Image

സഖ്യത്തിനായി കോണ്‍ഗ്രസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ സമീപിക്കില്ല: ആന്ധ്രാ മുഖ്യമന്ത്രി

Published on 30 September, 2012
സഖ്യത്തിനായി കോണ്‍ഗ്രസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ സമീപിക്കില്ല: ആന്ധ്രാ മുഖ്യമന്ത്രി
വിജയവാഡ: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സഖ്യത്തിനായി കോണ്‍ഗ്രസ് ജഗന്‍മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ഒരിക്കലും സമീപിക്കില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി പറഞ്ഞു. സഖ്യത്തിനായി ജഗന്‍ മോഹനാണ് കോണ്‍ഗ്രസിനെ സമീപിക്കേണ്ടതെന്നും അദ്ദേഹം ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസ് ആരെയും എടുക്കാറോ പുറംതള്ളാറോ ഇല്ല. കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെന്നും റെഡ്ഡി പറഞ്ഞു. ജഗന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമോയെന്ന ആര്‍ത്തിച്ചുള്ള ചോദ്യത്തിന് എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഏതെങ്കിലുമൊരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നത് എന്ന് റെഡ്ഡി മറുപടി നല്‍കി. മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയുടെ  മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗവും മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ അറസ്റ്റു ചെയ്തതും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതായും റെഡ്ഡി ചൂണ്ടിക്കാട്ടി. 

2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിയെത്തുമെന്നും റെഡ്ഡി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക