Image

ഓസീസ് ഇന്ത്യയെ തകര്‍ത്തു

Published on 29 September, 2012
ഓസീസ് ഇന്ത്യയെ തകര്‍ത്തു
കൊളംബോ: അഞ്ചുബൗളര്‍മാരെ എടുത്ത് വിരേന്ദര്‍ സെവാഗിനെ കളിപ്പിക്കാതിരിക്കാനുള്ള മഹേന്ദ്രസിംഗ് ധോണിയുടെ തീരുമാനത്തിന് കനത്ത തിരിച്ചടി. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യക്ക് ഒമ്പതുവിക്കറ്റ് പരാജയം. ടോസ് നേടി ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യയെ ഓസീസ് 20 ഓവറില്‍ ഏഴുവിക്കറ്റിന് 140 റണ്‍സിലൊതുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 31 പന്തുകള്‍ ശേഷിക്കേ ഒരുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. ബൗളിംഗിലും(മൂന്നുവിക്കറ്റ്) ബാറ്റിംഗിലും(42 പന്തില്‍ 72) ഒരുപോലെ തിളങ്ങിയ ഷെയ്ന്‍ വാട്‌സനാണ് മാന്‍ ഓഫ് ദ മാച്ച്. ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ 63 റണ്‍സെടുത്തു.

അടുത്ത രണ്ടു മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇനി ഇന്ത്യക്ക് സെമി സാധ്യതയുള്ളൂ. വിരേന്ദര്‍ സെവാഗിനെ ഒഴിവാക്കിക്കൊണ്ട് ഒരിക്കല്‍ക്കൂടി ഇര്‍ഫാന്‍ പഠാനെ മഹേന്ദ്രസിംഗ് ധോണി ഗൗതം ഗംഭീറിനൊപ്പം ഓപ്പണിംഗിനു നിയോഗിച്ചു. സെവാഗിനെപ്പോലെ പരിചയസമ്പന്നനായ ഒരാളെ ഒഴിവാക്കിയതിന്റെ ദോഷം തുടക്കംമുതല്‍ ഇന്ത്യന്‍ ബാറ്റിംഗിനെ ബാധിച്ചു. വലിയ കുഴപ്പമില്ലാതെ തുടങ്ങിയ ഗംഭീറും പഠാനും പക്ഷേ, അനിവാര്യമായ പുറത്താകലില്‍ കാര്യങ്ങള്‍ കൊണെ്ടത്തിച്ചു. ഗംഭീറായിരുന്നു ആദ്യം പുറത്തായത്. ഇല്ലാത്ത റണ്ണിനോടിയ ഗംഭീര്‍ റണ്ണൗട്ടാകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 3 ഓവറില്‍ 21 എന്ന നിലയിലായിരുന്നു.എന്നാല്‍, ഒരിക്കല്‍ക്കൂടി വിരാട് കോഹ്്‌ലിയുടെ ചുമലിലേറി ഇന്ത്യ രക്ഷപ്പെടുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, എല്ലായ്‌പ്പോഴും കോഹ്്‌ലി രക്ഷയ്‌ക്കെത്തണമെന്നില്ലല്ലോ. അത് ഇവിടെയും സംഭവിച്ചു. രണ്ടാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം കോഹ്്‌ലി 15 റണ്‍സുമായി മടങ്ങി. കമിന്‍സിന്റെ പന്തില്‍ ഡാനിയേല്‍ ക്രിസ്റ്റിന്‍ പിടിച്ചാണ് കോഹ്്‌ലി മടങ്ങിയത്. പിന്നാലെയെത്തിയ യുവ് രാജ് സിംഗും(8) കാര്യമായൊന്നും ചെയ്യാതെ മടങ്ങി. വാട്‌സനു വിക്കറ്റ്. പിന്നീട് വിക്കറ്റ് വീഴ്ചയുടെ കാഴ്ചയ്ക്ക് പ്രേമദാസയില്‍ ഒരു കുറവും വന്നില്ല. പഠാനും(31) രോഹിത് ശര്‍മയും(1)നായകന്‍ ധോണിയും(15) ക്രീസില്‍ അധികനേരം ചെലവഴിക്കാതെ വന്നവഴിക്കു പോയി. 21 പന്തില്‍ നിന്നാണ് ധോണി 15 റണ്‍സ് നേടിയത്. ധോണി പുറത്തായ ഉടനെ ഫേസ്ബുക്കില്‍ വന്ന ഒരു കമന്റ് ഇവിടെ പ്രസക്തമാണ്-

75 ശതമാനം ഫിറ്റായ യുവ് രാജ് സിംഗിനേക്കാളും മോശമാണ് ഓസീസിനെതിരേ മികച്ച റിക്കാര്‍ഡുള്ള വിരേന്ദര്‍ സെവാഗെന്നു കരുതുന്ന ഈ പുംഗവനെയാണ് മികച്ച ക്യാപ്റ്റന്‍ എന്നും സില്ലി മിഡോഫിലെ ഫീല്‍ഡറുടെ കൈയില്‍ പന്തടിച്ചു കൊടുത്തിട്ട് പോരുമ്പോള്‍ മുഖത്തുവിടരുന്ന വികാരരാഹിത്യത്തെയാണ് കൂള്‍നെസ് എന്നും വിളിക്കുന്നതെങ്കില്‍ പറഞ്ഞിട്ടെന്തുകാര്യം.അവസാന ഓവറുകളില്‍ അശ്വിനും (12 പന്തില്‍ 16) സുരേഷ് റെയ്‌നയും(26) കൂടി പരാജയപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ത്യയുടെ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു.എന്റെ ജീവിതത്തില്‍ ടീം സെലക്്ഷനില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയ അവസരം എന്നാണ് ധോണി മത്സരത്തിനു മുമ്പ് പ്രതികരിച്ചത് ഈ ടീമിനെ തെരഞ്ഞെടുക്കാനാണോ എത്രയും ബുദ്ധിമുട്ടിയത് എന്ന മറുചോദ്യത്തിന് ഈയവസരത്തിലെങ്കിലും ധോണിക്ക് ഉത്തരമുണ്ടാകില്ല. ഓസീസിനുവേണ്ടി മൂന്നുവിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ വാട്‌സന്‍ ഒരിക്കല്‍ക്കൂടി തിളങ്ങി. പാറ്റ് കമിന്‍സ് നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനെതിരേ അഞ്ചു ബൗളര്‍മാരുമായി ഇറങ്ങിയ ധോണിയുടെ ഇന്ത്യക്ക് ഒന്നും ചെയ്യാനായില്ല. തുടക്കത്തില്‍ ഒരു മഴപെയ്‌തെങ്കിലും വേഗത്തില്‍ അതുമാറി. ഓസീസിന്റെ ഉജ്വല പ്രകടനത്തിന് വിഘാതമാകരുത് എന്നു മഴയ്ക്കും തോന്നിയിട്ടുണ്ടാകാം.

ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സനും ഡേവിഡ് വാര്‍ണറും ഒന്നിനൊന്നു മികച്ച ഷോട്ടുകള്‍ പായിച്ചു. ധോണിയാകട്ടെ ബൗളര്‍മാരെ മാറിമാറി പ്രയോഗിച്ചുവെങ്കിലും റണ്ണൊഴുക്കിനു യാതൊരു കുറവുമുണ്ടായില്ല. അഞ്ചു ബൗളര്‍മാരെകൂടാതെ രണ്ട് പാര്‍ട് ടൈം ബൗളര്‍മാരെയും ധോണി ഉപയോഗിച്ചു. മത്സരത്തിന്റെ ഒരവസരത്തില്‍പ്പോലും ഓസീസ് താരങ്ങള്‍ക്കു വെല്ലുവിളിയാകാന്‍ നമ്മുടെ ബൗളര്‍മാര്‍ക്കായില്ല. വിജയത്തോടടുത്തുനില്ക്കുമ്പോള്‍ വാട്‌സന്‍ പുറത്തായതുമാത്രമാണ് അവരുടെ വിഷമം. യുവ് രാജ് സിംഗിനായിരുന്നു വിക്കറ്റ്.
സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ: ഗംഭീര്‍ റണ്‍ ഔട്ട് കമ്മിന്‍സ് 17, പഠാന്‍ സി വൈറ്റ് ബി വാട്‌സന്‍ 31, കോഹ്‌ലി സി ക്രിസ്റ്റ്യന്‍ ബി കമ്മിന്‍സ് 15, യുവരാജ് സി മാക്‌സ്‌വെല്‍ ബി വാട്‌സന്‍ 8, രോഹിത് ശര്‍മ ബി സ്റ്റാര്‍ക് 1, റെയ്‌ന സി മാക്‌സ്‌വെല്‍ ബി വാട്‌സന്‍ 26, ധോണി സി ബെയ്‌ലി ബി കമ്മിന്‍സ് 15, അശ്വിന്‍ നോട്ടൗട്ട് 16, ഹര്‍ഭജന്‍ നോട്ടൗട്ട് 1. എക്‌സ്ട്രാസ് 10, ആകെ ഏഴ് വിക്കറ്റിന് 20 ഓവറില്‍ 140.
ബൗളിംഗ്:മാക്‌സ്‌വെല്‍ 2-0-11-0, സ്റ്റാര്‍ക് 4-0-27-1, കമ്മിന്‍സ് 4-0-16-2, വാട്‌സന്‍ 4-0-34-3, ക്രിസ്റ്റ്യന്‍ 2-0-19-0, ഹോഗ് 4-0-29-0
ഓസ്‌ട്രേലിയ: വാട്‌സന്‍ ബി തിവാരി (സബ്) ബി യുവരാജ് 72, വാര്‍ണര്‍ നോട്ടൗട്ട് 56, മാക്‌സ്‌വെല്‍. എക്‌സ്ട്രാസ് 2, ആകെ ഒരു വിക്കറ്റിന് 14.5 ഓവറില്‍ 141.
ബൗളിംഗ്: അശ്വിന്‍ 3.5-0-32-0, സഹീര്‍ 3-0-18-0, ഹര്‍ഭജന്‍ 2-0-20-0, പീയൂഷ് 1-0-14-0, പഠാന്‍ 1-0-19-0, കോഹ്‌ലി 1-0-10-0, യുവരാജ് 2-0-16-1, രോഹിത് 1-0-12-0



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക