട്ട്‌ അജാമാന്‍ ജവഹര്‍ പാലസ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന എറണാകുളം പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ ദശവാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന വനം, സ്‌പോര്‍ട്‌സ്‌ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ മാധ്യമ പുരസ്‌കാരങ്ങളും ഹൈബി ഈഡന്‍ എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - 0506344484.
ഇ.പി.ഡബ്ല്യു.എ മാധ്യമ -വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക