Image

തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ അക്ഷരസദസ്‌ സംഘടിപ്പിച്ചു

Published on 29 September, 2012
തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ അക്ഷരസദസ്‌ സംഘടിപ്പിച്ചു
ഷാര്‍ജ: അക്ഷര വൈരികള്‍ക്കിടയില്‍ അക്ഷര സ്‌നേഹികളുടെ കൂട്ടായ്‌മ പടുത്തുയര്‍ത്താന്‍ ഗള്‍ഫ്‌ മലയാളികള്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഖനീയമാണെന്ന്‌ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായി. തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച അക്ഷരസദസ്‌ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മീഭായി. വിശ്വസംസ്‌കൃതിയുടെ ഉദാത്തമായ ദര്‍ശനങ്ങള്‍ പരിപോഷിപ്പിക്കാന്‍ 64 ശാസ്‌ത്രങ്ങള്‍ പഠിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ കാന്തല്ലൂര്‍ പാഠശാലക്ക്‌ രൂപം കൊടുത്തത്‌ തിരുവിതാംകൂര്‍ രാജവംശമാണ്‌.

അര്‍ഥശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, വേദശാസ്‌ത്രം, ആയോധനകലകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ആചാര്യന്മാര്‍ കാന്തല്ലൂര്‍ പാഠശാലയെ ധന്യമാക്കി. രാജ്യനന്മക്കായി ഒട്ടനവധി പാഠശാലകള്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം പാഠശാലകളില്‍നിന്നാണ്‌ സര്‍വകലാശാല സങ്കല്‍പ്പം രൂപം കൊണ്‌ടത്‌. തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ തിരുമനസ്‌ സ്ഥാപിച്ച തിരുവിതാംകൂര്‍ സര്‍വകലാശാലയാണ്‌ ഇന്നത്തെ കേരള യൂണിവേഴ്‌സിറ്റി.

തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ്‌ ഇടിക്കുള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രവാസ ലോകത്ത്‌ അക്ഷര സ്‌നേഹികളുടെ കൂട്ടായ്‌മ പടുത്തുയര്‍ത്തിയ കെ.എ ജബാരിക്ക്‌ അക്ഷരസ്‌നേഹ പുരസ്‌കാരം നല്‍കി ആദരിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ. വൈ.എ. റഹീം, കെ. ബാലകൃഷ്‌ണന്‍, സലിം മുഹമ്മദ്‌, ബഷീര്‍ തൃക്കോടി, ജി. ശ്രീകുമാര്‍, ടി.വി. ബാലചന്ദ്രന്‍, രാജീവ്‌ കുമാര്‍, എം. ഹരി, സലീം അയ്യനേത്ത്‌, ടോമി എന്നിവര്‍ പ്രസംഗിച്ചു.

പ്രവാസി എഴുത്തുകാരി ഷീല പോള്‍, ഐഎംഎഫ്‌ വൈസ്‌ പ്രസിഡന്റ്‌ വി.എം. സതീഷ്‌, ഡോ. മുഹമ്മദ്‌ ഇസ്‌മയില്‍ നജീബ്‌, മുഹമ്മദാലി പുന്നയ്‌ക്കല്‍, രാജന്‍ കോളാവിപ്പാലം, ചന്ദ്രന്‍ എന്നിവര്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി.
തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ അക്ഷരസദസ്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക