Image

പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് ട്രാഫിക് വകുപ്പ് പരിശീലനം നല്‍കുന്നു

Published on 03 October, 2012
പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് ട്രാഫിക് വകുപ്പ് പരിശീലനം നല്‍കുന്നു
ദോഹ: ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ക്കായി ട്രാഫിക് വകുപ്പ് സൗജന്യ പരീശീലന കോഴ്സ് സംഘടിപ്പിക്കുന്നു. അതത് രാജ്യങ്ങളുടെ എംബസികളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്ക് വേണ്ടിയാണ് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് കോഴ്സ് നടത്തുന്നത്.

കോഴ്സ് ഈ മാസം മധ്യത്തോടെ ആരംഭിക്കും. നാല് മണിക്കൂര്‍ നീളുന്ന പരിശീലന സെഷന് ട്രാഫിക് സുരക്ഷാ രംഗത്തെ വിദഗ്ധര്‍ നേതൃത്വം നല്‍കും. വാരാന്ത്യ അവധിദിവസങ്ങളില്‍ വൈകിട്ട് 4.30 മുതല്‍ മദീന ഖലഫയിലെ ട്രാഫിക് വകുപ്പിന്‍െറ മുഖ്യ ആസ്ഥാനത്തായിരിക്കും ക്ളാസ് നടക്കുക. ഓരോ പ്രവാസി സംഘടനയുടെയും ഒരു ്രപതിനിധിക്ക് കോഴ്സില്‍ പങ്കെടുക്കാം. ഭാവിയില്‍ തങ്ങളുടെ പരിധിയിലുള്ള പ്രവാസികള്‍ക്കിടയില്‍ ട്രാഫിക് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ട ചുമതല ഇവര്‍ക്കാണ്. ഇതിന് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ്, ട്രാഫിക് വകുപ്പുകളുടെ സഹായവും തേടാം.

കാല്‍നടയാത്രക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങളുടെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും, ചെറിയ അപകടങ്ങള്‍ നടക്കുമ്പോള്‍ തൊട്ടടുത്ത പാര്‍ക്കിങ് ഏരിയയിലേക്ക് വാഹനം മാറ്റാതിരിക്കുന്നതുപോലുള്ള പൊതു ട്രാഫിക് പ്രശ്നങ്ങള്‍, സീറ്റ്ബെല്‍റ്റ് ധരിക്കുന്നതിലുള്ള അലംഭാവം, ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിക്കുന്നതിന്‍െറ ദോഷഫലങ്ങള്‍, എതിര്‍ദിശയിലെ ഡ്രൈവിംഗും പിഴയും, വലതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്, 2007 മുതല്‍ ഖത്തറില്‍ നടപ്പാക്കിവരുന്ന ട്രാഫിക് നിയമം, വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ, ബ്ളാക്ക് പോയിന്‍റ് സമ്പ്രദായം തുടങ്ങി ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കോഴ്സില്‍ കൈകാര്യം ചെയ്യും.

കോഴ്സില്‍ പങ്കെടുക്കുന്നതിന് ഓരോ പ്രവാസി സംഘടനയില്‍ നിന്നും ഒരാളെ നാമനിര്‍ദേശം ചെയ്യണമെന്ന് ട്രാഫിക് വകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു. പ്രവാസികള്‍ക്കിടയില്‍ ഫലപ്രദമായി ആശയവിനിമയം നടത്താനും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കഴിയുന്നവരെയാണ് നിര്‍ദേശിക്കേണ്ടത്. കോഴ്സിന്‍െറ രജിസ്ട്രേഷന്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും Faisalhudawi@moi.gov.qa എന്ന ഇ-മെയില്‍ വിലാസത്തിലോ 2342567 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക