Image

തേക്കടിദുരന്തത്തിന് ഇന്ന് മൂന്നാണ്ട്; കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ ഇപ്പോഴും

Published on 30 September, 2012
തേക്കടിദുരന്തത്തിന് ഇന്ന് മൂന്നാണ്ട്; കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ ഇപ്പോഴും
കുമളി: തേക്കടി തടാകത്തില്‍ ഹോമിക്കപ്പെട്ട നാല്പത്തിയാറ് ജീവനുകളുടെ ഓര്‍മ പുതുക്കിക്കൊണ്ട് തേക്കടി ബോട്ടുദുരന്തത്തിന് മൂന്നാണ്ട്.

2009 സപ്തംബര്‍ 30ന് വൈകുന്നേരം 4ന് തേക്കടി തടാകത്തില്‍ അവസാന ട്രിപ്പ് നടത്തിയ 'ജലകന്യക' എന്ന കെ.ടി.ഡി.സി. ബോട്ട് ഇടപ്പാളയത്തിനു സമീപത്തെ വളവില്‍ മറിഞ്ഞാണ് വിനോദസഞ്ചാരികളായ 46 പേരുടെ ജീവന്‍ പൊലിഞ്ഞത്.

അശാസ്ത്രീയമായി നിര്‍മിച്ച ഫൈബര്‍ ബോട്ടില്‍ കയറ്റാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളെ കയറ്റിക്കൊണ്ടുപോകവെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.

ദുരന്തത്തിനുശേഷം തേക്കടി തടാകത്തിലെ ബോട്ടുയാത്രയ്ക്ക് കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ ഇപ്പോഴും സര്‍വീസ് തുടരുന്നുണ്ട്. ദുരന്തത്തെക്കുറിച്ചുള്ള െ്രെകംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ മുടങ്ങുകയും ചെയ്തു.

കാലഹരണപ്പെട്ട ബോട്ടുകള്‍ നീക്കി ആധുനിക ബോട്ടുകള്‍ ഓടിക്കാന്‍ കെ.ടി.ഡി.സി.യും വനംവകുപ്പും തീരുമാനിച്ചിരുന്നെങ്കിലും അതൊന്നും നടപ്പായില്ലെന്നുമാത്രം. തേക്കടി തടാകത്തിലെ ബോട്ടുയാത്രയുടെ സമയം ഒന്നര മണിക്കൂറായി കുറച്ചായിരുന്നു അപകടഭീഷണി നേരിടാന്‍ ഇരു വകുപ്പുകളും തീരുമാനിച്ചത്.

ദുരന്തത്തിനുശേഷം തേക്കടിയിലെ എല്ലാ ബോട്ടുകളും സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കുന്നതിനൊപ്പം നിഷ്‌കര്‍ഷിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. എല്ലാ യാത്രക്കാര്‍ക്കും ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോയ്, ലൈഫ്ഗാര്‍ഡ് തുടങ്ങി സുരക്ഷയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി മാത്രമാണ് ഇപ്പോള്‍ സഞ്ചാരികളുമായി ബോട്ടുകള്‍ പുറപ്പെടുന്നത്. സംസ്ഥാന തുറമുഖവകുപ്പ് എല്ലാ വര്‍ഷവും ബോട്ടുകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുമുണ്ട്.

അപകടത്തില്‍പ്പെട്ട കെ.ടി.ഡി.സി.യുടെ ജലകന്യക ബോട്ട് ഇപ്പോഴും തേക്കടി തടാകതീരത്ത് സൂക്ഷിച്ചിരിക്കുകയാണ്. അധികൃതരുടെ അലംഭാവത്തില്‍ മുങ്ങി, ആഴങ്ങളില്‍ പൊലിഞ്ഞ മനുഷ്യരുടെ ദുരന്ത സ്മാരകംപോലെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക