Image

ഉന്മാദം ഒരു ജ്ഞാനസ്‌നാനമാണ്‌ (വി.ജി. തമ്പി )

Published on 02 October, 2012
ഉന്മാദം ഒരു ജ്ഞാനസ്‌നാനമാണ്‌ (വി.ജി. തമ്പി )
ഭ്രാന്തിന്റെ കൊമ്പിളകുന്ന നേരങ്ങളില്‍
ഒരു മുയലിനുപോലും നിന്നെ വേട്ടയാടാം.
പ്രാവുകള്‍ക്ക്‌ ധാന്യം പോലെ കൊത്തിപ്പറുക്കാം.
നീ പണിതീരാത്ത യേശുവാണെന്ന്‌
ഞാന്‍ പരിഹസിച്ചു
ഭ്രൂണഹത്യചെയ്യപ്പെട്ട യേശുതന്നെയോ നീ?
സ്വപ്‌നത്തിനൊപ്പം തോറ്റുനില്‍ക്കുന്നു എന്റെ പ്രിയന്‍
ഇപ്രകാരം ചില വരികളില്‍ ഒരിക്കല്‍ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ ഉന്മാദത്തിലേക്ക്‌ ഞാന്‍ നടന്നുപോയിട്ടുണ്ട്‌, ഒരു കവിതയില്‍.
നീയായിരുന്നു
ആദ്യത്തെ സൂര്യവെളിച്ചത്തിലേക്ക്‌
എന്നെ നഗ്‌നനാക്കിയത്‌


ഉന്മാദത്തെ വായിക്കാനെളുപ്പമല്ല. യുക്തിക്ക്‌ കണ്ടെത്താന്‍ കഴിയാത്ത ദുരൂഹതയുടെ വിചിത്ര ഭാവനയാണത്‌. ഇളകുന്ന ആ മനസ്സുകള്‍ ദൈവത്തെയും വായിക്കാം. യുക്തിക്കപ്പുറമുള്ള ഒരു ഭാവനാനിര്‍മ്മിതിയാണത്‌. ആന്തരികതയില്‍ സ്വയം നിശ്ചയിച്ച ലോകം. ആരാണ്‌ തന്റെ ബോധത്തെ ശരീരത്തില്‍ നിന്നും പറിച്ചെടുത്തതെന്ന്‌ ടോള്‍സ്‌റ്റോയി നിലവിളിച്ചിട്ടുണ്ട്‌. താന്‍ ജീവിക്കുന്ന ജീര്‍ണ്ണ ലോകത്തില്‍ ഭാവിയുടെ മറ്റൊരു ലോകം നിര്‍മ്മിക്കുവാനുള്ള അതിശയകരമായ സ്വാതന്ത്ര്യമാണ്‌ ഉന്മാദം. ജീര്‍ണ്ണവ്യവസ്ഥിതിയെ അതിലംഘിക്കാനുള്ള ഊര്‍ജ്ജം അതിലുണ്ട്‌. ലോകത്തില്‍ മികച്ചതെന്തെങ്കിലും ചെയ്‌തവരുടെ കണ്ണുകളിലേക്ക്‌ സൂക്ഷിച്ചുനോക്കിയാലറിയാം ഉന്മാദജലത്തിലെ തീനാമ്പുകള്‍. ലോകത്തോടുള്ള വിയോജിപ്പില്‍നിന്നാണ്‌ ഉന്മാദി തന്റെ ജീവിതത്തിന്‌ ഇന്ധനം കണ്ടെത്തുന്നത്‌.

നാം ജീവിക്കുന്ന ജീവിതത്തിന്‌ ഇത്രയും കൃത്യതയും യുക്തിയും കണിശതയും മുന്‍വിധിയും ശാഠ്യവും ആവശ്യമുണ്ടോ? അതിവേഗം ഒരു യന്ത്രമോ മൃഗമോ ആകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു കാലമല്ലേ നമ്മുടേത്‌? കെട്ടിക്കിടക്കുന്ന ഒരു അഴുക്കുതടാകം. ഒന്നു കരകവിഞ്ഞൊഴുകാന്‍ ജീവിതമെന്താണ്‌ മടിക്കുന്നത്‌. പലപ്പോഴും പറയാന്‍ തോന്നിയിട്ടുണ്ട്‌, നിനക്ക്‌ ഒന്നിന്റേയും കുറവില്ല. ശകലം കിറുക്കിന്റെ ഒഴികെ. നടന്നുതേഞ്ഞ നിരപ്പായ വഴികളില്‍ ആഴവും ആനന്ദവും നിറയണമെങ്കില്‍ ഒരു തുള്ളി കിറുക്ക്‌ മനസ്സില്‍ സൂക്ഷിക്കേണ്ടിവരും. സ്വയം നിര്‍മ്മിച്ച ആന്തരലോകത്തിന്റെ ആനന്ദവും സ്വാതന്ത്ര്യവും ഉന്മാദികളേറെ അനുഭവിക്കാറുണ്ട്‌. അക്കൂട്ടത്തില്‍ ബുദ്ധനെയോ ക്രിസ്‌തുവിനെയോ നബിയേയോ നാരായണഗുരുവിനെയോ മഹാപ്രതിഭാശാലികളായ കലാകാര
ന്മാരെയോ കണ്ടെത്തുവാന്‍ പ്രയാസമുണ്ടാകില്ല. ഈശ്വരന്‍ തന്നെ ഒരര്‍ത്ഥത്തില്‍ ഉന്മാദജമല്ലേ?
ഭ്രാന്തനെ അനാഥനായി കാണുവാനാണ്‌ നമുക്കിഷ്ടം. അനാവശ്യമായ കടലാസുപോലെ ചുരുട്ടി വലിച്ചെറിയുന്നു. പക്ഷേ ദയാദീപ്‌തമായ ഒരു നോട്ടത്താല്‍ അയാളെ കൂട്ടിവായിക്കാന്‍ നമുക്ക്‌ ക്ഷമയുണ്ടാകുമെങ്കില്‍.

സര്‍വ്വതും ആദ്യം കാണുന്ന ഒരാളെപോലെയാണ്‌ ഞാന്‍ ലോകത്തെ നോക്കുന്നതെന്ന്‌ ഫ്രാന്‍സീസ്‌ അസ്സീസി. അയാളും കൂട്ടുകാരും ദൈവത്തിന്റെ കിറുക്ക!ാരായി എട്ടു നൂറ്റാണ്ടുമുമ്പേ ജീവിച്ച ഇറ്റലിയിലെ അസ്സീസി പട്ടണത്തില്‍ പോയിരുന്നു. ദിവ്യമായ ഉന്മാദംകൊണ്ട്‌ പാട്ടും നൃത്തവുമായി നടന്ന അവര്‍ ലോകത്തെ തന്നെ മാറ്റിപ്പണിയുവാന്‍ ഉന്മാദത്തില്‍ വീണ്ടും ജനിക്കുകയായിരുന്നു. കിറുക്ക!ാരുടെ ആ താഴ്‌വര മനുഷ്യരാശിയെ അനശ്വരമായ സൂര്യകീര്‍ത്തനം കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നു.

ഉന്മാദത്തിലൊരു ജ്ഞാനസ്‌നാനമുണ്ട്‌. ദിവ്യമായ ഉന്മാദമാണ്‌ സര്‍ഗ്ഗാത്മകത എന്ന്‌ പ്‌ളാറ്റോ. ലോകത്തില്‍ മഹത്തായതെല്ലാം സൃഷ്ടിച്ചത്‌ മനോരോഗികളായിരുന്നുവെന്ന്‌ മാര്‍സര്‍ പ്രൂസ്‌റ്റോ. കിറുക്കിന്റെ അംശമില്ലാത്തവന്‍ പ്രതിഭാശാലിയാകില്ലെന്ന്‌ അരിസ്‌റ്റോട്ടില്‍. കവിയും കാമുകനും ഭ്രാന്തനും ഒരേ ജീവതാളത്തിലാണെന്ന്‌ ഷേക്‌സ്‌പിയര്‍. മൗലികതയുള്ള സമൂഹശില്‌പികളെ തടവിലാക്കാന്‍ സമൂഹം ചാര്‍ത്തുന്ന മുദ്രയാണ്‌ ഭ്രാന്തെന്ന്‌ മിഷേല്‍ ഫൂക്കോ. നാഗരികതയുടെ ചരിത്രം ഭ്രാന്ത!ാര്‍ നിര്‍മ്മിച്ച ചരിത്രമാണെന്ന്‌ വിപുലമായ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

സമൂഹത്തിന്റെ യാഥാസ്ഥിതിക രൂപങ്ങളോട്‌ വഴങ്ങാതെ സ്വതന്ത്രരായി കലഹിക്കുന്നവര്‍ക്കുള്ള തടവറയാണ്‌ ഇന്നത്തെ ഭ്രാന്താശുപത്രികള്‍. ജയിലിന്റെ അതേ വാസ്‌തുഘടന. താന്‍ ജീവിക്കുന്ന ലോകം തെറ്റാണെന്നും അത്‌ വിരസവും വിരൂപവുമാണെന്നും തോന്നുന്ന നിമിഷത്തില്‍ ഒരാള്‍ക്കുള്ളില്‍ ഭ്രാന്തിന്റെ വെളുത്ത പൂക്കള്‍ വിരിയും. മിസ്റ്റിക്കുകളിലും കലാകാര!ാരിലും സ്വാതന്ത്ര്യാന്വേഷികളിലും ഉന്മാദത്തിന്റെ ആത്മപ്രഭയുണ്ട്‌.

സാധാരണ മനുഷ്യനെ അസാധാരണനാക്കുന്നത്‌ സത്യത്തില്‍ അയാള്‍ക്കുള്ളിലെ ഉന്മാദം തന്നെയാണ്‌. ജൈവചോദനകളെയും പ്രചോദനങ്ങളെയും വെട്ടിനിരത്താന്‍ സമൂഹത്തിന്‌ അതിന്റേതായ അളവുകളും ഉപകരണങ്ങളും ഉണ്ട്‌. ഭ്രാന്ത്‌ ഒരു രോഗാവസ്ഥയായി ക്രൂരമായി, മനുഷ്യത്വരഹിതമായി ചികിത്സിക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌. ഈ ലോകത്തില്‍ അനീതികളെ ജയിക്കാനും അസത്യത്തെ തോല്‍പ്പിക്കാനുമുള്ള വിശേഷമായൊരു മാര്‍ഗ്ഗമായിട്ടാണ്‌ ഉന്മാദത്തെ കണ്ടെത്തേണ്ടത്‌. ഭ്രാന്ത്‌ അയാള്‍ക്ക്‌ ഒരു പ്രച്ഛന്നവേഷമാണ്‌. സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യത്തിന്റെ സാധ്യതയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക