Image

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: പരിസ്ഥിതി മന്ത്രി

Published on 29 September, 2012
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: പരിസ്ഥിതി മന്ത്രി
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് നിലപാടെന്ന് കേന്ദ്ര വനംപരിസ്ഥിതിമന്ത്രി ജയന്തി നടരാജന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന് നിരോധനം വേണ്ടെന്ന കൃഷിമന്ത്രാലയത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന് എതിരാണ്. വിഷയം മന്ത്രിസഭയ്ക്കുമുമ്പില്‍ വരുമ്പോള്‍ നിലപാട് വ്യക്തമാക്കും. മന്ത്രിസഭയുടെ തീരുമാനമാണ് രാജ്യത്തിന്റെ തീരുമാനമാവുക ജയന്തി നടരാജന്‍ പറഞ്ഞു. നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചില്ല. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനത്തിലും വിപണനത്തിലും ഉപയോഗത്തിലും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് കേന്ദ്രം കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കേരളവും കര്‍ണാടകവും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നും അവശേഷിക്കുന്ന അസംസ്‌കൃതവസ്തുക്കളില്‍ ഉല്‍പ്പാദനം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാന്‍ 1245 കോടി രൂപ ചെലവുവരുമെന്നാണ് കണക്ക്. ഇതൊഴിവാക്കാന്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്‍ഡോസള്‍ഫാന്‍ സുപ്രീംകോടതിയുടെ പരിസ്ഥിതിബെഞ്ചിലേക്ക് പോകുമെന്ന സൂചനകള്‍ക്കിടയിലാണ് പരിസ്ഥിതിമന്ത്രാലയം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേസ് അടുത്തമാസം ഒമ്പതിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍ വ്യത്യസ്ത നിലപാടുകളുമായി രംഗത്തുവന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക