Image

സാധാരണക്കാരന് സുപ്രീംകോടതി അപ്രാപ്യമാകുന്നു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍

Published on 29 September, 2012
സാധാരണക്കാരന് സുപ്രീംകോടതി അപ്രാപ്യമാകുന്നു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍
കൊച്ചി: നിയമ നടപടികള്‍ക്ക് ചെലവേറുമെന്നതിനാല്‍ സാധാരണക്കാരന് സുപ്രീംകോടതി അപ്രാപ്യമാവുകയാണെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍. ഇത്തരക്കാര്‍ക്ക് സുപ്രീംകോടതിയില്‍ പോകാന്‍ ഇടവരുത്താതെ ശ്രദ്ധിച്ചുവേണം താഴെത്തട്ടിലുള്ളവര്‍ വിധി പ്രസ്താവിക്കാനെന്നും ഈ സാഹചര്യത്തില്‍ ഹൈകോടതി ജഡ്ജിമാരുടെ ഉത്തരവാദിത്തം വലുതാണെന്നും അദ്ദേഹം പറഞ്ഞു.

മൈഗ്രന്റ് ഫോറം ഏഷ്യ, കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ), നോര്‍ക്ക റൂട്ട്‌സ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പ്രവാസി ലോക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രവാസികള്‍ പലപ്പോഴും ചൂഷണത്തിന് ഇരയാവുന്നു. പ്രവാസികളെ സംരക്ഷിക്കുകയെന്നത് വലിയ കടമയാണ്. വിദേശരാജ്യങ്ങളില്‍ കോണ്‍സുലേറ്റുകളിലും മറ്റും ഇതിന് കൂടുതല്‍ സൗകര്യം ഒരുക്കണം. കേരളത്തിലെ പ്രവാസികള്‍ക്ക് ഇവിടെ പ്രത്യേക സംവിധാനവും ഉണ്ടാക്കണം. പലപ്പോഴും കോണ്‍സുലേറ്റുകള്‍ ഓഫിസ് മാത്രമായി ചുരുങ്ങുന്നുണ്ട്. ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്തുസഹായവും നല്‍കാന്‍ ഒരുക്കമാണ്.

എന്നാല്‍, പലപ്പോഴും പ്രവാസികള്‍ തട്ടിപ്പുകളിലും മറ്റും പെട്ട് എല്ലാം നശിച്ചുകഴിഞ്ഞാണ് ഇവിടെ എത്താറുള്ളതെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മൈഗ്രന്റ് ഫോറം ഇന്ത്യ സ്‌റ്റേറ്റ് കോ ഓഡിനേറ്റര്‍ സിസ്റ്റര്‍ സാലി മൈക്കിള്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജഡ്ജിയും കെല്‍സ മെംബര്‍ സെക്രട്ടറിയുമായ പി. മോഹന്‍ദാസ്, മുന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ്, അഡ്വ. തമ്പാന്‍ തോമസ്, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ് സ്റ്റഡീസ് പ്രതിനിധി റഫീഖ് റാവുത്തര്‍, നോര്‍ക്ക റൂട്ട്‌സ് എറണാകുളം എച്ച്.എ.ഒ എ.ജെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക