Image

റമ്പാന്‍: മലയാള ഗദ്യത്തിന്‍െറ അഗ്രഗാമി: ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 02 October, 2012
റമ്പാന്‍: മലയാള ഗദ്യത്തിന്‍െറ അഗ്രഗാമി: ഡി. ബാബുപോള്‍
കായംകുളം പീലിപ്പോസ് റമ്പാന്‍ അന്തരിച്ചിട്ട് ഈ മാസം 200 സംവത്സരങ്ങള്‍ തികയുകയാണ്. ബൈബ്ള്‍ മലയാളത്തിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയ വ്യക്തിയാണ് റമ്പാന്‍. നാല് സുവിശേഷങ്ങള്‍ മാത്രമായിരുന്നു ആദ്യം പ്രകാശിതമായത്.

ബോംബെയിലെ കൂറിയര്‍ പ്രസില്‍ ആയിരുന്നു അച്ചടി. അച്ചടിച്ച പ്രസിന്‍െറ പേരില്‍ ‘കൂറിയര്‍ ബൈബ്ള്‍’ എന്നും വിവര്‍ത്തനം പ്രോത്സാഹിപ്പിച്ച സായിപ്പിന്‍െറ പേരില്‍ ‘ബുക്കാനന്‍ ബൈബ്ള്‍’ എന്നും കൂടെ പറയാറുണ്ടെങ്കിലും ഭാഷാചരിത്രത്തില്‍ റമ്പാന്‍ ബൈബ്ള്‍ എന്ന പേരിനുതന്നെയാണ് പ്രഥമസ്ഥാനം.

ക്ളോഡിയസ് ബുക്കാനന്‍ ഒരു മിഷനറിയായിരുന്നു. പോര്‍ചുഗീസ് മിഷനറിമാരെപ്പോലെതന്നെ കേരളത്തിലെ പ്രാചീന ക്രിസ്തീയസമൂഹത്തെ തങ്ങളുടെ വിശ്വാസസരണിയില്‍ എത്തിക്കുന്നതില്‍ ബ്രിട്ടീഷ് മിഷനറിമാരും തല്‍പരരായിരുന്നു. പോര്‍ചുഗീസുകാര്‍ അധികാരഗര്‍വും പട്ടാളബലവും ആയുധങ്ങളാക്കിയതിനാല്‍ അവരുടെ വിജയം അരനൂറ്റാണ്ട് മാത്രം നീണ്ടു. 1599ല്‍ ഉദയമ്പേരൂരില്‍ അടിയറവ് പറഞ്ഞ സമൂഹം 1653ല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു പാശ്ചാത്യവിരുദ്ധ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി.

കൂനന്‍ കുരിശ് സത്യം എന്നാണ് ആ പ്രഖ്യാപനം അറിയപ്പെടുന്നത്. മട്ടാഞ്ചേരിയിലെ കൂനന്‍ കുരിശില്‍ വലിയ ആലാത്ത് കെട്ടി ആ ആലാത്തില്‍ പിടിച്ച് ഒരു വലിയ ജനസഞ്ചയം ‘പറങ്കികളുമായി ഇനി ഒരു ബന്ധവും ഉണ്ടായിരിക്കയില്ല’ എന്ന് പ്രഖ്യാപിച്ചു. അന്നത്തെ നാല് നേതാക്കളില്‍ രണ്ടുപേര്‍ പില്‍ക്കാലത്ത് മറുകണ്ടം ചാടി. അത് വേറെ കഥ. ഏതായാലും, അവശിഷ്ട സമൂഹത്തെയാണ് ബ്രിട്ടീഷുകാര്‍ ലക്ഷ്യമിട്ടത്. അതാകട്ടെ സാമമാര്‍ഗത്തിലൂടെ ആയിരുന്നു താനും. ആ പരിശ്രമത്തിന്‍െറ ഭാഗമായിട്ടാണ് ബുക്കാനന്‍ കേരളത്തില്‍ വന്നതും സുറിയാനിക്കാരുടെ അധ്യക്ഷനായിരുന്ന വലിയ മാര്‍ ദീവന്നാസിയോസ് എന്ന ആറാം മാര്‍ത്തോമയെ കണ്ടതും.

മെത്രാപ്പോലീത്ത ‘ആയിരം വര്‍ഷങ്ങളായി ഞങ്ങളുടെ കൈവശം ഇരിക്കുന്നത്’ എന്ന വിശേഷണത്തോടെ ഒരു സുറിയാനി വേദപുസ്തകം സായിപ്പിന് സമ്മാനിച്ചു. ഇവിടെയിരുന്നാല്‍ വേണ്ട രീതിയില്‍ ആ അമൂല്യഗ്രന്ഥം സൂക്ഷിക്കാനോ സംരക്ഷിക്കാനോ കഴിയുകയില്ലെന്ന തിരിച്ചറിവാണ് ആ പാരിതോഷിക സമര്‍പ്പണത്തിലേക്ക് നയിച്ചത്. അത് ഉചിതമായി: ഇന്നും ഇംഗ്ളണ്ടില്‍ സുരക്ഷിതമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു അത്. ബൈബ്ള്‍ മലയാളത്തിലാക്കണമെന്ന നിര്‍ദേശം ഉണ്ടായതും ആ സന്ദര്‍ഭത്തിലാണ്.

മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായിരുന്നു റമ്പാന്‍.
മത്തായിയുടെ സുവിശേഷം എന്ന പുതിയനിയമ കൃതി റമ്പാന്‍ അതിനോടൊപ്പംതന്നെ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിരുന്നു. അത് ഒരു ഭക്ത്യഭ്യാസം എന്ന നിലയിലായിരുന്നു. ആശ്രമങ്ങളില്‍ താമസിക്കുന്ന സന്യാസികള്‍ വേദങ്ങള്‍ പകര്‍ത്തുകയും പരിഭാഷപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. അത് വേദപ്രചാരണത്തേക്കാള്‍ സ്വന്തം ആധാത്മികാഭ്യുന്നതി ലക്ഷ്യമാക്കിയായിരുന്നു. എന്നാല്‍, പ്രാഗല്ഭ്യത്തിന്‍െറയും താല്‍പര്യത്തിന്‍െറയും തെളിവായി ആ പ്രയത്നത്തെ കണ്ടു ബുക്കാനന്‍. അങ്ങനെയാണ് വിവര്‍ത്തനം തുടരാന്‍ റമ്പാന്‍ നിയുക്തനായത്.

റമ്പാന്‍െറ ഏറ്റവും വലിയ സംഭാവന മലയാള ഗദ്യത്തിന് ഒരു മാനകഭാവം നല്‍കി എന്നതാണ്. തുഞ്ചത്തെഴുത്തച്ഛന്‍ മുതല്‍ നമുക്ക് പദ്യവും കവിതയുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഗദ്യലിഖിതങ്ങള്‍ വിരളമായിരുന്നല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ മധ്യഭാഗത്താണ് ഗുണ്ടര്‍ട്ടിന്‍െറ പ്രേരണയില്‍ ബാസല്‍മിഷന്‍ ‘രാജ്യസമാചാരം’, ‘പശ്ചിമോദയം’ എന്നീ മാസികകള്‍ ആരംഭിച്ചത്. അവ രണ്ടും നിലച്ചുപോയെങ്കിലും അവക്ക് ഗദ്യസാഹിത്യം മലയാളത്തില്‍ എങ്ങനെ ആകാമെന്ന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞുവെന്ന് ഡോക്ടര്‍ കെ.എം. ജോര്‍ജ് നിരീക്ഷിച്ചിട്ടുണ്ട്. 1847ല്‍ ഉണ്ടായ പ്രസിദ്ധീകരണങ്ങളെക്കുറിച്ചാണ് ജോര്‍ജ് ഇത് പറയുന്നത്. റമ്പാന്‍ ഗദ്യം എഴുതിയത് അതിന് നാല് പതിറ്റാണ്ടുകള്‍ക്കപ്പുറമാണ്.

ആ ഗദ്യം 200 സംവത്സരങ്ങള്‍ കൊണ്ട് മാറിയ വിധം കാണുന്നത് കൗതുകം പകരും. ‘എന്നാല്‍, അവര് പൊയപ്പോള്‍ യൊസഫിന് സ്വപ്നത്തില്‍ തമ്പുരാന്‍െറ മാലാഖ അവന് കാണപ്പെട്ട് അവനോട് ചൊല്ലി: നീ എഴുന്നേറ്റ് പൈതലിനെയും തന്‍െറ ഉമ്മായെയും കൂട്ടി മിസ്രേമിന് നീ ഓടി ഒളിക്കാ. നിന്നോട് ഞാന്‍ ചൊല്ലുന്നു എന്നതിനോളം അവിടെ നീ ആകാ.

തന്നെ അവന്‍ മുടിപ്പാന്‍ എന്നപ്പോലെ പൈതലിനെ അന്വഷിപ്പാന്‍ ഹെറൊദേസ് ആയിസ്തപ്പെട്ടവനാകുന്നു’ എന്ന് 1807ല്‍ റമ്പാന്‍. ഏകദേശം 100 വര്‍ഷം കഴിഞ്ഞപ്പോള്‍ അതേ വാക്യം ബെയ്ലിക്കുവേണ്ടി ചാത്തുമേനോന്‍ രൂപപ്പെടുത്തിയത് ഇങ്ങനെ: ‘അവര്‍ പോയശേഷം കര്‍ത്താവിന്‍െറ ദൂതന്‍ യോസേഫിന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി: നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയിമില്‍ ഓടിപ്പോയി, ഞാന്‍ നിന്നോട് പറയുംവരെ അവിടെ പാര്‍ക്കുക. ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന്ന് അവനെ അന്വേഷിക്കാന്‍ ഭാവിക്കുന്നു എന്ന് പറഞ്ഞു’. ഇരുപതാം നൂറ്റാണ്ടിന്‍െറ അവസാനപാദത്തില്‍ ഇതേ വാക്യം എന്‍.വി. കൃഷ്ണവാര്യര്‍ രൂപപ്പെടുത്തിയത് ‘അവര്‍ പോയിക്കഴിഞ്ഞ് കര്‍ത്താവിന്‍െറ മാലാഖ സ്വപ്നത്തില്‍ യോസേഫിന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ഇങ്ങനെ വായിക്കുന്നു നാം ‘ഓശാന’ ബൈബ്ളില്‍: ‘എഴുന്നേല്‍ക്കുക; ശിശുവിനെയും അമ്മയെയും കൊണ്ട് ഈജിപ്തിലേക്ക് ഓടിപ്പോകുക. ഞാന്‍ പറയുംവരെ അവിടെ താമസിക്കണം. കാരണം, ഈ ശിശുവിനെ നശിപ്പിക്കാന്‍ ഹെറോദേസ് ഉടനെ അന്വേഷണം ആരംഭിക്കും.’

അതായത്, 200 വര്‍ഷം മുമ്പ് കായംകുളം പീലിപ്പോസ് റമ്പാന്‍ ഉപയോഗിച്ച മലയാള ഗദ്യം നമ്മുടെ ഗദ്യശൈലിക്ക് മാനകമായി എന്നര്‍ഥം. റമ്പാന്‍െറ വാക്യങ്ങളുടെ അരികും മൂലയും ചെത്തിയാല്‍ കൃഷ്ണവാര്യര്‍ അംഗീകരിച്ച വിവര്‍ത്തനത്തില്‍ എത്തും. എഴുത്തച്ഛന്‍ മലയാളത്തിലെ കാവ്യഭാഷയുടെ മാനകീകരണത്തിന് തുടക്കംകുറിച്ചെന്ന് ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ഗദ്യത്തില്‍ ആ മാനകീകരണ പ്രക്രിയയുടെ തുടക്കം കായംകുളം പീലിപ്പോസ് റമ്പാനില്‍ ആണ് കാണേണ്ടത്.

പാറേമ്മാക്കല്‍ ഗോവര്‍ണദോരുടെ ‘വര്‍ത്തമാന പുസ്തകം’ മറന്നിട്ടല്ല ഇത് പറയുന്നത്. ഗോവര്‍ണദോരുടെ മലയാളത്തിലെ പരകീയപദബാഹുല്യം റമ്പാന്‍െറ മലയാളത്തില്‍ ഇല്ല. റമ്പാന്‍ ഉപയോഗിച്ചിട്ടുള്ള ബാവാ, റൂഹ തുടങ്ങിയ പദങ്ങള്‍ ആധുനിക മലയാളത്തിലും പ്രചാരണത്തിലുണ്ടെന്ന് കുര്യന്‍ തോമസ് എന്ന ചരിത്രകാരന്‍ പറയുന്നതാണ് റമ്പാന്‍െറ മലയാളത്തിലെ പരകീയപദങ്ങള്‍ ആ മലയാളത്തെ അത്രകണ്ട് വികലമാക്കാത്തതായി തോന്നുന്നതിന് കാരണം എന്നും പറയാമെന്ന് തോന്നുന്നു.

റമ്പാന്‍െറ അക്ഷരങ്ങള്‍ ചതുരവടിവിലാണ്. നാരായംകൊണ്ട് ഓലയില്‍ എഴുതിവന്ന കാലത്തിന്‍െറ തിരുശേഷിപ്പ്.

ഈ കൃതിയുടെ മറ്റൊരു സവിശേഷത ഇത് വെറും ഒരു ഭാഷാന്തരം എന്നതിലുപരി ഒരു റഫറന്‍സ് ബൈബ്ള്‍ കൂടെയാണ് എന്നതത്രെ. ഓരോ അധ്യായത്തിന്‍െറയും തുടക്കത്തില്‍ ആ അധ്യായത്തിലെ പ്രധാനപ്പെട്ട സംഗതികള്‍ എഴുതിയിരിക്കുന്നു. മാത്രവുമല്ല, ഒത്തുവാക്യങ്ങളും കൊടുത്തിട്ടുണ്ട്. സുവിശേഷത്തിലെ ഒരു വാക്യത്തിന് ബൈബ്ളില്‍ മറ്റെവിടെയെങ്കിലുമുള്ള മറ്റൊരു വാക്യത്തോടുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് കോണ്‍കോര്‍ഡന്‍സ് എന്ന് സായിപ്പ് വിളിക്കുന്ന ഇനം പഠനസഹായി. ഒത്തുവാക്യങ്ങള്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ ഒരളവ് വരെ റമ്പാന്‍ ബൈബ്ള്‍ ഒരു കോണ്‍കോര്‍ഡന്‍സിന്‍െറ ഗുണവും ഉള്‍ക്കൊള്ളുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ബൈബ്ളിന്‍െറ വിവര്‍ത്തന ചരിത്രത്തിലും മലയാളഗദ്യത്തിന്‍െറ വളര്‍ച്ചയുടെ ചരിത്രത്തിലും സുപ്രധാനമായ സ്ഥാനമുള്ള മഹാനായിരുന്നു കായംകുളം പീലിപ്പോസ് റമ്പാന്‍. ആ മഹത്വം ക്രൈസ്തവര്‍ക്കിടയില്‍ പോലും വേണ്ടത്ര തിരിച്ചറിയപ്പെടുന്നില്ലെന്നത് ദു$ഖകരമാണ്. സഭാപരമായ ഭിന്നതകള്‍ക്കിടയില്‍ റമ്പാന്‍ വിസ്മൃതനാകുന്നത് ഒരു കാരണം. സമ്പൂര്‍ണ വിവര്‍ത്തനമെന്ന് വിവരിക്കപ്പെടുന്ന ‘സത്യവേദ പുസ്തകം’ വ്യാപകമായി പ്രചരിച്ചു എന്നത് മറ്റൊരു കാരണം. എങ്കിലും ഭാഷാസ്നേഹികളെങ്കിലും മലയാള ഗദ്യത്തിന്‍െറ മാനകീകരണത്തിന് തുടക്കംകുറിച്ച ഈ കേരളപുത്രന്‍െറ ഓര്‍മയെ പുനരുജ്ജീവിപ്പിക്കാന്‍ മുന്‍കൈയെടുക്കണം: നമ്മുടെ ഭാഷാസ്നേഹത്തിന്‍െറ നേര്‍ക്കുള്ള ഒരു വെല്ലുവിളിയാണ് റമ്പാനോടുള്ള അവഗണന.
http://www.madhyamam.com/news/193796/121003
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക