Image

ട്വന്റി 20: ഇംഗ്‌ളണ്ടിന് ആറു വിക്കറ്റ് ജയം

Published on 29 September, 2012
ട്വന്റി 20: ഇംഗ്‌ളണ്ടിന് ആറു വിക്കറ്റ് ജയം
പല്ലേക്കെലെ: ലൂക്ക് റൈറ്റ് തകര്‍ത്താടിയപ്പോള്‍ ഇംഗ്‌ളണ്ടും റൈറ്റ് ട്രാക്കിലായി. ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റ് സൂപ്പര്‍ എട്ടിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്‌ളണ്ട് വിജയ വഴിയിലെത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്‌ളണ്ട് ഏഴ് പന്ത് ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂപ്പര്‍ എട്ടിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ന്യൂസിലന്‍ഡ് പുറത്തേക്കുള്ള വഴിയിലാണ്. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റ ഇംഗ്‌ളണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ് ഇന്നലത്തെ ജയം.

ഇംഗ്‌ളണ്ടിന്റെ വിജയ ശില്‍പിയായ ലൂക്ക് റൈറ്റ് 43 പന്തില്‍നിന്ന് 76 റണ്‍സാണ് അടിച്ചുകൂട്ടിയത്. അഞ്ച് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്. റൈറ്റ് തന്നെയാണ് കളിയിലെ കേമനും. ബ്രേസ്വെല്‍ എറിഞ്ഞ 19ാമത്തെ ഓവറിലെ രണ്ടാം പന്തില്‍ റോസ് ടെയ്‌ലറിന് പിടികൊടുത്ത് മടങ്ങുമ്പോള്‍ ടീമിന്റെ വിജയം ഉറപ്പാക്കിയിരുന്നു അദ്ദേഹം. 31 പന്തില്‍നിന്ന് 30 റണ്‍സെടുത്ത ഇയോണ്‍ മോര്‍ഗനും 15 പന്തില്‍നിന്ന് 22 റണ്‍സെടുത്ത അലക്‌സ് ഹേല്‍സും വിജയത്തിന് പിന്തുണ നല്‍കി.

നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റീവന്‍ ഫിന്നാണ് ന്യൂസിലന്‍ഡിനെ ചെറിയ സ്‌കോറിലൊതുക്കിയത്. 33 പന്തില്‍നിന്ന് 50 റണ്‍സെടുത്ത ജയിംസ് ഫ്രാങ്ക്‌ളിനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് ഫിന്‍ ന്യൂസിലന്‍ഡിന് ആദ്യ പ്രഹരമേല്‍പിച്ചത്. ആറ് പന്തില്‍നിന്ന് അഞ്ച് റണ്‍സ് മാത്രമെടുത്ത് മാര്‍ട്ടിന്‍ ഗുപ്റ്റില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. പിന്നീടെത്തിയ ബ്രണ്ടന്‍ മക്കല്ലത്തിനും അധികം ആയുസ്സുണ്ടായില്ല. ഒരിക്കല്‍കൂടി ഫിന്‍ ആഞ്ഞടിച്ചപ്പോള്‍ മക്കല്ലം നാലാം ഓവറിലെ നാലാം പന്തില്‍ ലൂക്ക് റൈറ്റിന് പിടികൊടുത്ത് മടങ്ങി. 10 പന്തില്‍നിന്ന് 10 റണ്‍സായിരുന്നു മക്കല്ലത്തിന്റെ സംഭാവന. ഏഴാം ഓവറില്‍ റോബ് നിക്കോളിനെ ഗ്രേയം സ്വാന്‍ പുറത്താക്കി. 15 പന്തില്‍ 11 റണ്‍സാണ് നിക്കോളിന് നേടാനായത്. 23 പന്തില്‍നിന്ന് 17 റണ്‍സെടുത്ത കെയ്ന്‍ വില്യംസണിന്റെ ഊഴമായിരുന്നു അടുത്തത്. ഡാനി ബ്രിഗ്‌സിന്റെ പന്തില്‍ കീസ്വെറ്ററിന് പിടികൊടുത്താണ് വില്യംസണ്‍ മടങ്ങിയത്. വീണ്ടും പന്തെടുത്ത ഫിന്‍ ഒരിക്കല്‍കൂടി ആഞ്ഞടിച്ചപ്പോള്‍ നായകന്‍ റോസ് ടെയ്‌ലറും പുറത്ത്. 23 പന്തില്‍നിന്ന് 22 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. 50 റണ്‍സെടുത്ത ഫ്രാങ്ക്‌ളിന്‍ റണ്ണൗട്ടായാണ് തിരിച്ചുകയറിയത്.

ഇംഗ്‌ളണ്ടിന്റെ തുടക്കം മോശമായിരുന്നില്ല. മില്‍സ് എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും ടിം സൗതിയുടെ അടുത്ത ഓവറില്‍ 16 റണ്‍സ് അടിച്ചുകൂട്ടി ഇംഗ്‌ളണ്ട് പകരം വീട്ടി. ന്യൂസിലന്‍ഡിനുവേണ്ടി മില്‍സ്, ഡാനിയല്‍ വെട്ടോറി, നതാന്‍ മക്കല്ലം, ബ്രേസ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക