Image

ബസ്‌ ചാര്‍ജ്‌: മിനിമം കൂലി 6 രൂപയാക്കും

Published on 29 September, 2012
ബസ്‌ ചാര്‍ജ്‌: മിനിമം കൂലി 6 രൂപയാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബസ്‌ യാത്രയ്‌ക്കുള്ള മിനിമം ചാര്‍ജ്‌ ആറു രൂപയാക്കി വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. സര്‍ക്കാര്‍ നിയോഗിച്ച നിരക്കുനിര്‍ണയ സമിതിയാണ്‌ ശുപാര്‍ശ സമര്‍പ്പിച്ചത്‌. വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്കും പുതിയ നിരക്കിന്‌ ആനുപാതികമായി ഉയര്‍ത്തും. 25 ശതമാനം വര്‍ധനയാണ്‌ വിദ്യാര്‍ഥി കണ്‍സഷനില്‍ നിര്‍ദേശിച്ചിട്ടുള്ളത്‌.

ഫാസ്റ്റ്‌പാസഞ്ചര്‍, എക്‌സ്‌പ്രസ്‌ ബസ്സുകളുടെ കിലോമീറ്റര്‍ നിരക്കിലും ആനുപാതിക വര്‍ധന ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. ഓര്‍ഡിനറി ബസ്സുകളില്‍ കിലോമീറ്റര്‍ നിരക്ക്‌ 55 പൈസയില്‍ നിന്ന്‌ 58 പൈസയായി വര്‍ധിപ്പിക്കാനും ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. ഫാസ്റ്റ്‌ പാസഞ്ചറില്‍ കിലോമീറ്റര്‍ നിരക്ക്‌ 57 ല്‍ നിന്ന്‌ 60 പൈസയായും സൂപ്പര്‍ ഫാസ്റ്റുകളില്‍ 60ല്‍ നിന്ന്‌ 65 ആയുമാണ്‌ വര്‍ധന നിര്‍ദേശിച്ചിട്ടുള്ളത്‌. എക്‌സ്‌പ്രസ്‌ ബസ്സുകളില്‍ കിലോമീറ്റര്‍ നിരക്ക്‌ 65ല്‍ നിന്ന്‌ 70 പൈസയായി വര്‍ധിപ്പിക്കാനും സമിതി നിര്‍ദേശിക്കുന്നു.

ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിന്‌ കൈമാറിയ ശുപാര്‍ശയില്‍ മന്ത്രിസഭയാണ്‌ അന്തിമ തീരുമാനം എടുക്കേണ്ടത്‌.

കുറഞ്ഞയാത്രാ നിരക്ക്‌ ആറു രൂപയാക്കണമെന്ന്‌ കെ. എസ്‌.ആര്‍.ടി.സിയും ഏഴു രൂപയാക്കണമെന്ന്‌ സ്വകാര്യ ബസ്സുടമകളും സമിതി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥി കണ്‍സഷനില്‍ അമ്പത്‌ ശതമാനം വര്‍ധനയാണ്‌ സ്വകാര്യ ബസ്സുടമകള്‍ ഉന്നയിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക