Image

ആറന്മുള വിമാനത്താവളം: അധിക ഭൂമി തിരിച്ചുപിടിക്കുന്നു

Published on 30 September, 2012
ആറന്മുള വിമാനത്താവളം: അധിക ഭൂമി തിരിച്ചുപിടിക്കുന്നു
പത്തനംതിട്ട: ആറന്മുള വിമാനത്താവളം പദ്ധതിയുടെ ഉപജ്ഞാതാവും മൗണ്‌ട്‌ സിയോണ്‍ സ്ഥാപനങ്ങളുടെ മാനേജിംഗ്‌ ഡയറക്ടറുമായിരുന്ന ഏബ്രഹാം കലമണ്ണില്‍ കെജിഎസ്‌ ഗ്രൂപ്പിനു കൈമാറിയ ഭൂമി ഉള്‍പ്പെടെയുള്ളവയാണ്‌ തിരികെപിടിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിരിക്കുന്നത്‌.  സെപ്‌റ്റംബര്‍ 20നാണ്‌ കോഴഞ്ചേരി താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡ്‌ നേരത്തെ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വസ്‌തുവിന്റെ ഉടമയായിരുന്ന ഏബ്രഹാം കലമണ്ണിലിനു നോട്ടീസ്‌ നല്‌കിയത്‌. 326.18 ഏക്കര്‍ ഭൂമി തിരികെപിടിക്കാനുള്ള നോട്ടീസാണ്‌ ബോര്‍ഡ്‌ നല്‌കിയിരിക്കുന്നത്‌. വ്യക്തി എന്ന നിലയില്‍ ഏബ്രഹാം കലമണ്ണിലിനു കൈവശം വയ്‌ക്കാന്‍ കഴിയുന്ന 15 ഏക്കറും, മൗണ്‌ട്‌ സിയോണ്‍ കോളജിന്റെ പേരില്‍ ഇദ്ദേഹം വാങ്ങിയിട്ടുള്ള 8.09 ഹെക്ടറും ഒഴിവാക്കിയുള്ള സ്ഥലമാണ്‌ നിര്‍ദിഷ്ട വിമാനത്താവളം ഭൂമിയില്‍ നിന്നും തിരികെ പിടിക്കാനുള്ള നോട്ടീസ്‌ നല്‌കിയിരിക്കുന്നത്‌.

വിമാനത്താവളം ആവശ്യത്തിനായി 147.57 ഹെക്ടര്‍ ഭൂമിയാണ്‌ ഏബ്രഹാം കലമണ്ണില്‍ സ്വന്തമാക്കിയിരുന്നത്‌. പിന്നീട്‌ ഇദ്ദേഹം ഇതു കെജിഎസ്‌ ഗ്രൂപ്പിനു കൈമാറി. കൈമാറ്റം സംബന്ധിച്ചു കോടതിയില്‍ കേസു നിലനില്‍ക്കുകയുമാണ്‌. വസ്‌തുവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനു കോടതിയുടെ വിലക്കും നിലവിലുണ്‌ട്‌. ഇപ്പോള്‍ വസ്‌തു നിയമവിരുദ്ധമായി ആധാരം നടത്തിയതാണെന്നു ലാന്‍ഡ്‌ ബോര്‍ഡ്‌ കണെ്‌ടത്തിയിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ യാതൊന്നും നടപ്പാക്കാനാകില്ല.

കോഴഞ്ചേരി താലൂക്കിലെ മല്ലപ്പുഴശേരി, ആറന്മുള, കിടങ്ങന്നൂര്‍ വില്ലേജുകളിലായാണ്‌ നിര്‍ദിഷ്ട വിമാനത്താവളത്തിനു ഭൂമി കണെ്‌ടത്തിയിരിക്കുന്നത്‌. കേരള ഭൂസംരക്ഷണ നിയമം മറികടന്നതായി കണെ്‌ടത്തിയതിനെത്തുടര്‍ന്ന്‌ ആറന്മുളയിലെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിനു ശിപാര്‍ശ നല്‌കിയിരുന്നു. ഇതിനെല്ലാമിടയിലും വിമാനത്താവളം നിര്‍മാണത്തിനാവശ്യമായ അനുമതികളും മറ്റും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു കെജിഎസ്‌ ഗ്രൂപ്പ്‌ നേടുകയും ചെയ്‌തു. ഏബ്രഹാം കലമണ്ണിലിന്റെ ഉടമസ്ഥാവകാശത്തിലുണ്‌ടായിരുന്ന വസ്‌തു കെജിഎസ്‌ ഗ്രൂപ്പ്‌ വിലയാധാരമായി വാങ്ങിയെങ്കിലും ഇതു പോക്കുവരവ്‌ നടത്താന്‍ നിയമപ്രശ്‌നങ്ങളുണ്‌ടായിരുന്നു. ഇതു മറികടന്ന്‌ 232 ഏക്കര്‍ ഭൂമി പോക്കുവരവ്‌ നടത്തിയിട്ടുണെ്‌ടന്നാണ്‌ കമ്പനിയുടെ അവകാശവാദം. എന്നാല്‍ മല്ലപ്പുഴശേരി വില്ലേജില്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ പോക്കുവരവ്‌ ചെയ്‌തിരിക്കുന്നത്‌ ഏക്കറാണെന്ന്‌ ഓഫീസില്‍ നിന്നു രണ്‌ടുമാസം മുമ്പുലഭിച്ച വിവരാവകാശരേഖയില്‍ പറയുന്നു. ഏബ്രഹാം കലമണ്ണില്‍ വാങ്ങിയ പാടം നികത്തിയതു സംബന്ധിച്ചു കേസ്‌ നിലനില്‍ക്കുകയാണ്‌. ഇത്തരത്തില്‍ കേസുള്ള ഭൂമി പോക്കുവരവ്‌ നടത്തുന്നതിനു റവന്യൂവകുപ്പ്‌ തയാറായിരുന്നില്ല.

കെജിഎസ്‌ കമ്പനി നല്‌കിയ വാഗ്‌ദാനങ്ങളില്‍ നിന്നും വസ്‌തുവിനു കരാര്‍ പ്രകാരമുള്ള തുക നല്‌കുന്നതില്‍ നിന്നും പിന്നോക്കം പോയതായി ആരോപിച്ചും ഏബ്രഹാം കലമണ്ണില്‍ കേസു നല്‌കിയിട്ടുണ്‌ട്‌. ഇതിനിടയിലാണ്‌ അനുവദനീയമായതിലും അധികം ഭൂമി കൈവശംവച്ചുവെന്ന കേസ്‌ ഇപ്പോള്‍ ഉണ്‌ടായിരിക്കുന്നത്‌. ഇതോടെ വീണ്ടും ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക