Image

‘ഫ്യൂചര്‍ സിറ്റീസ്’ സമ്മേളനത്തിന് പ്രൗഢ തുടക്കം

Published on 03 October, 2012
‘ഫ്യൂചര്‍ സിറ്റീസ്’ സമ്മേളനത്തിന് പ്രൗഢ തുടക്കം
ദുബൈ: ഭാവി നഗരങ്ങളുടെ രൂപകല്‍പന സംബന്ധിച്ച ആലോചനകള്‍ക്കായി നടക്കുന്ന ‘ഫ്യൂചര്‍ സിറ്റീസ്’ സമ്മേളനത്തിനും പ്രദര്‍ശനത്തിനും പ്രൗഢ തുടക്കം. ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടനം ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നിര്‍വഹിച്ചു.

സമ്മേളനത്തിന്‍െറ ഉദ്ഘാടനം ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത നിര്‍വഹിച്ചു. വികസന വിഷയത്തില്‍ ഭാവി നഗരങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവ് നമുക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്ക് പരിക്കേല്‍ക്കാത്തവിധം വികസനം സാധ്യമാക്കണം. ദുബൈ നഗരത്തെ ഹരിതവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതായും ലോകത്തെ ‘ഗ്രീന്‍ സിറ്റി’കളിലൊന്നായി നഗരം വളര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈമാസം രണ്ട് മുതല്‍ നാലുവരെ ദുബൈ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലാണ് സമ്മേളനവും പ്രദര്‍ശനവും. ദുബൈ മുനിസിപ്പാലിറ്റി, എന്‍വയേണ്‍മെന്‍റല്‍ സെന്‍റര്‍ ഫോര്‍ അറബ് ടൗണ്‍സ്, അറബ് ടൗണ്‍സ് ഓര്‍ഗനൈസേഷന്‍, ഇന്‍ഫോര്‍മ എക്സിബിഷന്‍സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തെ പ്രധാന നഗരങ്ങളിലെയും മുനിസിപ്പാലിറ്റികളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മേയര്‍മാരും അഡ്മിനിസ്ട്രേറ്റര്‍മാരുമാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഭാവി നഗരങ്ങള്‍ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച തങ്ങളുടെ വീക്ഷണങ്ങള്‍ അവര്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. 27 വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക