Image

ഗാന്ധിജിയെ അറിയുമ്പോള്‍: ശ്രീപാർവ്വതി

ശ്രീപാർവ്വതി Published on 03 October, 2012
ഗാന്ധിജിയെ അറിയുമ്പോള്‍: ശ്രീപാർവ്വതി

ഇന്ന് ഒക്ടോബര്‍ 2, എന്‍റെ ജന്‍മദിനം. ജന്‍മദിനങ്ങള്‍ പലതും കഴിഞ്ഞു പോയി, പക്ഷേ ഇത്തവണ ഇവിടെ വന്ന് കുട്ടികളോട് സംസാരിക്കണമെന്നു തോന്നി. അല്ലെങ്കിലും കുട്ടികളെ എനിക്ക് വലിയ ഇഷ്ടമായിരുന്നല്ലോ. നിങ്ങളെന്നെ ഗാന്ധിയപ്പൂപ്പന്‍ എന്നു വിളിക്കുമ്പോള്‍ എനിക്കെന്ത് ഇഷ്ടമായിരുന്നെന്നോ. നിങ്ങളിലെ നിഷ്കളങ്കത ഈ ലോകം കണ്ടുപഠിക്കാത്തതെന്തെന്ന് പലപ്പോഴും ഞാന്‍ വേദനയോടെ ഓര്‍ത്തിരുന്നു.

പിന്നെ നിങ്ങള്‍ക്ക് എന്നെ കുറിച്ച് എന്തറിയാം? നിങ്ങളറിയുന്ന ഞാന്‍ എങ്ങനെയാണ്,? വട്ടക്കണ്ണട വച്ച് അരമുണ്ടുമുടൂത്ത് വടികുത്തി നടക്കുന്ന എന്നെ നിങ്ങള്‍ ചിത്രങ്ങളിലൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുട്ടികള്‍ എന്തൊക്കെ പഠിച്ചിട്ടുണ്ട്?

പലതും നിങ്ങളുടെ സ്കൂളിലെ അദ്ധ്യാപകര്‍ പറഞ്ഞു തന്നിട്ടുണ്ടാകുമെന്നെനിക്കറിയാം.

ഒരിക്കല്‍ നിങ്ങളുടെ തന്നെ പ്രായമുള്ള ഒരു കുട്ടി വന്ന് എന്നോട് ചോദിക്കുകയാണ്, "എന്‍റെ അമ്മ നല്ല തുന്നല്‍ക്കാരിയാണ്, ഞാന്‍ താങ്കള്‍ക്കു വേണ്ടി അമ്മയോടു പറഞ്ഞ് നല്ലൊരു വസ്ത്രം തുന്നിക്കട്ടെ?"

ഒരു കുര്‍ത്ത പോലും ഇടാതെ ഞാന്‍ നടക്കുന്നതു കണ്ട് ആ കുട്ടി വല്ലാതെ വിഷമിച്ചു. പക്ഷേ ആ ചോദ്യം കേട്ടപ്പോള്‍ ഞാനോര്‍ത്തത് ഇവിടെ വസ്ത്രമുടുക്കാന്‍ പോലും വരുമാനമില്ലാത്ത ലക്ഷക്കണക്കിനായ നിങ്ങളെ പോലെയുള്ള കുട്ടികളെയാണ്, എന്നെ പോലെയുള്ള മുതിര്‍ന്നവരെയാണ്, പിന്നെ എങ്ങനെ ഞാന്‍ എനിക്കായി മാത്രം ഒരു വസ്ത്രം സ്വീകരിക്കും. പക്ഷേ ആ കുട്ടിയ്ക്ക് വല്ലാത്ത സങ്കടം. ഞാന്‍ അവനോട് പറഞ്ഞു, " എനിക്കു മാത്രമല്ല എന്‍റെ കുടുംബത്തിലെ ലക്ഷക്കണക്കായ അംഗങ്ങള്‍ക്കെല്ലാം നിന്‍റെ അമ്മ വസ്ത്രം തുന്നിച്ചു തരാമെങ്കില്‍ തീര്‍ച്ചയായി ഞാന്‍ ധരിക്കാം. എന്തു പറയുന്നു."

എനിക്കു ഇങ്ങനെയേ പറയാന്‍ കഴിയൂ കുട്ടികളേ, കാരണം വെറുമൊരു കുടുംബത്തിന്‍റെ അല്ലല്ലോ ഈ ലോകമാകുന്ന കുടുംബത്തിലെ ഒരു അംഗമല്ലേ ഞാന്‍ നിരവധിയാളുകള്‍ കഷ്ടപ്പെടുമ്പോള്‍ എനിക്കെങ്ങനെ സന്തോഷിക്കാനാകും.

സഹജീവി സ്നേഹം കുട്ടിക്കാലം മുതല്‍ പഠിക്കേണ്ടതാണ്, അത് നിങ്ങളെ മുതിരുമ്പോള്‍ തീര്‍ച്ചയായും ഉയര്‍ന്ന നിലയിലെത്തിക്കും.
ഇനി വിശ്വാസത്തിന്‍റെ മഹ്ത്വത്തെ കുറിച്ച് എന്‍റെ ഒരു അനുഭവം പറയാം കേട്ടോളൂ, ഞാന്‍ കുട്ടിയായിരിക്കുമ്പോഴാണ്, സംഭവം. പ്രേതങ്ങളെ നിങ്ങള്‍ക്ക് പേടിയുണ്ടോ? രാത്രിയില്‍ ഒറ്റയ്ക്ക് നടക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ ആരെയെങ്കിലും കൂട്ടിനു വിളിക്കാറുണ്ടോ?

ഞാന്‍ അങ്ങനെയായിരുന്നു. പ്രേതം വന്ന് എന്നെ കൊല്ലുമോ എന്ന് പേടി. ഒരു മുറിയില്‍ നിന്ന് മറ്റേ മുറിയിലേയ്ക്ക് പോകാന്‍ വരെ ഭയം. ഒരിക്കല്‍ രാത്രിയില്‍ അങ്ങനെ ഭയന്നു നില്‍ക്കുമ്പോഴാണ്, ഞങ്ങളുടെ വീട്ടിലെ ജോലിക്കാരി രംഭ അതുവഴി വന്നത്, ഞാനവിടെ ഭയന്നു നില്‍ക്കുന്നതു കണ്ട് അവര്‍ എന്നോടു ചൊദിച്ചു. എന്‍റെ പേടിയെ കുറിച്ച് ഞാന്‍ പറഞ്ഞു. അവര്‍ എന്നോട് പറഞ്ഞതെന്തെന്നോ, പേടി വരുമ്പോള്‍ മറ്റൊന്നും വേണ്ട ആത്മാര്‍ത്ഥമായി ഈശ്വര നാമം ജപിക്കുക. അങ്ങനെയാണെങ്കില്‍ ഈശ്വര സാമിപ്യം ഒപ്പമുണ്ടാകും ഒരു പ്രേതവും വരികയുമില്ല. എങ്ങനെയുണ്ട്. ഞാനതു പോലെ ചെയ്തു. എന്ത് അദ്ഭുതം... ആ ഈശ്വരനാമത്തില്‍ ഞാന്‍ ബലമുള്ളവനായിത്തീര്‍ന്നു. വിശ്വാസം എന്‍റെ ഉള്ളില്‍ നിറഞ്ഞു നിന്നു. അതെനിക്ക് വളരെ ആത്മവിശ്വാസം നല്‍കി. ഏതൊരു ആപത്തിലും ആ വിശ്വാസം എന്നോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്തു. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എന്തു മനസ്സിലായി?

വിശ്വാസത്തിന്‍റെ ശക്തി മഹത്തരമാണ്. അതു നിങ്ങളെ ഏതൊരു ആപത്തില്‍ നിന്നും സംരക്ഷിക്കുക തന്നെ ചെയ്യും.
അദ്ധ്വാനത്തിന്‍റെ മഹത്വത്തെ കുറിച്ച് നിരവധി കഥകള്‍ കുട്ടികള്‍ കേട്ടിട്ടുണ്ടാകും അല്ലേ. ശ്രദ്ധയോടെയുള്ള കഠിനാദ്ധ്വാനത്തേക്കാള്‍ വലുതല്ല ഒരു വ്യക്തി പോലും. ഒരു കഥയിലൂടെ ഞാനത് പറയാം ഒരിക്കല്‍ ഞാന്‍ ഡെല്‍ഹിയിലുള്ള ആശ്രമത്തില്‍ സന്ദര്‍ശനത്തിനായി പോയി. അവിടെ നിരവധി ആണ്‍കുട്ടികള്‍ പണിയെടുക്കുന്നുണ്ട്. പലതരം ജോലികള്‍. ഞാന്‍ അകത്തേയ്ക്ക് കടന്നു ചെന്നതും എല്ലാവരും ജോലി മതിയാക്കി എഴുന്നേറ്റു നിന്നു എന്നെ നമസ്കരിച്ചു. എന്നാല്‍ ഒരു കുട്ടി മാത്രം കണ്ട ഭാവം നടിയ്ക്കാതെ ജോലി തുടരുകയാണ്. ബ്രഡ് ഉണ്ടാക്കാന്‍ മാവ് കുഴയ്ക്കുന്നതിനിടയില്‍ അതിഥിയെ ശ്രദ്ധിക്കാത്തതിനു അവന്‍റെ സുഹൃത്തുക്കള്‍ അവനെ വഴക്കു പറയാന്‍ തുടങ്ങി. പക്ഷേ അത് എനിക്കു സഹിക്കാനായില്ല, അവരെ ഞാന്‍ ശാസിച്ചു. നിങ്ങള്‍ തന്നെ പറയൂ അവിടെ കൂടിയിരുന്ന ചെറുപ്പക്കാരില്‍ യഥാര്‍ത്ഥ അദ്ധ്വാനി ആ കുട്ടി തന്നെ അല്ലേ?

സ്വന്തം ജോലിയില്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിക്കുക, അതു തന്നെയാണ്, ഈ രാജ്യത്തിനു, അവനവനു നല്‍കാനാവുന്ന ഏറ്റവും നല്ല കടമ.

കഥകള്‍ കേള്‍ക്കാന്‍ കുട്ടികള്‍ക്ക് ഇഷ്ടമാണെന്ന് നിങ്ങളുടെ ഈ ഗാന്ധിയപ്പൂപ്പനു അറിയാം. പഠനത്തിനൊപ്പം അവനവനു ചെയ്യാവുന്ന ചെറിയ ജോലികള്‍ കൂടി ചെയ്യുക എന്ന എന്‍റെ മോഹം ഇപ്പോഴും പ്രാവര്‍ത്തികമാക്കപ്പെട്ടിട്ടില്ല. എന്‍റെ പിറന്നാളിനനുബന്ധമായി സ്കൂളുകളില്‍ നടത്തുന്ന സേവനവാരം മാത്രമാണ്, ഇപ്പോഴുള്ളത്. പക്ഷേ ജോലിയുടെ മഹത്വം നിങ്ങള്‍ മനസ്സിലാക്കണം. വിയര്‍പ്പൊഴുക്കുന്നവനേ വിശപ്പറിയൂ, ആഹാരത്തിന്‍റെ രുചിയറിയൂ. സേവനവാരമായി മാത്രം ഒതുങ്ങാതെ തീര്‍ച്ചയായും സ്കൂളുകളില്‍ നിങ്ങള്‍ക്കു പറ്റാവുന്നതൊക്കെ ചെയ്യണം. സ്കൂളുകളില്‍ മാത്രമല്ല, വീടുകളിലും, ഒക്കെ. പ്രശസ്ത കവി രവീന്ദ്രനാഥ ടാഗോറിനെ നിങ്ങള്‍ പഠിച്ചിട്ടില്ലേ, ഈശ്വരനെ നിങ്ങള്‍ക്ക് ആരാധനാലയങ്ങളില്‍ കണ്ടെത്താനാവില്ല, വയലില്‍ പണിയെടുന്നവന്‍റേയും അദ്ധ്വാനിക്കുന്നവന്‍റേയും കൂടെയാണു ദൈവം. ഇപ്പോഴും പല സ്കൂളുകളിലും ആവശ്യത്തിനു പച്ചക്കറി കൃഷിയൊക്കെ നടത്തുന്നുണ്ട് എന്നൊക്കെ ഞാനറിയുന്നുണ്ട്, തീര്‍ച്ചയായും നല്ല കാര്യം തന്നെ. ഈ മാതൃക എല്ലാവരും പിന്‍തുടരണം. ജോലിയുടെ മഹത്വം മനസ്സിലായാല്‍ നിങ്ങള്‍ ഈശ്വരനെ അറിയും.

എനിക്കു നിങ്ങളെ പഠിപ്പിക്കാനുള്ള ഏറ്റവും പ്രധാന കാര്യം എന്താണെന്നറിയാമോ, മനുഷ്യത്വത്തിന്‍റെ അടിസ്ഥാനമായ അഹിംസയെ കുറിച്ചു തന്നെ. അന്ന് ട്രെയിനില്‍ വച്ച് എന്നെ തല്ലിയ വെള്ളക്കാരന്‍ സായിപ്പിനോട് ക്ഷമിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ, ഇതേ അഹിംസയുടെ പാഠം എന്നിലുണ്ടായതു കൊണ്ടാണ്. സഹജീവികളോട് സ്നേഹമുണ്ടായാല്‍ സ്വാഭാവികമായി നമ്മില്‍ അവരെ ഉപദ്രവിക്കാന്‍ മടിയുണ്ടാകും. അതാണു മനുഷ്യത്വം. അത് ഒരു പുസ്തകവും പഠിപ്പിക്കുന്നതല്ല, ഒരു സ്കൂളില്‍ നിന്നും കിട്ടുന്നതുമല്ല. സ്വയം തോന്നുന്ന ഒരു അനുഭവമാണത്. ആദ്യം സ്വയം സ്നേഹിക്കാന്‍ പഠിക്കുക, പിന്നീട് നിങ്ങള്‍ക്കു ചുറ്റുമുള്ളവരെ സ്നേഹിക്കാന്‍ എളുപ്പമായിരിക്കും.

ഈയടുത്ത് കുട്ടികള്‍ ശ്രദ്ധിച്ചു കാണും ഒരു ഇന്ത്യന്‍ എഴുത്തുകാരി എന്നെ കുറിച്ച് ഒരു കവിതയെഴുതിയത്. "ഹേ ബാപ്പു ഞങ്ങള്‍ താങ്കളെ വെറുക്കുന്നു....." ആരെങ്കിലും വായിച്ചുവോ?

അത് ഒരു എഴുത്തുകാരിയുടെ സര്‍ഗ്ഗാത്മകതയായി മാത്രം കാണുക. ആരെയും വെറുക്കാത്തതു കൊണ്ട് ആ എഴുത്തുകാരിയേയും ഞാന്‍ ആദരിക്കുന്നു. എന്‍റെ ആദര്‍ശങ്ങള്‍ ഞാന്‍ ആരുടെ മുകളിലും അടിച്ചേല്‍പ്പിക്കുന്നില്ല. പക്ഷേ ഒരു മനുഷ്യന്‍ രൂപം പ്രാപിക്കുന്നത് അവന്‍റെ കുട്ടിക്കാലത്തെ അനുഭവങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ കുട്ടികളെ ഞാന്‍ ഏറെ സ്നേഹിക്കുന്നു. കുട്ടികള്‍ക്ക് പലതും ചെയ്യാനുണ്ട്. ഈ ലോകത്തോട് പലതും വിളിച്ചു പറയാനുണ്ട്. "എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ " എന്ന ആത്മകഥയിലൂടെ നിങ്ങള്‍ക്കെന്നെ അടുത്ത് മനസ്സിലാക്കാം. ഉള്ളിലൊരു തീജ്വാല പേറി ജീവിക്കുക. നിങ്ങള്‍ അറിവാകുക, വാക്കാവുക, അഗ്നിയാവുക.
ഗാന്ധിജിയെ അറിയുമ്പോള്‍: ശ്രീപാർവ്വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക